പുതിയ വാഹനം വാങ്ങുന്നവർക്ക് ശുഭവാർത്ത; സ്ഥിരവിലാസം പ്രശ്നമല്ല; വാഹനങ്ങൾ കേരളത്തിൽ എവിടെയും രജിസ്റ്റർ ചെയ്യാം; ലേണേഴ്‌സ് ടെസ്റ്റിലും മാറ്റം; ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം മടക്കിക്കൊണ്ടുവരാനും ആലോചന; ഉത്തരവിറക്കി ട്രാൻസ്പോർട്ട് കമ്മീഷണർ

New Update
keralamvd-1116581

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങിയശേഷം സ്വന്തം മേൽവിലാസമുളള ആർ.ടി.ഓഫീസുകളിലേക്ക് കൊണ്ടുവരേണ്ട ബുദ്ധിമുട്ട് ഒഴിവാകുന്നു.

Advertisment

ഉപകാരപ്രദമായ തീരുമാനം

വാഹനം വാങ്ങുന്ന സംസ്ഥാനത്തെ ഏത് സ്ഥലത്ത് നിന്നായാലും ആ സ്ഥലത്തെ ആർ.ടി ഓഫീസിൽ രജിസ്റ്റർ ചെയ്യാം. 

വാങ്ങിയ വാഹനവും കൊണ്ട് തെക്ക് വടക്ക് നടക്കുന്ന പഴയ രീതിക്ക് അന്ത്യം കുറിക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്ത് വാഹന രജിസ്‌ട്രേഷന്‍ എവിടെ നിന്ന് വേണമെങ്കിലും നടത്താവുന്ന രീതിയില്‍ ക്രമീകരണം കൊണ്ടുവരാനാണ് മോട്ടോർ വാഹന വകുപ്പിൻെറ തീരുമാനം.

ഹൈക്കോടതി ഇടപെടലാണ് വാഹന ഉടമൾക്ക് ഉപകാരപ്രദമായ തീരുമാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പിനെ എത്തിച്ചത്. ഹൈക്കോടതി ഉത്തരവിൻെറ ചുവട് പിടിച്ച്  ഗതാഗത വകുപ്പ് സര്‍ക്കുലര്‍ ഇറക്കി.


കേരളത്തില്‍ വാഹന ഉടമയുടെ താമസ സ്ഥലം അനുസരിച്ച്, അതാത് റീജണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളിലാണ് നിലവില്‍ വാഹനം രജിസ്റ്റർ ചെയ്യേണ്ടത്. 


ഈ രീതിയില്‍ സമഗ്രമായ മാറ്റം വരുത്താനാണ് മോട്ടോർ വാഹന വകുപ്പിൻെറ പദ്ധതി.വാഹനം വാങ്ങുന്ന സ്ഥലം ഏതായാലും അവിടെയോ അല്ലെങ്കിൽ ഉടമക്ക് സൗകര്യപ്രദമായ ഏവിടെ നിന്ന് വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ പരിഷ്കാരം.

ഭാരത് സീരിസ് രജിസ്ട്രേഷന്  സമാനമായി ഏകീകൃത നമ്പര്‍ സംവിധാനം കൊണ്ടുവരുന്നതിനാണ് ആലോചന.


ഹൈക്കോടതി  വിധിയെ തുടര്‍ന്നാണ് രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കാൻ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചത്.


ഇതേപ്പറ്റി പഠിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തി.രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം

നേരത്തെ വിവാദമായതിനെ തുടർന്ന് മാറ്റിവെച്ച  ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരം മടക്കിക്കൊണ്ടുവരാനും മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

ഇതിൻെറ ഭാഗമായി ആദ്യം ലേണേഴ്‌സ് ടെസ്റ്റ് പരിഷ്‌കരിക്കും.തെറ്റായ ഉത്തരം എഴുതുന്നവർക്ക് നെഗറ്റീവ്മാര്‍ക്ക് അടക്കം ഏര്‍പ്പെടുത്തി ലേണേഴ്സ് ടെസ്റ്റിൻെറ തിയറി പരീക്ഷ വിപുലീകരിക്കും.


ഡ്രൈവിങ്ങ് ടെസ്റ്റിലേക്ക് വരുമ്പോൾ ഇപ്പോൾ നിലവിലുളള  എച്ച്, എട്ട് ടെസ്റ്റുകള്‍ക്കും റോഡിൽ വാഹനം ഓടിച്ച് കാണിക്കുന്ന രീതിയിലും മാറ്റമുണ്ടാകും. 


ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരം മൂന്ന് മാസത്തിനകം പ നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ അറിയിച്ചു. കെ.ബി.ഗണേഷ് കുമാർ ഗതാഗത മന്ത്രിയായതിന് പിന്നാലെയാണ് ഡ്രൈവിങ് ടെസ്റ്റ് സമഗ്രമായി പരിഷ്കരിക്കാൻ ഉത്തരവിറക്കിയത്.

സി.ഐ.ടി.യു യൂണിയൻ അടക്കം  രംഗത്തെത്തിയതോടെ പരിഷ്കാരങ്ങളിൽ നിന്ന് പിന്മാറാൻ മോട്ടോർ വാഹന വകുപ്പ് നിർബന്ധിതമായി. വീണ്ടും പരിഷ്കാരം കൊണ്ടുവരുമ്പോൾ യൂണിയനുകൾ എങ്ങനെ പ്രതികരിക്കുമെന്നാണ് അറിയാനുളളത്

Advertisment