/sathyam/media/media_files/2025/08/31/r_1756315926-2025-08-31-00-08-48.jpg)
തിരുവവനന്തപുരം: നവരാത്രി മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ദേവസ്വം വകുപ്പുമന്ത്രി വി. എൻ. വാസവന്റെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ യോഗം നടന്നു.
ഈ വർഷത്തെ (2025) നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് യോഗത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.
നവരാത്രി ഉത്സവത്തോടു സഹകരിക്കുന്ന വിവിധ ഉത്സവ ആഘോഷ കമ്മിറ്റികളുടെ പ്രതിനിധികളെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ഉൾക്കൊള്ളിച്ചുകൊണ്ട് നവരാത്രി ഉത്സവവും ഉത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്രയും പൂർവ്വാധികം ഭംഗിയായി നടത്തുന്നതിലേക്കായാണ് ജനപ്രതിനിധികളെയും കേരള, തമിഴ്‌നാട് സർക്കാരുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളിച്ച് വിപുലമായ യോഗം ചേർന്നത്.
നവരാത്രി മഹോത്സവത്തിനോടനുബന്ധിച്ചുള്ള ആനയെഴുന്നള്ളിപ്പിന് തടസ്സങ്ങൾ ഒന്നും ഉണ്ടാകാത്ത രീതിയിൽ നിയമപരമായി വേണ്ട കാര്യങ്ങൾ വകുപ്പുതല ഏകോപനത്തിലൂടെ പൂർത്തീകരിക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.
കാലങ്ങളായി നടന്നുവരുന്ന നവരാത്രി മഹോത്സവം അതിന്റെ ആചാര അനുഷ്ഠാനങ്ങളോടെ നടത്തുന്നതിന് വേണ്ട പ്രായോഗികമായ സമീപനം ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാവണം.
പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ കൃത്യമായ മേൽനോട്ടം ഉണ്ടാവണം. അന്നദാനവിതരണത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ സപ്ലൈകോ വഴി ലഭ്യമാക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി.
അടുത്ത ദിവസങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരോ വിഭാഗത്തിന്റെയും അവലോകനം നടക്കുമെന്നും മന്ത്രി പറഞ്ഞു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്റ്റംബർ മാസം 20ന് തമിഴ്നാട്ടിൽ നിന്നും യാത്ര തിരിക്കും.
നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മികവ് കൂട്ടാനായി തമിഴ്‌നാട് മുതൽ തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതൽ തമിഴ്‌നാട് വരെയും സജന്യമായി കേരള പോലീസും തമിഴ്നാട് പോലീസും ഗാർഡ് ഓഫ് ഓണർ നൽകി വിഗ്രഹത്തോടൊപ്പം അകമ്പടി സേവിക്കുമെന്നും മന്ത്രി പറഞ്ഞു.