/sathyam/media/media_files/2025/08/21/m-v-govindan-2025-08-21-23-19-07.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധങ്ങൾ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസും ക്രിമിനലുകളും ചേർന്ന് പൊലീസിന് നേരെ തീപ്പന്തം എറിഞ്ഞു. ക്രിമിനൽ കുറ്റം ചെയ്തിട്ടും വെള്ളപൂശാനാണ് നേതാക്കൾ ശ്രമിക്കുന്നതെന്നും ഗത്യന്തരമില്ലാതെയാണ് രാഹുലിനെ സസ്‌പെൻഡ് ചെയ്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതികൾ മനഃസാക്ഷിയുള്ളവർക്ക് അംഗീകരിക്കാനാവില്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നതെന്നും പരാതി തേച്ചുമാച്ച് കളയാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും ഗോവിന്ദൻ ആരോപിച്ചു.
പിതൃതുല്യം സ്‌നേഹിക്കുന്ന നേതാവിനോട് പറഞ്ഞിട്ടും ഒന്നും നടന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിൽ നിന്ന് പുറത്താക്കാനോ എംഎൽഎ സ്ഥാനം രാജിവെപ്പിക്കാനോ കോൺഗ്രസ് തയാറായിട്ടില്ല.
സസ്‌പെൻഡ് ചെയ്താൽ എല്ലാ പദവികളും രാജിവെക്കണം എന്നാണ് കോൺഗ്രസിന്റെ ഭരണഘടന പറയുന്നത്. സസ്‌പെൻഷൻ കാലാവധി ഒന്നുമില്ലാത്തത് തിരിച്ചടിക്കുന്നതിന് വേണ്ടിയാണിതെന്നും ഗോവിന്ദൻ പറഞ്ഞു.
ഇതൊന്നും കോൺഗ്രസിനെ രക്ഷപ്പെടുത്താൻ കഴിയുമെന്ന് വിചാരിച്ചാൽ കേരളത്തിലെ ജനങ്ങൾ അംഗീകരിച്ചു കൊടുക്കില്ല.
ലജ്ജിച്ചു തലതാഴ്ത്തുന്നതിന് പകരം കോൺഗ്രസ് അക്രമപ്രവർത്തനങ്ങളിലേക്ക് പോവുകയാണെന്നും കേട്ടുകേൾവിയില്ലാത്ത സമരമാണിതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.