Advertisment

30 സ്മാർട്ട് അങ്കണവാടികൾ കൂടി യാഥാർത്ഥ്യമായി. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

അതത് സ്മാർട്ട് അങ്കണവാടികളിലെ ഉദ്ഘാടന ചടങ്ങുകളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.

New Update
smart anganawadi

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

Advertisment

പെരുങ്കടവിള ഒറ്റശേഖരമംഗലം കരവറ 60-ാം നമ്പർ അങ്കണവാടി കേന്ദ്രീകരിച്ച് ജനാർദനപുരം ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് രാവിലെ 11 മണിക്കാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. 

ആരോഗ്യ വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. സി കെ ഹരീന്ദ്രൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

അതത് സ്മാർട്ട് അങ്കണവാടികളിലെ ഉദ്ഘാടന ചടങ്ങുകളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കും.


കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വികസനത്തിന് ശിശു സൗഹൃദപരമാക്കുന്നതിൻ്റെ ഭാഗമായാണ് അങ്കണവാടികളെ സ്മാർട്ട് അങ്കണവാടികളാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.


നിലവിൽ 189 സ്മാർട്ട് അങ്കണവാടികൾക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി നൽകിയിട്ടുള്ളതിൽ 87 അങ്കണവാടികളുടെ ഉദ്ഘാടനം കഴിഞ്ഞു. 30 സ്മാർട്ട് അങ്കണവാടികളാണ് ഇപ്പോൾ പ്രവർത്തനസജ്ജമായത്.

ഇതോടെ 117 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യമായി. ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

അങ്കണവാടികളുടെ അടിസ്ഥാന സൗകര്യത്തിലും കരിക്കുലത്തിലും വലിയ മാറ്റങ്ങൾ വരുത്തി. സ്ഥല സൗകര്യം അനുസരിച്ച് 10, ഏഴ്, അഞ്ച്, അഞ്ച്, മൂന്ന്, 1.25 സെന്റുകളുള്ള പ്ലോട്ടുകൾക്ക് അനുയോജ്യമായാണ് സ്മാർട്ട് അങ്കണവാടികൾ രൂപ കല്പന ചെയ്തിരിക്കുന്നത്.


കുഞ്ഞുങ്ങളുടെ ഭാവിയുടെ സമഗ്ര വികാസം ഉറപ്പാക്കിയാണ് സ്മാർട്ട് അങ്കണവാടികളിൽ സൗകര്യങ്ങളൊരുക്കിയിട്ടുള്ളത്.


പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർറൂം, ഇൻഡോർ ഔട്ട്ഡോർ പ്ലേ ഏരിയ, ഹാൾ, പൂന്തോട്ടം തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.

വനിതാ ശിശുവികസന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, എംഎൽഎ എന്നീ ഫണ്ടുകൾ സംയുക്തമായി വിനിയോഗിച്ചാണ് സ്മാർട്ട് അങ്കണവാടികൾ പൂർത്തിയാക്കിയത്.

Advertisment