/sathyam/media/media_files/2025/05/06/8mOd0YZpFSX8Tk0jK5pb.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
വയനാട്, കാസര്‍കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി ലഭ്യമായത്. 50 എംബിബിഎസ് സീറ്റുകള്‍ക്ക് വീതമാണ് അനുമതി ലഭിച്ചത്. എന്‍എംസി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്.
ഇതോടെ ഈ സര്‍ക്കാരിന്റെ കാലത്ത് നാല് മെഡിക്കല്‍ കോളജുകള്‍ക്കാണ് അംഗീകാരം നേടാനായത്. എത്രയുംവേഗം നടപടിക്രമങ്ങള്‍ പാലിച്ച് ഈ അധ്യായനവര്‍ഷംതന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് മെഡിക്കല്‍ കോളജില്‍ 45 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് യാഥാര്‍ഥ്യമാക്കിയതായി മന്ത്രി അറിയിച്ചു. 60 സീറ്റുകളോട് കൂടി നഴ്‌സിങ് കോളജ് ആരംഭിച്ചു.
മെഡിക്കല്‍ കോളജിന്റെ ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ചതില്‍ നിയമനം നടത്തി.
2.30 കോടി വിനിയോഗിച്ച് മോഡേണ്‍ മോര്‍ച്ചറി കോംപ്ലക്സ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിര്‍മ്മാണം പൂര്‍ത്തിയാക്കി.
ആന്‍ജിയോപ്ലാസ്റ്റി പ്രൊസീജിയറുകള്‍ ആരംഭിച്ചു. അധ്യാപക തസ്തികകള്‍ അനുവദിച്ച് കാര്‍ഡിയോളജി വിഭാഗം ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവര്‍ ലോണ്‍ട്രി സ്ഥാപിച്ചു.
ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലേബര്‍ റൂം സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടപ്പാക്കി. പീഡിയാട്രിക് ഐസിയു സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിള്‍ സെല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
ജില്ലയില്‍ ആദ്യമായി അരിവാള്‍ കോശ രോഗിയില്‍ ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. എംബിഎഫ്എച്ച്ഐ, മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കി ലക്ഷ്യ സ്റ്റാന്‍ഡേഡിലേക്ക് ഉയര്‍ത്തി.
70 ലക്ഷം വിനിയോഗിച്ച് സ്‌കില്‍ ലാബ് സജ്ജമാക്കി. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തി. ഇ-ഹെല്‍ത്ത്, ഇ-ഓഫിസ് സംവിധാനങ്ങള്‍ ആശുപത്രിയില്‍ പ്രാവര്‍ത്തികമാക്കി.
20.61 ലക്ഷം രൂപയുടെ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പൂര്‍ത്തിയായി. ദന്തല്‍ വിഭാഗത്തില്‍ മികച്ച അത്യാധുനിക ചികിത്സകള്‍ ആരംഭിച്ചു.
കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി ഫണ്ടില്‍നിന്ന് 160 കോടിയുടെ ഭരണാനുമതി നല്‍കി. ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം പുരോഗമിക്കുന്നു. അക്കാദമിക് ബ്ലോക്ക് കെട്ടിടം പൂര്‍ത്തിയാക്കി.
മെഡിക്കല്‍ കോളജിനുള്ള ജലവിതരണ സംവിധാനത്തിന് 8 കോടി രൂപ അനുവദിച്ചു. ന്യൂറോളജി വിഭാഗം ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കി. ഘട്ടംഘട്ടമായി സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കി വരുന്നു.
60 സീറ്റുകളോടെ നഴ്‌സിങ് കോളജ് ആരംഭിച്ചു. 29 കോടി ചെലവഴിച്ച് നിര്‍മിക്കുന്ന ഹോസ്റ്റലിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍. 273 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി.
ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, പാത്തോളജി, ന്യൂറോളജി, നെഫ്രോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഡെര്‍മറ്റോളജി, ഇഎന്‍ടി, റെസ്പിറേറ്ററി മെഡിസിന്‍, ഒഎംഎഫ്എസ്, സൈക്യാട്രി വിഭാഗങ്ങളുടെ ഒപി ആരംഭിച്ചു.
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യത്തെ ന്യൂറോളജി, നെഫ്രോളജി ഒപി സ്ഥാപിച്ചു. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനങ്ങള്‍ ലഭ്യമാക്കി. പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ച് പ്രിന്‍സിപ്പല്‍ പോസ്റ്റ് ചെയ്തു.
റേഡിയോളജി സേവനങ്ങള്‍ക്ക് എ.ഇ.ആര്‍.ബിയില്‍ നിന്ന് അംഗീകാരം ലഭിച്ചതായും മന്ത്രി അറിയിച്ചു.