/sathyam/media/media_files/2025/02/05/bXK0f05UO4ExYV6lbt69.jpg)
തിരുവനന്തപുരം: അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് മോട്ടോർ വാഹനവകുപ്പെന്ന് വിജിലൻസ്. വകുപ്പിലെ എല്ലാ തട്ടിലും അഴിമതിയുടെ വിളയാട്ടമാണ്.
ഓപ്പറേഷൻ 'ക്ലീൻ വീൽസ്' എന്ന പേരിൽ സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വമ്പൻ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
അഴിമതിക്കാരായ 112 ഉദ്യോഗസ്ഥർക്കെതിരേ നടപടിക്ക് ശുപാർശ ചെയ്യും.
അഴിമതിയോട് സന്ധിയില്ല എന്ന നയവുമായി സർക്കാർ മുന്നോട്ടു പോകവേ, ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു വകുപ്പ് അഴിമതിക്കളമായിട്ടും ശക്തമായ നടപടികളുണ്ടാവുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
അഴിമതിക്കാർക്കെതിരേ വിജിലൻസ് ശുപാർശ അംഗീകരിച്ച് സർക്കാർ എന്ത് നടപടിയെടുക്കുമെന്നാണ് ഇനി അറിയേണ്ടത്.
സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന് കീഴിലെ ആർ.ടി., എസ്.ആർ.ടി ഓഫീസുകളിൽ വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായുള്ള വിവരത്തെ തുടർന്നായിരുന്നു വിജിലൻസ് റെയ്ഡുകൾ.
ഗൂഗിൾ പേയിലൂടെയായിരുന്നു മിക്കയിടത്തും കോഴയിടപാടുകൾ. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിനായി എത്തിയ 11 ഏജന്റുമാരിൽ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു.
വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പരിശോധിച്ചതിൽ 21 ഉദ്യോഗസ്ഥർ വിവിധ ഏജന്റുമാരിൽ നിന്ന് 7,84,598 രൂപ കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു.
ഇതേത്തുടർന്ന് ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ ഉൾപ്പെടെ ശേഖരിച്ച് വിശദപരിശോധന നടത്തി.
ഉദ്യോഗസ്ഥർ ഏജന്റുമാരിൽ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യു.പി.ഐ മുഖേന വ്യാപകമായി കൈക്കൂലിയായി പണം സ്വീകരിച്ചിരുന്നുവെന്ന് കണ്ടെത്തി.
മോട്ടോർ വാഹന ഉദ്യോഗസ്ഥർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്കും ഏജന്റുമാർക്കും അനധികൃതമായി സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നുവെന്നും ഇതിന് പ്രതിഫലമായാണ് ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിവിധ ആർ.ടി./എസ്.ആർ.ടി ഓഫീസുകളിലെ 112 ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ വിജിലൻസ് ചെയ്യുന്നത്.
ഇതിൽ 72 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും, ഗുരുതരമായ ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയ 40 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിന്റെ തുടരന്വേഷണങ്ങൾക്കുമാണ് ശുപാർശ.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും തമ്മിൽ അനധികൃത ബന്ധം നിലനിന്നിരുന്നതിലേക്കുള്ള തെളിവുകൾ വിജിലൻസ് കണ്ടെത്തി.
ഉദ്യോഗസ്ഥർ അപേക്ഷകരുടെ വിവരങ്ങൾ ഏജന്റുമാർക്കും, ഏജന്റുമാർ തങ്ങളിലൂടെ അപേക്ഷ സമർപ്പിച്ചവരുടെയും, ഡ്രൈവിംഗ് സ്‌കൂളുകളിലൂടെ ടെസ്റ്റ് അറ്റൻഡ് ചെയ്തവരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർക്കും സ്ഥിരമായി വാട്ട്സ്അപ്പ്/ടെലിഗ്രാം എന്നിവകളിലൂടെ കൈമാറിയിരുന്നതായും കണ്ടെത്തി.
ഏജന്റുമാർ വാട്ട്സ്ആപ്പിലൂടെ അയച്ച് നൽകുന്ന അപേക്ഷകരുടെ അപേക്ഷകളിൽ ഉദ്യോഗസ്ഥർ അനുകൂലമായി നടപടി സ്വീകരിച്ച ശേഷം ഇതിന്റെ വിവരങ്ങൾ തിരികെ വാട്ട്സാപ്പിലൂടെ അയച്ച് നൽകുന്നതും കണ്ടെത്തി.
ഉദ്യോഗസ്ഥർക്കും അവരുടെ ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് ഏജന്റുമാർ യു.പി.ഐ മുഖേന കൈക്കൂലി പണം അയച്ച് നൽകുകയും, ഇടപാടുകൾ നടത്തിയതിന്റ സ്‌ക്രീൻഷോട്ടുകൾ വാട്ട്സാപ്പ് വഴി കൈമാറിയിരുന്നതായും കണ്ടെത്തി.
ഇത്തരത്തിൽ പണം കൈമാറുന്നതിനായി ചില സ്ഥാപനങ്ങളുടെ വരെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതിനുമുള്ള തെളിവുകളും വിജിലൻസിന് ലഭിച്ചിട്ടുണ്ട്
എറണാകുളം ജില്ലയിലെ ഒരു എസ്. ആർ.ടി.ഒ യിലെ ഉദ്യോഗസ്ഥർ മോട്ടോർ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്ക് ഓഫീസിലെ വിരമിക്കൽ ചടങ്ങിൽ നൽകുന്നതിനായി 4 സ്വർണ്ണ മോതിരം വാങ്ങുന്നതിനും, റോഡ് സുരക്ഷാ വാരാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടികൾക്കായി പോസ്റ്റർ അടിക്കുന്നതിനും ആവശ്യപ്പെട്ട് വാട്ട്ആപ്പ് മെസേജ് അയച്ചതായും കണ്ടെത്തി.
ഭൂരിഭാഗം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്‌കൂളുകളിൽ കൃത്യമായി പരിശോധനകൾ നടത്താറില്ല. ക്രമക്കേടുകളിൽ നടപടിയെടുക്കാറില്ല. മലപ്പുറം, കണ്ണൂർ ജില്ലകളിൽ ലൈസൻസില്ലാതെ ഡ്രൈവിംഗ് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.
ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമായി ഉപയോഗിക്കുന്ന പല വാഹനങ്ങൾക്കും ഫിറ്റ്നസ്, ഇൻഷുറൻസ്, പൊലൂഷൻ സർട്ടിഫിക്കേറ്റ് തുടങ്ങിയവയില്ല. മലപ്പുറം ജില്ലയിലെ ഒരു എസ്.ആർ.ടി ഓഫീസിൽ ഏജന്റുമാർ മുഖേനെയല്ലാതെ അപേക്ഷകർ നേരിട്ട് സമർപ്പിച്ച 384 അപേക്ഷകൾ ഉദ്യോഗസ്ഥർ നിരസിച്ചു.
മിക്ക ആർ.ടി/എസ്.ആർ.ടി ഓഫീസുകളിലും അപേക്ഷകർ നേരിട്ട് നൽകുന്ന അപേക്ഷകളിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാതെ വൈകിപ്പിക്കുന്നു.
ഇടനിലക്കാർക്ക് മോട്ടോർ വാഹന ഓഫീസുകളിൽ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും മിക്ക മോട്ടോർ വാഹന ഓഫീസുകളിലും ഏജന്റുമാർക്കും ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്കും സർവ്വസ്വാതന്ത്യത്തിനും സ്വൈര്യ വിഹാരത്തിനും ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുന്നതായും കണ്ടെത്തി.
വയനാട് ഒരു എസ്.ആർ.ടി ഓഫീസിൽ അപേക്ഷയോടൊപ്പം ഏജന്റിന്റെ ശുപാർശ കത്തും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
അഴിമതിക്കും ക്രമക്കേടുകൾക്കും കൂട്ടു നിൽക്കുന്ന മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നും ഇത്തരക്കാർക്കെതിരെ തുടർന്നും വിജിലൻസ് കർശന നടപടികൾ സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു.