മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും വർധിപ്പിക്കാനൊരുങ്ങി സർക്കാർ. വേതന പരിഷ്കരണം വേണമെന്ന കാര്യത്തിൽ ഭരണ- പ്രതിപക്ഷ ഭേദമന്യേ ഏതാണ്ട് എല്ലാ പാർട്ടികളും യോജിപ്പ്. നിലവിലെ ശമ്പളവും ആനൂകൂല്യവും മണ്ഡലത്തിലെ ചെലവുകൾക്ക് പോലും മതിയാകുന്നില്ല. സാമ്പത്തിക പ്രതിസന്ധിക്കിടെ എംഎൽമാരുടെ ആനുകൂല്യങ്ങൾ ഉയർത്തുന്നത് സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്നും ആശങ്ക

മന്ത്രിസഭ അംഗീകരിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ മാത്രമേ വേതന പരിഷ്കരണം പ്രാബല്യത്തിൽ കൊണ്ടുവരാനാകൂ.

New Update
photos(174)

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുളള നടപടികൾ വീണ്ടും സര്‍ക്കാ‌ർ പരിഗണിക്കുന്നു. 

Advertisment

മന്ത്രിമാരുടെ ശമ്പളവും ബത്തകളും വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് പഠിച്ച റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എന്‍.രാമചന്ദ്രന്‍ നായർ കമ്മീഷന്റെ ശുപാര്‍ശയടങ്ങിയ ഫയല്‍ മന്ത്രിസഭയുടെ അജണ്ടയിലെത്തി.


ഓഗസ്റ്റ് 27ന് ചേർന്ന മന്ത്രിസഭാ യോഗത്തിൻെറ അജണ്ടയിലാണ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വേതന വർദ്ധനവ് പരിഗണനയ്ക്ക് വന്നത്.എന്നാല്‍ തൽക്കാലം മാറ്റിവെക്കാമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അജണ്ടയിൽ തീരുമാനം എടുത്തില്ല. 


ഇതര സംസ്ഥാനങ്ങളിലെ  മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും സേവന വേതന വ്യവസ്ഥകൾ പരിശോധിച്ചശേഷം നിയമനിർമ്മാണം മന്ത്രിസഭ വീണ്ടും പരിഗണിക്കും.

ബിൽ മന്ത്രിസഭ പരിഗണിക്കുന്നതിന് മുൻപ് നിയമസഭാ പ്രാതിനിധ്യമുളള സംസ്ഥാനത്തെ രാഷ്ട്രീയപാര്‍ട്ടികളുടെ കൂടി അഭിപ്രായം കൂടി തേടും.മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെയാണ് രാഷ്ട്രീയ പാർട്ടികളുടെ കൂടി അഭിപ്രായം തേടണമെന്ന നിർദ്ദേശം വെച്ചത്.


പാർലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷാണ് മന്ത്രിമാരുടെയും എം.എൽ.എ മാരുടെയും വേതന പരിഷ്കരണം സംബന്ധിച്ച ബിൽ മന്ത്രിസഭയിൽ പൈലറ്റ് ചെയ്തത്.


മന്ത്രിസഭ അംഗീകരിക്കുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയാൽ മാത്രമേ വേതന പരിഷ്കരണം പ്രാബല്യത്തിൽ കൊണ്ടുവരാനാകൂ.

ഈ മാസം 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുക ലക്ഷ്യമിട്ടാണ് ബിൽ കൊണ്ടു വന്നതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായുളള ചർച്ചയൊക്കെ തീരുമാനിച്ച സാഹചര്യത്തിൽ 15ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാൻ ഇടയില്ലെന്നാണ് സൂചന.

വേതന പരിഷ്കരണം വേണമെന്ന കാര്യത്തില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേ ഏതാണ്ട് എല്ലാ പാര്‍ട്ടികളും യോജിപ്പാണ്.

തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും ബത്തകളും കൂട്ടിയാൽ  പൊതുജനാഭിപ്രായം എതിരാകുമോ എന്ന ഭയം മൂലമാണ് മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുക്കാതെ നീട്ടിക്കൊണ്ടു പോകുന്നത്.


നിലവിലെ ശമ്പളവും ആനൂകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്ക് പോലും മതിയാകുന്നില്ലെന്നാണ്  എം എല്‍ എ മാരില്‍ പലരുടെയും പരാതി.


ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ ജപ്തിഭിഷണിയോടെ കഴിയുന്ന  നാട്ടിക എം എല്‍ എ: സി സി മുകുന്ദൻെറ പരിതാപാവസ്ഥ ഉദാഹരണമായും അവർ ചൂണ്ടിക്കാട്ടുന്നു.

പാർട്ടികളുടെ ലെവി കൂടി കൊടുത്ത് കഴിഞ്ഞാൽ കൈവശം ഒന്നുമില്ലെന്നാണ് എം.എൽ.എമാരുടെ പരിദേവനം.

മറ്റുവഴികളിൽ പണം സ്വരൂപിക്കാൻ മിടുക്കില്ലാത്തവർ സി.സി.മുകുന്ദനെ പോലെ കടുത്ത ബാധ്യതയിലാണെന്നും എം.എൽ.എമാർ ചൂണ്ടിക്കാട്ടുന്നു.  ഇതിന് മുൻപ് 2018 ലാണ് എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും വേതനവും ബത്തകളും പരിഷ്കരിച്ചത്. 


ശമ്പള പരിഷ്‌കരണ ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച  ജസ്റ്റീസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷൻ ആനുകൂല്യങ്ങളില്‍ 35 ശതമാനം വരെ വര്‍ധനവ് വേണമെന്നാണ് സർക്കാരിനോട് ശിപാർശ ചെയ്തിട്ടുളളത്.


2023 ജനുവരിയില്‍ ലഭിച്ച കമ്മീഷന്‍ റിപോർട്ട് തീരുമാനമെടുക്കാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു.

റിപ്പോര്‍ട്ട് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നെങ്കിലും അതിലെ ശിപാർശകളുടെ അടിസ്ഥാനത്തില്‍ ഒന്നിലധികം തവണ ശമ്പളവര്‍ധനക്കായുള്ള  ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങിയെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. 


സാമ്പത്തിക പ്രതിസന്ധിക്കിടെ എം എല്‍ മാരുടെ ആനുകൂല്യങ്ങള്‍ ഉയര്‍ത്തുന്നത് സർക്കാരിൻെറ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുമെന്ന് മന്ത്രിമാര്‍തന്നെ ആശങ്കപ്പെടുന്നുണ്ട്. തദ്ദേശതിരഞ്ഞെടുപ്പുകൂടി വരാനിരിക്കെ ധൃതിപിടിച്ച് വര്‍ധന നടപ്പാക്കാനിടയില്ലെന്ന് പറയപ്പെടുന്നു. 


2018ൽ നടപ്പിലാക്കിയ വേതന-ബത്ത പരിഷ്കരണ പ്രകാരം സംസ്ഥാനത്തെ മന്ത്രിമാർക്ക് ശമ്പളവും ആനൂകൂല്യങ്ങളും അടക്കം 97429 രൂപ ലഭിക്കുന്നുണ്ട്.

മന്ത്രിമാരുടെ ശമ്പളം 55012 രൂപയില്‍ നിന്നാണ് 97429 രൂപയായി ഉയര്‍ത്തിയത്. മന്ത്രിമാരുടെ വാഹനം, യാത്രാചെലവ്, താമസം, പഴ്സണൽ സ്റ്റാഫ് അടക്കമുള്ള ചെലവുകള്‍  സംസ്ഥാനമാണ് വഹിച്ച് പോരുന്നത്.കാർ യാത്രക്ക് കിലോമീറ്ററിന് 15 രൂപ നിരക്കിലാണ് മന്ത്രിമാർ‍ക്ക് യാത്രാബത്ത ലഭിക്കുന്നത്. 


അധികാര ചിഹ്നമായി മാറിയ ഇന്നോവ ക്രിസ്റ്റ കാറിലെ യാത്ര പലപ്പോഴും നഷ്ടമാണെന്നാണ് മന്ത്രിമാർ പറയുന്നത്. ഇന്നോവ ക്രിസ്റ്റക്ക് മൈലേജ് കുറവായത് കൊണ്ട് സർക്കാർ നൽകുന്ന കിലോമീറ്ററിന് 15 രൂപ പലപ്പോഴും മുതലാകുന്നില്ലെന്നാണ് മന്ത്രിമാരുടെ പരിദേവനം.


സംസ്ഥാനത്തെ എം.എൽ.എമാർക്ക് ശമ്പളവും ആനുകൂല്യങ്ങളും അടക്കം പ്രതിമാസം 70000 രൂപ കിട്ടുന്നുണ്ട്.

2000 രൂപ പ്രതിമാസ സ്ഥിരബത്തയും മണ്ഡലം അലവന്‍സ് 25000 രൂപയും ടെലഫോണ്‍ അലവന്‍സ് 11000 രൂപയും ഇന്‍ഫര്‍മേഷന്‍ അലവന്‍സ് 4000 രൂപയും സംപ്ച്വറി അലവന്‍സ് 8000 രൂപയും യാത്രബത്ത 20000 രൂപയും ഉള്‍പ്പെടുന്നതാണിത്.  

ചികിത്സാചെലവ്, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളും എം.എൽ.എമാർക്ക് ലഭിക്കുന്നുണ്ട്.5 കോടി രൂപവരെയുളള ചികിത്സാ ചെലവ് പൂർണമായും റീ ഇംപേഴ്സ് ചെയ്ത് നൽകുകയാണ് പതിവ്. ഇത് കൂടാതെ വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കുറഞ്‍ഞ പലിശക്ക് വായ്പയും നൽകുന്നുണ്ട്.

Advertisment