/sathyam/media/media_files/2025/09/03/photos123-2025-09-03-00-44-56.jpg)
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കണോ വേണ്ടയോ എന്നതിൽ യു.ഡി.എഫിൻെറ തീരുമാനം ബുധനാഴ്ച പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പത്രസമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കും.
സമുദായ സംഘടനകളുടെ പിന്തുണ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. ഇതിനായി യുഡിഎഫ് യോഗം പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ചുമതലപ്പെടുത്തി.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കാനുളള സർക്കാർ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ അജണ്ട തുറന്ന് കാണിക്കണമെന്ന് ഓൺലൈനായി ചേർന്ന യു.ഡി.എഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു.
ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കേണ്ടന്ന അഭിപ്രായവും മുന്നണിയോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ചു. എന്നാൽ അയ്യപ്പസംഗമം നല്ല പരിപാടിയെങ്കിൽ നടക്കട്ടെയെന്നാണ് മുസ്ളീം ലീഗിൻെറ നിലപാട്. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞ ദിവസം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ആഗോള അയ്യപ്പ സംഗമത്തോട് മുന്നണിക്കുളളിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സമുദായ സംഘടനകളുടെ പിന്തുണ കൂടി വിലയിരുത്തി ഉചിതമായ തീരുമാനം പ്രഖ്യാപിക്കാൻ യു.ഡി.എഫ് യോഗം പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തിയത്.
സുപ്രിം കോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതി പ്രവേശനം ആകാമെന്ന നിലപാടെടുത്തിരുന്ന സി.പി.എമ്മും തിരുവിതാംകൂർ ദേവസ്വം ബോർഡും ആ നിലപാടിൽ നിന്ന് പിന്നോട്ട് പോയ സാഹചര്യവും യു.ഡി.എഫ് വിശദമായി വിലയിരുത്തും.
2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി പിണഞ്ഞതോടെ യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാടിൽ നിന്ന് സി.പി.എം പിന്നോട്ട് പോയിരുന്നു.എന്നാൽ ശബരിമലയിലെ ആചാരങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലും സമരങ്ങളിലും പങ്കെടുത്തവർക്കെതിരെ എടുത്ത കേസ് ഇതുവരെ പിൻവലിച്ചിട്ടില്ല.
യുവതി പ്രവേശനത്തെ അനുകൂലീച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലവും ഇതുവരെ പിൻ വലിച്ചിട്ടില്ല. ഈ വസ്തുതകൾ മറച്ച് വെച്ച് കൊണ്ട് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാരിനെയും സി.പി.എം ഭരിക്കുന്ന ദേവസ്വം ബോർഡിനെയും തുറന്ന് കാട്ടണമെന്നാണ് യു.ഡി.എഫ് യോഗത്തിൽ ഉയർന്ന ആവശ്യം.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ നിലപാടെടുത്ത പന്തളം കൊട്ടാരത്തെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡ് ശ്രമം തുടങ്ങിയിട്ടുണ്ട്.
അയ്യപ്പ സംഗമത്തോട് സഹകരിക്കണെമന്ന ദേവസ്വം ബോർഡിൻെറ അഭ്യർത്ഥന സ്വീകരിച്ച പന്തളം കൊട്ടാരത്തിൻെറ പ്രതിനിധികൾ അതിനായി ഉപാധി വെച്ചു.ശബരിമല പ്രക്ഷോഭത്തിൽ പങ്കെടുത്തതിൻെറ പേരിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്നാണ് പന്തളം കൊട്ടാരത്തിൻെറയും ആവശ്യം.
ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് അഭിപ്രായം പറയാനാകില്ലെന്നും സർക്കാരിനോട് ആലോചിച്ച് മറുപടി നൽകാമെന്നുമാണ് ദേവസ്വം പ്രതിനിധികൾ കൊട്ടാരത്തെ അറിയിച്ചിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന് പ്രബല സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും പിന്തുണ പ്രഖ്യാപിച്ചതോടെ സംസ്ഥാന ബി.ജെ.പിയിൽ ആശയക്കുഴപ്പമുണ്ട്.
സംഗമത്തിന് എതിരായ നിലപാടിൽ ഉറച്ച് നിന്നാൽ സമുദായ സംഘടനകൾ എതിരാകുമോയെന്ന ആശങ്കയാണ് ബി.ജെ.പിയിലെ ആശയക്കുഴപ്പത്തിന് കാരണം. യുവതി പ്രവേശനത്തെ എതിർത്ത പഴയ നിലപാടിൽ നിന്ന് പിൻവാങ്ങുന്നതായി സി.പി.എം നേതൃത്വം വ്യക്തമാക്കിയതോടെ സംഗമത്തെ എതിർക്കണമെന്ന വാദഗതിയാണ് ബി.ജെ.പിയിൽ ശക്തിപ്പെടുന്നത്.
കേസുകളും കോടതിയിലെ സത്യവാങ്മൂലം പിന്തുണക്കാത്തതും ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ തുടർന്നും പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുക.ഇത് വ്യക്തമാക്കുന്നതാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻെറ പുതിയ പ്രതികരണം.
ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ലന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻെറ പ്രസ്താവന. അത്തരത്തിൽ പറഞ്ഞ് ഒഴിയുന്ന സി.പി.എം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണ്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഭക്തരോട് അല്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിന് മുൻപ് ശബരിമലയിലെ ആചാരങ്ങൾക്കെതിരായി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലം പിൻവലിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പ സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമം. അത്തരം ശ്രമങ്ങൾ ഒന്നും ഇനി വിലപോവില്ലെന്നും അദ്ദേഹം പറഞ്ഞു.