/sathyam/media/media_files/2025/08/27/images-1280-x-960-px320-2025-08-27-22-21-34.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സർക്കാരിന്റെ പദ്ധതികളും പരിപാടികളും ജനങ്ങളിൽ എത്തിക്കാൻ സർക്കാർ പുതിയ സംവിധാനം കൊണ്ടുവരുന്നു.
ജനങ്ങളുടെ പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാനാണ് വിവര വിനിമയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സംവിധാനം കൊണ്ടുവരുന്നതെന്നാണ് സർക്കാർ പറയുന്നുണ്ടെങ്കിലും ഭരണത്തിന്റെ അവസാനവർഷത്തെ പ്രചാരണമാണ് ലക്ഷ്യമെന്ന് വ്യക്തമാണ്.
തിരഞ്ഞെടുപ്പ് വർഷത്തിൽ സർക്കാരിൻെറ മുഖം മിനുക്കാനുളള പദ്ധതി മന്ത്രിസഭായോഗം ചർച്ച ചെയ്തെങ്കിലും അന്തിമ രൂപമായിട്ടില്ല.
തീരുമാനം എടുക്കുന്നതിന് മുന്നോടിയായി വകുപ്പ് സെക്രട്ടറിമാരിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയിരുന്നു. സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക തന്നെയാണ് പരമമായ ലക്ഷ്യം.
സർക്കാർ പരിഗണിക്കേണ്ട പുതിയ ആശയങ്ങൾ, ജനങ്ങളുമായി ബന്ധപ്പെടുന്ന പൊതു വിഷയങ്ങൾ, വിവിധ പദ്ധതികളുടെ നടത്തിപ്പ്, പൊതുജനങ്ങളുടെ പരാതികൾ തുടങ്ങിയവയിൽ സർക്കാരിന്റെ സമയബന്ധിതവും ഫലപ്രദവുമായ ഇടപെടൽ ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതോടൊപ്പം സർക്കാരിന്റെ പദ്ധതികളും വികസന പ്രവർത്തനങ്ങളും സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കാനും ഉതകുന്ന പുതിയ പുതിയ സംവിധാനം സംബന്ധിച്ച നിർദേശം സമർപ്പിക്കാനാണ് വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
തിരഞ്ഞെടുപ്പ് വർഷത്തിൽ സർക്കാരിനെ കൂടുതൽ ജനോപകാരപ്രദമായി അവതരിപ്പിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ മുൻകൈയിൽ പുതിയ സംവിധാനം കൊണ്ടുവരുന്നത്.സർക്കാർ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക തന്നെയാണ് പരമമായ ലക്ഷ്യം.
ജനങ്ങളുടെ പരാതികളും നിർദേശങ്ങളും മുഖ്യമന്ത്രിയെ അറിയിച്ച് പരിഹാരം കാണുന്നതിനുളള ക്രമീകരണം സംവിധാനത്തിലുണ്ടാകും.
സർക്കാരിൻെറ പരിഗണനക്ക് വരേണ്ട നൂതാനാശയങ്ങൾ ജനങ്ങളുമായി ബന്ധപ്പെടുന്ന പൊതുവിഷയങ്ങൾ വിവിധ പദ്ധതികളുടെ നടത്തിപ്പ്, വ്യക്തഗത പരാതികൾ തുടങ്ങിയവയിൽ സമയബന്ധിതവും ഫലപ്രദവുമായ ഇടപെടൽ ഉറപ്പാക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമത കൈവരിക്കാനകുമെന്നാണ് സർക്കാരിൻെറ പ്രതീക്ഷ.
നവകേരള സൃഷ്ടി മുദ്രാവാക്യമാക്കി എടുത്തിരിക്കുന്ന സർക്കാർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സെമിനാർ പരമ്പര നടത്താനും ഒരുങ്ങുന്നുണ്ട്. സെമിനാറുകളിൽ ഉരുത്തിയിരുന്ന നിർദ്ദേശങ്ങളും അതിന്മേലുളള നടപടികളും കൂടി ഉൾക്കൊളളുന്ന തരത്തിലാകും ഐടി അധിഷ്ഠിത സംവിധാനം രൂപീകരിക്കാൻ പോകുന്നത്.
2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനാണ് സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ഒക്ടോബര്‍ മാസത്തിൽ വിവിധ വിഷയങ്ങളിലായി മന്ത്രിമാരുടെ നേതൃത്വത്തില്‍ 33 സെമിനാറുകളാണ് സംഘടിപ്പിക്കുക. ഭക്ഷ്യ പൊതുവിതരണം, പൊതു വിദ്യാഭ്യാസം, വ്യവസായം എന്നീ വിഷയങ്ങളിലെ സെമിനാറിന് തിരുവനന്തപുരം വേദിയാകും.
ഓരോ മന്ത്രിമാർക്കും ചുമതലയുളള ജില്ലകളിൽ വെച്ചാണ് അവരവരുടെ വകുപ്പുകളെ സംബന്ധിച്ച സെമിനാറുകൾ സംഘടിപ്പിക്കാൻ പോകുന്നത്. പുതിയ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കേരള പഠന കോൺഗ്രസ് സംഘടിപ്പിച്ചാണ് സി.പി.എം മുൻ കാലങ്ങളിൽ പ്രകടന പത്രികക്ക് രൂപം നൽകാനും മറ്റും ആശയങ്ങൾ രൂപീകരിച്ചിരുന്നത്.
എന്നാൽ ഒന്നാം പിണറായി സർക്കാരിൻെറ കാലത്തും പഠന കോൺഗ്രസ് സംഘടിപ്പിക്കാൻ തയാറായിരുന്നില്ല.തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുളള വിപുലമായ തയാറെടുപ്പുകളാണ് സർക്കാരും സി.പി.എമ്മും നടത്തുന്നത്.
അതിൻെറ ഭാഗമായാണ് സർക്കാരിനെ ജനകീയമാക്കുക ലക്ഷ്യമിട്ട് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവ കേരള സദസ്സിലും പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലും താലൂക്ക് തല അദാലത്തുകളിലും മേഖല അവലോകന യോഗങ്ങളിലും ഉയർന്ന ആവശ്യത്തിൻെറ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ഇതു സംബന്ധിച്ച നിർദ്ദേശം തയ്യാറാക്കി സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന് നിർദ്ദേശം നൽകിയിരുന്നു.ഇന്നത്തെ മന്ത്രിസഭയിൽ ഇതു സംബന്ധിച്ച രൂപരേഖ ചർച്ച ചെയ്തെങ്കിലും അന്തിമ രൂപമായിട്ടില്ല.
മന്ത്രിസഭാ യോഗത്തിന് നിർദ്ദേശങ്ങൾ തയാറാക്കുന്നതിൻെറ ഭാഗമായി 25-ാം തീയതി ചീഫ് സെക്രട്ടറി ഇതേപ്പറ്റി വകുപ്പ് സെക്രട്ടറിമാരുമായി വിശദമായിചർച്ച നടത്തുകയും ചെയ്തിരുന്നു.
പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ മുഖ്യമന്ത്രിയെ അറിയിക്കാനും പരിഹാരം കാണുന്നതിനും നിലവിൽ ഫലപ്രദമായ സംവിധാനം ഉണ്ട്. ഇതു കൂടാതെ വിവിധ വകുപ്പുകളും മന്ത്രിമാരും പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കാറുണ്ട്.
ഇത്തരം പരാതികളിൽ ഓരോ വകുപ്പും സ്വീകരിച്ച നടപടികൾ എന്തെന്ന് പൊതുജനങ്ങൾക്ക് തന്നെ പരിശോധിക്കുന്നതിനും 'ഇ ഓഫീസ്' സംവിധാനവും നിലവിലുണ്ട്. ഇവ കൂടാതെയാണ് പുതിയ സംവിധാനം ഉണ്ടാക്കാനായി തയാറെടുക്കുന്നത്.
സർക്കാരുമായി ബന്ധപ്പെട്ട ഏതോ കേന്ദ്രങ്ങളിൽ ഒരുക്കിവെച്ചിരിക്കുന്ന സംവിധാനത്തിന് ഔദ്യോഗിക സ്വഭാവം കൈവരുത്താനുളള നീക്കമാണ് ചർച്ചകളും തീരുമാനവുമെന്നാണ് ഉദ്യോഗസ്ഥ തലത്തിൽ ഉയരുന്ന ആക്ഷേപം.
എന്നാൽ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഫലപ്രദമായതും വിപുലമായതും സമയബന്ധിതമായി പ്രശ്നപരിഹാരത്തിന് ഉതകുന്നതുമായ സംവിധാനം എന്ന നിലയിലാണ് പുതിയ പദ്ധതി തയ്യാറാക്കുന്നതെന്നാണ് സർക്കാരിൻെറ വിശദീകരണം.