തിരുവനന്തപുരം: യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം സി ജെ എം കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ച് വിദേശയാത്ര നടത്തിയതിനാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരായി യു.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ നിയമസഭാ മാർച്ച് നടന്നിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിൽ പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു പാസ്പോർട്ടുള്ള പ്രതികൾ പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണം എന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ വിലക്ക് ലംഘിച്ച് പി.കെ. ഫിറോസ് വിദേശത്തേക്ക് പോയെന്ന് പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. അഭിഭാഷകനെയടക്കം വിളിച്ചുവരുത്തി ഫിറോസ് എവിടെയെന്ന് കോടതി ചോദിച്ചു.
ഇതിന് ഉത്തരമായി അഭിഭാഷകൻതന്നെയാണ് ഫിറോസ് തുർക്കിയിലാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് കോടതി ഫിറോസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.