സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ സാങ്കേതിക യൂണിവേഴ്സിറ്റിയിൽ ഓണക്കാലത്ത് ശമ്പളവും പെൻഷനും ബോണസും മുടങ്ങി. ബജറ്റ് പാസാക്കാനുള്ള സിൻഡിക്കേറ്റ് യോഗങ്ങൾ ക്വാറം തികയ്ക്കാതെ മുടക്കിയത് സർക്കാർ. വി.സി കോടതിയിലെത്തിയിട്ടും ഫലമില്ല. പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റ് വിതരണവുമടക്കം പ്രതിസന്ധിയിൽ. ഓണത്തിന് ജീവനക്കാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് യൂണിവേഴ്സിറ്റിയിലെ രാഷ്ട്രീയക്കളി

ഒന്നിലും ക്വാറം തികച്ചില്ല. സർക്കാർ പ്രതിനിധികളായ ഉന്നതവിദ്യാഭ്യാസ, ധനകാര്യ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും വിട്ടുനിൽക്കുകയാണ് പതിവ്. 

New Update
images (1280 x 960 px)(312)

 തിരുവനന്തപുരം: ഗവർണറും സർക്കാരുമായുള്ള ശീതയുദ്ധത്തിൽ ഇരകളായി ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ജീവനക്കാരും പെൻഷൻകാരും. ഗവർണർ നിയമിച്ച വൈസ്ചാൻസലർ ഡോ.ശിവപ്രസാദിനെ സർക്കാർ ഇതുവരെ അംഗീകരിക്കുന്നില്ല. 

Advertisment

ഇതിന്റെ ഭാഗമായി അവിടത്തെ സിൻഡിക്കേറ്റ് യോഗം ചേരാനുള്ള ക്വാറം തികയ്ക്കുന്നുമില്ല. അതിനാൽ യൂണിവേഴ്സിറ്റി ബജറ്റ് ഇതുവരെ പാസാക്കാനുമായിട്ടില്ല. ഫലമോ ഓണത്തിന് പെൻഷനും ശമ്പളവും ബോണസുമില്ലാത്ത സ്ഥിതിയായി.


സിൻഡിക്കേറ്റ് യോഗം ചേരാൻ ക്വാറം തികയ്ക്കാനാവാത്തത് സർക്കാരിന്റെ പിടിവാശി കാരണമാണ്. വി.സി പലവട്ടം ബജറ്റ് പാസാക്കാൻ സിൻഡിക്കേറ്റ് യോഗങ്ങൾ വിളിച്ചു. 


ഒന്നിലും ക്വാറം തികച്ചില്ല. സർക്കാർ പ്രതിനിധികളായ ഉന്നതവിദ്യാഭ്യാസ, ധനകാര്യ സെക്രട്ടറിമാരും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും വിട്ടുനിൽക്കുകയാണ് പതിവ്. 

ഓൺലൈനായിപ്പോലും അവർ പങ്കെടുക്കാറില്ല. ഇത് സർക്കാർ നിർദ്ദേശപ്രകാരമാണ്. ബജറ്റ് പാസാവാത്തതിനാൽ യൂണിവേഴ്സിറ്റിയിൽ 2മാസത്തെ പെൻഷനും ഒരുമാസത്തെ ശമ്പളവും കുടിശികയാണ്. ഇതിനു പുറമെയാണ് ഓണക്കാലത്തെ മുടക്കം.

സിൻഡിക്കേറ്റിന്റെ അഭാവത്തിൽ വിസിക്ക് സിൻഡിക്കേറ്റിന്റെ അധികാരങ്ങൾ ഉപയോഗിക്കുവാനാവുമെങ്കിലും ബജറ്റ് പാസാക്കാനാവില്ല. സിൻഡിക്കേറ്റ് പാസാക്കുന്ന ബഡ്ജറ്റിന് ബോർഡ് ഓഫ് ഗവർണർനേഴ്‌സിന്റെ അംഗീകാരവും ആവശ്യമുണ്ട്. 


അതിനിടെ, സർക്കാരിന്റെ ഔദ്യോഗിക അംഗങ്ങൾ സിണ്ടിക്കേറ്റ് യോഗങ്ങളിൽ തുടർച്ചയായി ഹാജരാകാത്തതു കൊണ്ട് ക്വാറം തികയാതെ കൂടാനാവുന്നില്ലെന്നും അവർക്ക് മീറ്റിംഗിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് വിസി ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജ്ജിയിൽ കോടതി സർക്കാരിന് നോട്ടീസ് നൽകിയിരിക്കുകയാണ്. 


ഹർജ്ജി കോടതി ഓണം അവധിക്ക് ശേഷം കേൾക്കും. വിസി ഫയൽ ചെയ്ത ഹർജ്ജിയിൽ കോൺഗ്രസ്‌ അനുകൂല ജീവനക്കാരും പെൻഷൻകാരും കക്ഷി ചേർന്നിട്ടുണ്ട്.

സർക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി ഡോ: സിസാ തോമസിനെ ഗവർണർ  സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചതിന്റെ പേരിൽ രണ്ടുവർഷക്കാലം സിസാ തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചിരുന്നു. സുപ്രീംകോടതി വിധിയിലൂടെയാണ്  സിസയ്ക്ക് ആനുകൂല്യങ്ങൾ ഈ അടുത്തയിടെ ലഭിച്ചത്. 


ഇപ്പോഴത്തെ വിസി  ഡോ: ശിവപ്രസാദിന്റെ ശമ്പളം കുസാറ്റിൽ നിന്ന് ലഭിക്കുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ശമ്പളം തടയാനാവില്ല. മുൻ വൈസ് ചാൻസലർ ഡോ.സിസാതോമസിന്റെ കാര്യത്തിൽ കൈക്കൊണ്ട പക രാഷ്ട്രീയമാണ് ഡോ. ശിവപ്രസാദിനോടും  സർവകലാശാല ജീവനക്കാരോടും പെൻഷൻകാരോടും  സർക്കാർ കാട്ടുന്നതെന്ന് ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് ആരോപിച്ചു.




ബഡ്ജറ്റ് പാസാക്കാത്തതിനാൽ ദൈനംദിന ചെലവുകൾക്കുപോലും പണമില്ല. പരീക്ഷയ്ക്കടക്കം സോഫ്‌റ്റ്‌വെയർ സേവനംനൽകുന്ന സ്വകാര്യകമ്പനിക്ക് പ്രതിമാസം 86ലക്ഷം നൽകേണ്ടതാണ്.

 2മാസം കുടിശികയായി. ഇതോടെ പരീക്ഷാനടത്തിപ്പും പ്രതിസന്ധിയിലാണ്. ബിരുദസർട്ടിഫിക്കറ്റുകൾ അച്ചടിക്കാനും വിതരണം ചെയ്യുന്ന തപാൽവകുപ്പിന് നൽകാനും പണമില്ല. 

കഴിഞ്ഞമാസത്തെ തപാൽചാർജ്ജ് നൽകിയില്ലെങ്കിൽ സർട്ടിഫിക്കറ്റ് വിതരണം നിലയ്ക്കും. ഇ-ഗവേണേൻസ് പദ്ധതിയുടെ സെർവർ നൽകുന്ന ആമസോൺക്ലൗഡിനുള്ള ലൈസൻസ് ഫീസും മുടങ്ങി. കെ-ഫോണടക്കം 3ഇന്റർനെറ്റ് സേവനദാതാക്കൾക്കും കടമാണ്. ഇത് മുടങ്ങിയാൽ പരീക്ഷാഫലപ്രഖ്യാപനവും മൂല്യനിർണയവുമെല്ലാം അവതാളത്തിലാവും.


സർക്കാരിന്റെ പക രാഷ്ട്രീയത്തിന്റെ പേരിൽ ഓണക്കാലത്ത് ജീവനക്കാരുടെ ശബളവും ഉത്സവ ആനുകൂല്യങ്ങളും തടസപ്പെട്ടാൽ ജീവനക്കാരും പെൻഷൻകാരും ഓണത്തിന് പട്ടിണി സമരം നടത്തുവാൻ നിർബന്ധിതരാകുമെന്ന് നേതാക്കൾ പറഞ്ഞു. 


ബോധപൂർവം ബജറ്റ് പാസാക്കാനാവാതെ  സർവകലാശാലയുടെ  പ്രവർത്തനങ്ങളെ പാടെ തകർക്കുന്ന നടപടികളിൽ നിന്ന് സർക്കാർ അടിയന്തിരമായി പിന്മാറണമെന്നും,  സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്ത് ബഡ്ജറ്റ് പാസാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും  ആവശ്യപ്പെട്ട് ഫെഡറേഷൻ   മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകി.

Advertisment