കേരളത്തിൽ നൂറ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുമ്പോൾ 99.5 ശതമാനം പേർ പത്താം ക്ലാസ്സിലെത്തുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിൽ

അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാനം പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. ഇതിൽ പന്ത്രണ്ടാം ക്ലാസ്സിൽ എത്തുന്നവർ 47.2 ശതമാനമാണ്.

New Update
photos AI

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 

Advertisment

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്രശിക്ഷാ സംവിധാനം ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടിൽ 2024-25 അക്കാദമിക വർഷത്തിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. 


ഇതിൽ അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ ഒന്നാം സ്ഥാനത്താണ് സംസ്ഥാനമെന്ന് മന്ത്രി അറിയിച്ചു.


കേരളത്തിൽ നൂറ് കുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്രവേശിക്കുമ്പോൾ 99.5 ശതമാനം പേർ പത്താം ക്ലാസ്സിലെത്തുന്നു. തൊണ്ണൂറ് ശതമാനം കുട്ടികൾ ഹയർ സെക്കണ്ടറിയുടെ ഭാഗമാകുന്നു. 

അഖിലേന്ത്യാ അടിസ്ഥാനത്തിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ 62.9 ശതമാനമാനം പേർ മാത്രമേ പത്താം ക്ലാസിൽ എത്തുന്നുള്ളൂ. ഇതിൽ പന്ത്രണ്ടാം ക്ലാസ്സിൽ എത്തുന്നവർ 47.2 ശതമാനമാണ്.


തൊഴിൽ വിദ്യാഭ്യാസ പഠനത്തിനായി പ്രയോജനപ്പെടുത്തുന്ന ഐ.റ്റി.ഐകൾ, പോളിടെക്നിക്കുകൾ, സ്‌കോൾ കേരള എന്നിവയിൽ പ്രവേശിക്കുന്ന കുട്ടികളുടെ കണക്ക് യുഡയസ് ഡേറ്റയിൽ വരുന്നില്ല. 


ഇത് കൂടി കണക്കാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന ഏതാണ്ട് എല്ലാവർക്കും പന്ത്രണ്ടാം ക്ലാസ്സ് വരെ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കാൻ കേരളത്തിന് കഴിഞ്ഞു എന്നത് മലയാളികൾക്കാകെ അഭിമാനിക്കാൻ കഴിയുന്ന വസ്തുതയാണ്. 

ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. അക്കാദമിക കാര്യങ്ങളിൽ കമ്പ്യൂട്ടർ ലഭ്യമായ സ്‌കൂളുകൾ ഇന്ത്യയിൽ 57.9 ശതമാനമാണ്. അതിൽ സർക്കാർ മേഖലയിൽ 52.7 ശതമാനം വിദ്യാലയങ്ങളിൽ മാത്രമേ ഇത്തരം ആധുനിക സൗകര്യങ്ങൾ ഉള്ളൂ. 


എന്നാൽ കേരളത്തിൽ 99.1 ശതമാനം സ്‌കൂളുകളിലും ഈ സൗകര്യം ഉണ്ട്. പൊതുവിദ്യാലയങ്ങളിൽ 99.3 ശതമാനം സ്‌കൂളിലും ഇത്തരം സൗകര്യങ്ങൾ ലഭ്യമാക്കി. ഇവിടെ 91.7 ശതമാനം സ്‌കൂളിലും തടസ്സമില്ലാത്ത ഇന്റർനെറ്റ് സൗകര്യങ്ങളുണ്ട്. 


ലിംഗസമത്വ സൂചികയായ ജെണ്ടർ പാരിറ്റി ഇൻഡെക്സ് സ്‌കൂൾ വിദ്യാഭ്യാസത്തിൽ എല്ലാ തലങ്ങളിലും ഒന്നിന് മുകളിലാണ്. ഇത് കേരളത്തിൽ പെൺകുട്ടികളുടെ പഠന പങ്കാളിത്തം ആൺകുട്ടികളുടേതിന് തുല്യമോ അതിൽ കൂടുതലോ ആണെന്ന് കാണിക്കുന്നു. 

അധ്യാപകരുടെ ഗുണമേന്മയിലും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലും സംസ്ഥാനം മുൻപന്തിയിലാണ്. ലൈബ്രറി, കളിസ്ഥലം, ടോയ്‌ലറ്റുകൾ, വൈദ്യുതി, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലും കേരളത്തിലെ സ്‌കൂളുകൾ ദേശീയതലത്തിൽ മുൻനിരയിൽത്തന്നെ. 


പരിശീലനം ലഭിച്ച അധ്യാപകരുടെ ശതമാനം എല്ലാ തലങ്ങളിലും ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്. പ്രീ-പ്രൈമറിയിൽ 87.4 ശതമാനം, പ്രൈമറിയിൽ 98.4 ശതമാനം, അപ്പർ പ്രൈമറിയിൽ 97.1 ശതമാനം എന്നിങ്ങനെയാണ് കണക്കുകൾ.


ഈ നേട്ടങ്ങൾ കൈവരിക്കുന്നതിന് പിന്നിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമമുണ്ടെന്നും കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisment