രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുകുന്നു. ആരോപണം ഉന്നയിച്ച പെൺകുട്ടികൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകാൻ തയാറായേക്കും. പരാതി നൽകാൻ മുന്നോട്ടുവരുന്നവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി.യു.ഡി.എഫിനെയും കോൺഗ്രസിനെയും പ്രതിരോധത്തിലേക്ക് തളളിവിട്ട വിവാദം ലൈവായി നിർത്തൻ സിപിഎം തന്ത്രങ്ങൾ മെനയുന്നു

പരാതി നൽകാൻ ആരെങ്കിലും വരുമോയെന്ന് കാത്തിരുന്ന ശേഷം അറസ്റ്റ് പോലുളള നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിലെ ധാരണ. അതുകൊണ്ടുതന്നെ തൽക്കാലം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയില്ല. 

New Update
images (1280 x 960 px)(325)

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ  ആരോപണം ഉന്നയിച്ച പെൺകുട്ടികൾ ക്രൈംബ്രാഞ്ചിന്  മൊഴി നൽകാൻ തയാറായേക്കും. രാഹുലിൽ നിന്ന് ദുരനുഭവം നേരിട്ടവരിൽ നിന്ന് ആ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതെന്നും സൂചനയുണ്ട്. 

Advertisment

സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയ പെൺകുട്ടികളിൽ നിന്ന് മൊഴിയെടുക്കാനുളള നീക്കം ക്രൈംബ്രാഞ്ച് ഉടൻ തന്നെ ആരംഭിച്ചേക്കും. 


ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ കേസിന് ഉറപ്പ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് തിടുക്കത്തിൽ മൊഴിയെടുക്കാൻ ശ്രമം തുടങ്ങിയത്.


സ്ത്രീകളാരും പരാതി നൽകാൻ മുന്നോട്ടവരാത്ത പക്ഷം മൊഴിയെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലിനെ  ചോദ്യം ചെയ്യാൻ വിളിപ്പിക്കാനും ക്രൈംബ്രാഞ്ച് തയാറെടുക്കുന്നുണ്ട്.

പരാതി നൽകാൻ മുന്നോട്ടുവരുന്നവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ രാഹുലിൽ നിന്ന് അതിക്രമം നേരിട്ട ചിലരെങ്കിലും മുന്നോട്ടുവരും എന്നാണ് പൊലീസിൻെറ പ്രതീക്ഷ. പരാതി ഉന്നയിച്ച് മുന്നോട്ട് വരുന്നവർക്ക് വിശ്വാസം പകരുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


പരാതി നൽകാൻ ആരെങ്കിലും വരുമോയെന്ന് കാത്തിരുന്ന ശേഷം അറസ്റ്റ് പോലുളള നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് ക്രൈംബ്രാഞ്ചിലെ ധാരണ. അതുകൊണ്ടുതന്നെ തൽക്കാലം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധ്യതയില്ല. 


സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സാമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും പിന്തുടര്‍ന്ന് ശല്യം ചെയ്തുകൊണ്ട് അവ‌ർക്ക് മാനസിക വേദന ഉണ്ടാക്കുന്ന തരത്തിൽ  പ്രവര്‍ത്തിച്ച് നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചു.

മെസ്സജുകളയച്ചും ഫോണ്‍ വിളിച്ചുo  ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. 


മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പ്രതികരണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് രാഹുലിനെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. 


രാഹുലിനെതിരെ നിയമപരമായ നടപടിയുണ്ടാകുമെന്നായിരുന്നു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. തിരുവനന്തപുരം റേഞ്ച്  ക്രൈംബ്രാഞ്ച്  ഡി.വൈ.എസ്.പി ബിനു കുമാറിനാണ് അന്വേഷണത്തിൻെറ ചുമതല.

രാഷ്ട്രീയ പ്രാധാന്യമുളള കേസ് ആയതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥർ കേസിന് മേൽനോട്ടം വഹിക്കും. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലായി ഇതുവരെ 19 പരാതികൾ ലഭിച്ചിട്ടുണ്ട്.


കേസ് എടുത്തതിന് പിന്നാലെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.


മാധ്യമങ്ങളിലൂടെയും സമൂഹിക മാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചവരെ  നേരിൽകണ്ട് വിവരങ്ങൾ തേടാനും ക്രൈംബ്രാഞ്ച് തയാറായേക്കും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി എഴുതിവാങ്ങിക്കൊണ്ട് അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനാണ് ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ നീക്കം.

തിരുവനന്തപുരത്തും എറണാകുളത്തും അടക്കം ലോക്കൽ പൊലീസിന് ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും.ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുക.


രാഹുലിന് എതിരായ ക്രൈംബ്രാഞ്ച് കേസും അന്വേഷണവും സ്ത്രീകൾക്കെതിരായ അതിക്രമം തടയാനുളള അതിയായ താൽപര്യം കൊണ്ടല്ല.  ലൈവായി നി‍ർത്തുകയാണ് കേസെടുത്തതിന് പിന്നിലെ യഥാർത്ഥ ഉദ്ദേശം.


അന്വേഷണ വിവരങ്ങൾ കൃത്യമായ ഇടവേളകളിൽ മാധ്യമങ്ങളിൽ എത്തിച്ച് വിഷയം സജീവമാക്കി നിർത്താനാവും എന്നതാണ് കേസിൻെറ പ്രത്യേകത. 

ലൈംഗികാരോപണങ്ങളിൽ പ്രതിരോധത്തിലായ കോൺഗ്രസ്, വടകരയിൽ ഷാഫി പറമ്പിൽ എം.പിയെ തടഞ്ഞ വിഷയം ഉയ‍ർത്തിക്കൊണ്ട് പ്രത്യാക്രമണം നടത്താൻ തയ്യാറെടുക്കുകയാണ്. 


ഷാഫി പറമ്പിൽ എം.പിയുടെ വാഹനം തടഞ്ഞ ഡി.വൈ.എഫ്.ഐ നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് കോൺഗ്രസിൻെറ നീക്കം. 


തടയൽ നടന്നിതിന് തൊട്ടുപിന്നാലെ തന്നെ  യൂത്ത് കോൺഗ്രസ് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പരിപാടികളും മാർച്ചും സംഘടിപ്പിച്ചിരുന്നു.വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രശ്നം കോൺഗ്രസ് ഏറ്റെടുത്ത് സംസ്ഥാന വ്യാപക ക്യാമ്പയിനാക്കി മാറ്റുമെന്ന സൂചനയും നൽകി.

Advertisment