/sathyam/media/media_files/2025/07/30/youth-congress-2025-07-30-00-03-26.jpg)
തിരുവനന്തപുരം: യൂത്ത് കോൺഗ്രസിൻെറ പുതിയ സംസ്ഥാന അധ്യക്ഷനെ ഒരാഴ്ച്ചക്കകം പ്രഖ്യാപിക്കും. പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിന് മുന്നോടിയായുളള നടപടികളിലേക്ക് യൂത്ത് കോൺഗ്രസ് ദേശിയ നേതൃത്വം കടന്നുകഴിഞ്ഞു.
ദേശിയ യൂത്ത് കോൺഗ്രസിൻെറ സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി ശ്രാവൺ റാവു സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് പ്രധാന നേതാക്കളുടെ അഭിപ്രായം തേടുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവരിൽ നിന്നാണ് ശ്രാവൺ റാവു പുതിയ അധ്യക്ഷൻ ആരായിരിക്കണമെന്നത് സംബന്ധിച്ച് അഭിപ്രായം ആരായുന്നത്.
സാധാരണ നിയമസഭാ കക്ഷി നേതാവിൻെറയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻെറയും അഭിപ്രായമാണ് പരിഗണിക്കുന്നതെങ്കിലും കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പ്രധാന നേതാക്കളിൽ നിന്നെല്ലാം അഭിപ്രായം തേടുന്നത്.
സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ താൽപര്യം യൂത്ത് കോൺഗ്രസ് ദേശിയ നേതൃത്വം വിലയിരുത്തും. യൂത്ത് കോൺഗ്രസിൻെറ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണ അല്ലാരു വഴി കോൺഗ്രസ് ഹൈക്കമാൻഡിൻെറ അഭിപ്രായവും തേടും.
ഹൈക്കമാൻഡിൻെറ താൽപര്യം കൂടി പരിഗണിച്ചായിരിക്കും യൂത്ത് ദേശിയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്ബ് കേരളത്തിലെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുക. ഒരാഴ്ച്ചക്കകം പ്രഖ്യാപനം നടത്തണമെന്ന കണക്കൂകൂട്ടലിലാണ് നടപടികൾ മുന്നോട്ട് നീക്കുന്നത്.
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സമരസംഘടനയുടെ റോൾ നിർവഹിക്കേണ്ട യൂത്ത് കോൺഗ്രസിൻെറ അധ്യക്ഷ പദവി ഒഴിഞ്ഞു കിടക്കുന്നത് ദോഷകരമാണെന്ന് നേതൃത്വത്തിനും ബോധ്യമുണ്ട്.
കുന്ദംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വനൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിന് പൊലീസിൽ നിന്ന് ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്ന വിഷയത്തിൽ ശക്തമായ പ്രക്ഷോഭം നടത്തേണ്ട യൂത്ത് കോൺഗ്രസിനെ നയിക്കാൻ അധ്യക്ഷനില്ലാത്തത് കൊണ്ട് മികച്ച തോതിൽ പ്രക്ഷോഭ രംഗത്തേക്ക് വരാനായിട്ടില്ല.
സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ ലൈംഗികാരോപണത്തെ തുടർന്ന് പദവിയിൽ നിന്ന് നീക്കിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വന്നത്.
അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയത് കൂടാതെ കോൺഗ്രസിൻെറ പ്രാഥമികാംഗത്വത്തിൽ നിന്ന് കൂടി രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെന്റ് ചെയ്തതോടെ സംസ്ഥാന കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ചേരിതിരിവ് രൂക്ഷമായിട്ടുണ്ട്.
എ ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്താണ് രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയത്. അതുകൊണ്ട് രാഹുലിൻെറ ഒഴിവിൽ നടക്കുന്ന പുതിയ നിയമനവും എ ഗ്രൂപ്പിൽ നിന്ന് തന്നെയാകണമെന്നാണ് എ ഗ്രൂപ്പിൻെറ ആവശ്യം.
രാഹുലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തിക്കാൻ ചരടുവലിച്ച ഷാഫി പറമ്പിൽ എം.പിയാണ് എ ഗ്രൂപ്പിന് വേണ്ടി കരുക്കൾ നീക്കുന്നത്.
എന്നാൽ പുതിയ അധ്യക്ഷനെ വെക്കുമ്പോൾ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് പിന്നിൽ രണ്ടാമതെത്തിയ ഇപ്പോഴത്തെ സംസ്ഥാന വൈസ് പ്രസിഡന്റുമാരിൽ സീനിയറായ ആളെ പരിഗണിക്കണമെന്നാണ് രമേശ് ചെന്നിത്തല നയിക്കുന്ന വിശാല ഐ ഗ്രൂപ്പിൻെറ വാദം.
സ്വാഭാവിക നീതിയുടെ പേരും പറഞ്ഞു കൊണ്ടാണ് ചെന്നിത്തല ഒപ്പം നിൽക്കുന്ന നേതാക്കളിൽ ഒരാളെ അധ്യക്ഷനാക്കാൻ യത്നിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്ക് വേണ്ടിയാണ് രമേശ് ചെന്നിത്തല ഗ്രൂപ്പിൻെറ വാദങ്ങൾ.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന് പിന്നിലായി രണ്ടാം സ്ഥാനത്തെത്തിയത് അബിൻ വർക്കിയാണ്.
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ അധ്യക്ഷനായി വോട്ടെടുപ്പിൽ രണ്ടാമതെത്തി, വൈസ് പ്രസിഡൻറായിരിക്കുന്ന അബിൻ വർക്കിയെ തന്നെ നിശ്ചയിക്കേണ്ടത് സ്വാഭാവിക നീതിയാണെന്നാണ് ചെന്നിത്തലയുടെ വാദം.
എന്നാൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുളള നേതാവ് എന്നതാണ് അബിൻ വർക്കിയുടെ കടന്നുവരവിന് തടസമായിരിക്കുന്നത്.കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറും ക്രൈസ്തവ വിഭാഗത്തിൽ നിന്നുളളവരാണ്.
മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തറിനെ കൂടി പരിഗണിച്ചാൽ കോൺഗ്രസ് നേതൃത്വത്തിലും പോഷക സംഘടനാ നേതൃത്വത്തിലും ക്രൈസ്തവ-ന്യുനപക്ഷ നേതാക്കളുടെ ബാഹുല്യമുണ്ട്.
ഈ സാഹചര്യത്തിൽ അബിൻ വർക്കിയെ സംസ്ഥാന അധ്യക്ഷനാക്കാനുളള സാധ്യത വിരളമാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന.രാഹുൽ മാങ്കൂട്ടത്തിലിൻെറ പിൻഗാമിയും അതെ ഗ്രൂപ്പിൽ നിന്നുതന്നെയാകണമെന്ന് വാദിക്കുന്ന എ ഗ്രൂപ്പ് മുന്നോട്ട് വെക്കുന്ന പ്രധാന പേര് കെ.എസ്.യു മുൻ സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിൻെറ പേരാണ്.
എന്നാൽ ഈഴവ വിഭാഗത്തിൽ നിന്നുളള നേതാവായ ഒ.ജെ.ജനീഷിനെ അധ്യക്ഷനായി കൊണ്ടുവരണമെന്നാണ് എ ഗ്രൂപ്പിൻെറ പുതിയ നേതൃത്വമായി ഉയർന്നുവരുന്ന ഷാഫി പറമ്പിലിൻെറ താൽപര്യം. കൊടങ്ങല്ലൂർ സ്വദേശിയായ ജെനീഷ്, ഷാഫി പറമ്പിലിൻെറ വിശ്വസ്തനാണ്.
ഏറ്റവും വിശ്വസ്തനായി കരുതി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ അവരോധിച്ച രാഹുൽ മാങ്കൂട്ടത്തിലിൻെറ പകരക്കാരനും തൻെറ വിശ്വസ്തനായിരിക്കണമെന്നതാണ് ഷാഫി പറമ്പിലിൻെറ താൽപര്യം.യൂത്ത് കോൺഗ്രസിൻെറ ഭാഗമല്ല എന്നതാണ് അഭിജിത്തിൻെറ പ്രതികൂല ഘടകം.
അബിൻ വർക്കി, കെ.എം.അഭിജിത്ത്, ഒ.ജെ.ജെനീഷ് എന്നിവർക്ക് പുറമേ യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറി ബിനു ചുളളിയിലിൻെറ പേരും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കെ.എസ്.യു യൂണിറ്റ് കമ്മിറ്റി മുതൽ പ്രവർത്തിച്ച് വന്ന് യൂത്ത് കോൺഗ്രസ് ദേശിയ സെക്രട്ടറിയായി വരെ ഉയർന്ന ബിനു ചുളളിയിലിന് കെ.സി.വേണുഗോപാലിൻെറയും വി.ഡി.സതീശൻെറയും പിന്തുണയുണ്ട്.
എന്നാൽ ഹരിപ്പാട് സ്വദേശിയും രമേശ് ചെന്നിത്തലയുടെ സ്വന്തം ബൂത്ത് ഉൾപ്പെടുന്ന പ്രദേശത്തെ താമസക്കാരനുമായ ബിനു ചുളളിയിലിൻെറ പ്രതികൂല ഘടകവും രമേശ് ചെന്നിത്തല തന്നെ.
ഹരിപ്പാട് നിന്ന് തൻെറ പിന്തുണയില്ലാതെ മറ്റൊരു നേതാവ് ഉയർന്നുവരരുതെന്ന് കരുതുന്ന രമേശ് ചെന്നിത്തല, ബിനുവിനെ വെട്ടിയേ തീരു എന്ന കടുത്ത നിലപാടിലാണ്.ബിനുവിന് പ്രായം കഴിഞ്ഞെന്നതടക്കമുളള തെറ്റായ പ്രചരണങ്ങളുടെ പ്രഭവ കേന്ദ്രവും ചെന്നിത്തലയുടെ ഗ്രൂപ്പ് തന്നെ.