/sathyam/media/media_files/2025/08/28/images-1280-x-960-px327-2025-08-28-01-24-28.jpg)
തിരുവനന്തപുരം: ന്യൂനപക്ഷ പദവി മറികടന്ന് എൻജിനീയറിങ് പ്രവേശനത്തിൽ വീണ്ടും മുന്നാക്ക സംവരണം.
ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലേക്കാണ് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഉത്തരവ് മറികടന്ന് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സംവരണം ഏർപ്പെടുത്തി അലോട്ട്‌മെന്റ് നടത്തിയത്.
എൻജിനീയറിങ് പ്രവേശനത്തിന്റെ നാലാം ഘട്ടമായി നടത്തിയ സ്ട്രേ വേക്കൻസി അലോട്ട്‌മെന്റ് റൗണ്ടിലാണ് കോളജിൽ പ്രവേശന പരീക്ഷ കമ്മീഷണറേറ്റ് ഇഡബ്ല്യുഎസ് അലോട്ട്‌മെന്റ് നടത്തിയത്.
ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളിൽ ഇഡബ്ല്യുഎസ് സംവരണം പാടില്ലെന്ന് ഇഡബ്ല്യുഎസ് സംവരണം ഏർപ്പെടുത്താൻ കൊണ്ടുവന്ന 103-ാം ഭേദഗതിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂനപക്ഷ പദവിയുള്ള കൊല്ലം ടികെഎം, കോതമംഗലം മാർ അത്തനേഷ്യസ് കോളജുകളുകളിൽ ആദ്യ മൂന്ന് റൗണ്ടിലും ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് സംവരണ പ്രകാരമുള്ള അലോട്ട്‌മെന്റ് നടത്തിയിരുന്നില്ല.
നാലാം റൗണ്ടിലാണ് ടികെഎം കോളജിൽ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്ന് ഇലക്ട്രിക്കൽ ആന്റ് കമ്പ്യൂട്ടർ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് സംവരണ പരിഗണനയിൽ നിയമവിരുദ്ധമായി അലോട്ട്‌മെന്റ് നടത്തിയത്.