കാരുണ്യ സുരക്ഷാ പദ്ധതികൾക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു. 

New Update
photo ai

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 

Advertisment

75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിയ്ക്കും 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയ്ക്കുമായാണ് അനുവദിച്ചത്. കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ ഈ തുക സൗജന്യ ചികത്സ നൽകിയ ആശുപത്രികൾക്ക് വിതരണം ചെയ്തു. 

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിലൂടെ നടപ്പിലാക്കി വരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കായി ലോട്ടറി വകുപ്പ് മുഖേനയാണ് തുക അനുവദിച്ചത്. ഈ തുക പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ആശുപത്രികൾക്ക് നൽകിയതായും മന്ത്രി പറഞ്ഞു.


കഴിഞ്ഞ 3 വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയതിനുള്ള ആരോഗ്യ മന്ഥൻ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 


5 വർഷം കൊണ്ട് 25.17 ലക്ഷം പേർക്ക് ആകെ 7708 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാസ്പ് വഴി 24.06 ലക്ഷം പേർക്ക് 7163 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേർക്ക് 544 കോടിയുടെ സൗജന്യ ചികിത്സയും നൽകി.

ആരോഗ്യ വകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി വഴിയാണ് കാസ്പ് പദ്ധതി നടപ്പിലാക്കി വരുന്നത്. നിലവിൽ 43.07 ലക്ഷം കുടുംബങ്ങൾ കാസ്പിൽ ഉൾപ്പെടുന്നു. 

നിലവിൽ ഉണ്ടായിരുന്ന ആർഎസ്ബിവൈ, ചിസ്, ചിസ് പ്ലസ് എന്നീ പദ്ധതികൾ സംയോജിപ്പിച്ചാണ് കാസ്പ് അഥവാ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപീകരിച്ചത്. 


ഒരു കുടുംബത്തിന് ഒരു വർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിൽസാ ആനുകൂല്യമാണ് കാസ്പ് പദ്ധതി വഴി ലഭ്യമാകുന്നത്. 


പൊതു സ്വകാര്യ മേഖലകളിൽ നിന്നും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള 591 ആശുപത്രികൾ വഴി സംസ്ഥാനത്ത് പദ്ധതി സേവനങ്ങൾ ലഭ്യമാക്കി വരുന്നു. പദ്ധതിയുടെ ആരോഗ്യ ആനുകൂല്യ പാക്കേജ് പ്രകാരം ഗുണഭോക്താക്കൾക്ക് ചികിത്സാ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കൾ അല്ലാത്തതും 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഒറ്റ തവണത്തേക്ക് 2 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ ലഭ്യമാകും.

പദ്ധതികൾ സംബന്ധമായ അന്വേഷണങ്ങൾക്കും പരാതികൾക്കും ദിശ ഹെൽപ് ലൈൻ നമ്പർ (1056/104), സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജില്ലാ/സംസ്ഥാന ഓഫീസുകൾ എന്നിവയെ ബന്ധപ്പെടാവുന്നതാണ്.

Advertisment