/sathyam/media/media_files/2025/09/04/photos146-2025-09-04-07-36-25.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് സുജിത്തിനെതിരെ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ നടന്നത് ക്രൂരമായ മൂന്നാംമുറ.
പൊലിസിൻെറ തന്നെ അന്വേഷണ റിപോർട്ടിലാണ് നടന്നത് മൂന്നാം മുറയെന്ന് സ്ഥിരീകരിക്കുന്നത്.സംഭവത്തെ കുറിച്ച് അന്വേഷിച്ച ക്രൈം റെക്കോർഡ് ബ്യൂറോ അസിസ്റ്റൻറ് കമ്മീഷണർ കെ. സി.സേതു നടത്തിയ അന്വേഷണത്തിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ നടന്നത് ക്രൂരമായ പീഡനമെന്ന് വെളിപ്പെട്ടത്.
ഈ വിവരം അടങ്ങുന്ന റിപ്പോർട്ട് ലഭിച്ചിട്ടും ജില്ലാ പൊലിസ് മേധാവിയോ അഭ്യന്തര വകുപ്പോ ഒരു തരത്തിലുളള നടപടിയും എടുത്തില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് മോശമായി പെരുമാറിയതിനെ ചോദ്യം ചെയ്തതാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ സുജിത്തിനെ പിടികൂടി ക്രൂരമായി മർദ്ദിക്കുന്നതിന് പൊലീസിന് പ്രകോപനമായത്.
പിടകൂടിയ ശേഷം പൊലിസുകാർ സുജിത്തിനെ സ്റ്റേഷനിൽ എത്തിച്ചു മർദ്ദിച്ചുവെന്നാണ് അസിസ്റ്റന്റ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തൽ.
പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് വഴിയിൽ വെച്ചേ മർദ്ദനം തുടങ്ങിയിരുന്നുവെന്ന ആരോപണവും റിപോർട്ട് ശരിവെക്കുന്നുണ്ട്. ഒറീന ജംഗ്ഷനിൽ ജീപ്പ് നിർത്തി മർദ്ദിച്ചു എന്നതായിരുന്നു ആരോപണം.ഒനീറ ജങ്ങ്ഷന് അടുത്ത് നിൽക്കുകയായിരുന്ന ശശിധരൻ എന്ന പൊലീസ് കാരനാണ് മർദ്ദിച്ചത്.
പൊലീസ് സ്റ്റേഷനിൽ എത്തിച്ച സമയത്ത് സന്ദീപ് എന്ന പൊലീസുകാരൻ സുജിത്തിനെ പിടിച്ചുകൊണ്ട് സ്റ്റേഷന് അകത്തേക്ക് പോയി.ജി ഡി ചാർജ് ഉണ്ടായിരുന്ന പൊലിസുകാരനായ ശശിധരൻ സ്റ്റേഷന് പുറത്തുനിന്ന് നടന്നുവരുന്നത് മർദ്ദനം നടന്നു എന്നതായി കരുതാം എന്നാണ് റിപോർട്ടിലെ നിഗമനം.
സ്റ്റേഷൻെറ മുകളിലത്തെ നിലയിൽ എത്തിച്ച സുജിത്തിനെ എസ്ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചിട്ടുണ്ടാകുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ചൂരലുമായി എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ മുകളിലേക്ക് പോയത് മർദ്ദിക്കുന്നതിന് വേണ്ടിയാണെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
2023 മെയ് 15ന് തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപോർട്ടിൽ പൊലിസ് വീഴ്ചകൾ എണ്ണിപ്പറയുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാറായ സമയത്ത് പുറത്തുവന്ന മർദ്ദന ദൃശ്യങ്ങൾ മുഖ്യമന്ത്രിക്കും അഭ്യന്തര വകുപ്പിനും കനത്ത തിരിച്ചടിയാണ്.
പൊലീസിനെ ആധുനിക വൽക്കരിച്ചെന്ന് അവകാശപ്പെടുമ്പോഴാണ് സ്റ്റേഷനിലെ മൂന്നാം മുറയുടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
യുവാവിന് നേരെ നടന്ന ക്രൂരമായ മർദ്ദനത്തെ കുറിച്ച് തൃശൂർ ജില്ലാ പൊലീസ് മേധാവി അടക്കമുളള ഉന്നത പൊലീസ് മേധാവികൾക്ക് വ്യക്തമായ ബോധ്യമുണ്ടെങ്കിലും ഒരു നടപടിയും എടുക്കാതിരുന്നതും അഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
2023ൽ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ നടന്ന മർദ്ദനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
പൊലീസ് മർദ്ദനത്തിന്റെ വിവരങ്ങൾ അടിയന്തരമായി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ത്യശൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ദ്യശ്യ മാധ്യമങ്ങളിൽ മർദ്ദനത്തിന്റെ ദ്യശ്യങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തത്.