കെ.പി.സി.സി പുന:സംഘടന വൈകുന്നതിൽ കോൺഗ്രസിൽ അതൃപ്തി.പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ ലക്ഷ്യം വെച്ച് പരാതികൾ.പാർട്ടിയെ ഉളളംകൈയ്യിൽ ഒതുക്കാനുളള ആസൂത്രിത നീക്കമെന്ന് ആക്ഷേപം.നടപടികൾ വേഗത്തിലാക്കണമെന്ന് പലതവണ ഓർമ്മിപ്പിച്ച് ഹൈക്കമാൻ‍ഡ്

സംസ്ഥാനത്ത് സമവായം ഉണ്ടാക്കുകയും പട്ടിക ചുരുക്കുകയും ചെയ്തുകൊണ്ട് ചെറിയ പട്ടികയുമായി വരാനായിരുന്നു ഹൈക്കമാൻ‍ഡിൻെറ നി‍ർദ്ദേശം

New Update
kpcc

തിരുവനന്തപുരം: കെ.പി.സി.സി പുന:സംഘടന അനന്തമായി വൈകുന്നതിൽ കോൺഗ്രസിൽ അതൃപ്തി പുകയുന്നു.പുതുതായി അധികാരമേറ്റ കെ.പി.സി.സി നേതൃത്വത്തിലെ ചിലരുടെ 'ചവിട്ടിക്കളി' യാണ് പുന: സംഘടന വൈകിക്കുന്നതെന്നാണ് ആക്ഷേപം.

Advertisment

വർക്കിങ്ങ് പ്രസിഡന്റുമാരായ പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരെ ലക്ഷ്യം വെച്ചാണ് പരാതികൾ.

ഭാരവാഹികളെ നിയമിക്കാതെ പാർട്ടിയെ ഉളളംകൈയ്യിൽ ഒതുക്കാനുളള ആസൂത്രിത നീക്കമാണ് വിഷ്ണുനാഥും ഷാഫിയും നടത്തുന്നതെന്നാണ് കോൺഗ്രസിനുളളിൽ നിന്നുതന്നെ ഉയരുന്ന ആക്ഷേപം.

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഇവരുടെ കൈയ്യിലെ കളിപ്പാവയാണെന്നും ആക്ഷേപമുണ്ട്.

എന്തുകാര്യത്തിനും വിഷ്ണുനാഥിനോടും ഷാഫി പറമ്പിലിനോടും അഭിപ്രായം ചോദിച്ചിട്ട് മാത്രം പ്രതികരിക്കുന്ന കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പുന:സംഘടനയുടെ കാര്യത്തിലും ഇവരുടെ താൽപര്യ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാണ് ആരോപണം.

ആദ്യം തദ്ദേശ തിരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങളുടെ കാര്യം പറഞ്ഞും ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണ വിവാദവും പറഞ്ഞാണ് നേതൃത്വം പുന:സംഘടന നീട്ടിക്കൊണ്ടു പോകുന്നത്.

എന്നാൽ നേതൃത്വം താൽപര്യം കാണിച്ചിരുന്നെങ്കിൽ രാഹുൽ വിവാദം പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ പുന:സംഘടന ചർച്ചകൾ പൂർത്തിയാക്കാമായിരുന്നുവെന്നാണ് വിമ‍ർശക‍ർ ചൂണ്ടിക്കാട്ടുന്നത്.

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ഗൃഹസന്ദർശന പരിപാടി താഴെത്തട്ടിലാണ് നടക്കുന്നത്.അതിന് വേണ്ട മാർഗ നി‍‍ർദേശങ്ങൾ നൽകുക മാത്രമാണ് നേതൃത്വത്തിൻെറ ചുമതല.

അതുകൊണ്ടുതന്നെ തദ്ദേശ തിരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങൾ പറഞ്ഞ് പുന:സംഘടന നീട്ടുന്നത് കബളിപ്പിക്കലാണെന്നും വിമർശനമുണ്ട്.

ഡി.സി.സി തലപ്പത്തും കെ.പി.സി.സി തലത്തിലും അഴിച്ചു പണിനടത്താതെ നിർണായകമായ തിരഞ്ഞെടുപ്പുകളെ നേരിടാൻ ആകില്ലെന്ന റിപോ‍ർട്ട് പാർട്ടിയുടെ സംസ്ഥാന -ദേശിയ നേതൃത്വത്തിന് മുന്നിലുളളപ്പോൾ പുന:സംഘടന നടത്താതെ എങ്ങനെയാണ് മുന്നോട്ടുപോകുകയെന്നും സംസ്ഥാന കോൺഗ്രസിൽ നിന്ന് ചോദ്യം ഉയരുന്നുണ്ട്.

ഇപ്പോഴത്തെ സ്ഥിതിയിൽ ഓണം കഴിഞ്ഞാലും പുന:സംഘടന നടക്കാൻ സാധ്യതയില്ലെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഓണത്തിന് ശേഷം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിൻെറ നടപടികളിലേക്ക് കടക്കും.

ഇതിൻെറ ആദ്യ പടിയായി തദ്ദേശ ഭരണ വാ‍ർഡുകളിലെ സംവരണം സംബന്ധിച്ച നറുക്കെടുപ്പ് നടത്തും.ഇതോടെ സംസ്ഥാന രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിൻെറ ആരവങ്ങളിലേക്ക് കടക്കും.

അപ്പോൾ അക്കാരണം പറ‍ഞ്ഞുകൊണ്ടുതന്നെ നേതൃത്വം പുന:സംഘടനക്ക് തടയിടുമെന്നാണ് പുന:സംഘടനയിൽ പദവികൾ പ്രതീക്ഷിച്ചിരിക്കുന്ന നേതാക്കൾ പ്രകടിപ്പിക്കുന്ന ആശങ്ക.

ഇതുതന്നെയാണ് പുതിയ കെ.പി.സി.സി നേതൃത്വത്തിലുളള പി.സി.വിഷ്ണു നാഥിൻെറയും ഷാഫി പറമ്പിലിൻെറയും താൽപര്യമെന്നും ആക്ഷേപം ശക്തമാണ്. 

കെ.പി.സി.സിയുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഡി.സി.സികളുടെ തലപ്പത്തും കെ.പി.സി.സി ഭാരവാഹികളുടെ തലത്തിലും പുന:സംഘടന പൂർത്തിയാക്കാനാണ് ഹൈക്കമാൻ‍ഡ് ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വന്നതോടെ ഈ ഷെഡ്യൂളിൻെറ താളംതെറ്റി.

ജൂൺ ആദ്യവാരം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ സംസ്ഥാന നേതാക്കളുമായി ചർച്ച തുടങ്ങിയെങ്കിലും ഇഴഞ്ഞു നീങ്ങിയ നടപടികൾ ഏതാണ്ട് പൂർത്തിയാത് ജൂലൈ ആവസാനത്തോടെ മാത്രമാണ്.

ഈ മാസം 5,6 തീയതികളിൽ ഡൽഹിയിലെത്തിയ കെ.പി.സി.സി നേതൃത്വം ഹൈക്കമാൻ‍ഡിനെ കാണുന്നതിന് മുന്നോടിയായി വീണ്ടും സംസ്ഥാനത്തെ നേതാക്കളുമായും എം.പിമാരുമായും ചർച്ച നടത്തി.

നേതാക്കൾ കൈമാറിയ പേരുകളെല്ലാം എഴുതി ചേർത്ത ജംബോ പട്ടികയാണ് ഹൈക്കമാൻഡിന് മുന്നിൽ സമർപ്പിച്ചത്.

ഭാരവാഹി നിയമനത്തിൽ മാനദണ്ഡങ്ങൾ വെക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കമാൻഡ് ജംബോ പട്ടിക തളളി കളഞ്ഞു.

സംസ്ഥാനത്ത് സമവായം ഉണ്ടാക്കുകയും പട്ടിക ചുരുക്കുകയും ചെയ്തുകൊണ്ട് ചെറിയ പട്ടികയുമായി വരാനായിരുന്നു ഹൈക്കമാൻ‍ഡിൻെറ നി‍ർദ്ദേശം.എന്നാൽ തിരികെ കേരളത്തിലെത്തിയ നേതൃത്വം ചർച്ച ഉഴപ്പി.

നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കമാൻ‍ഡ് പലതവണ ഓർമ്മിപ്പിച്ചെങ്കിലും ചർച്ച ഒരു കരയിലും അടുപ്പിക്കാനാകാതെ നീണ്ടു.

ഓഗസ്റ്റ് 31നകം പുന:സംഘടന പൂർത്തിയാക്കണമെന്ന ദേശിയ നേതൃത്വത്തിൻെറ സമ്മർദ്ദം വന്നതോടെ 20ന് ഇന്ദിരാഭവനിൽ വെച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ഒരു മണിക്കൂർ ചർച്ച നടത്തി.

കേരളത്തിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലും സമവായമായില്ല.

വീണ്ടും ചർച്ചക്ക് ഇരിക്കാമെന്ന ധാരണയിലാണ് പിരിഞ്ഞതെങ്കിലും പിന്നീട് ഇതുവരെ ചർച്ച നടന്നിട്ടില്ല.

Advertisment