/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
തിരുവനന്തപുരം: യൂണിവേഴ്സിറ്റികളിൽ ഉടൻ സ്ഥിരം വൈസ്ചാൻസലർമാരെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണ്.
കേരളത്തിലെ 12 സർവകലാശാലകളിൽ വൈസ്ചാൻസലർമാരില്ലാത്തത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നത്.
ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് സ്ഥിരം വി.സിയും പ്രോവൈസ്ചാൻസലറുമുള്ളത്. മറ്റിടങ്ങളിൽ പി.വി.സിയുമില്ല. നിലവിലെ യു.ജി.സി നിയമപ്രകാരം വി.സി നിയമനത്തിൽ ഗവർണർക്കാണ് മേൽക്കൈ.
സെർച്ച് കമ്മിറ്റി രൂപീകരണവും വി.സി നിയമനവുമെല്ലാം ഗവർണറുടെ ചുമതലയാണ്.
എന്നാൽ തങ്ങൾക്ക് താത്പര്യമില്ലാത്തവരെ ഗവർണർ വി.സിമാരാക്കുമെന്ന ആശങ്ക കാരണം സെർച്ച് കമ്മിറ്റി രൂപീകരണത്തിന് വർഷങ്ങളായി സർക്കാർ തടയിടുകയാണ്. ഇതാണ് വി.സി നിയമനം നീണ്ടുപോവാൻ കാരണം.
വൈസ്ചാൻസലർ നിയമനം നീളുന്നത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു.
ചാൻസലറും സർക്കാരും ഐക്യത്തോടെയാണ് പ്രവർത്തിക്കേണ്ടത്. സംസ്ഥാന സർക്കാരും ചാൻസലറും കൂടി ആലോചിച്ച് സ്ഥിരം വി സി നിയമനത്തിന് നടപടികളെടുക്കണം.
സെർച്ച് കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് നേടിയെന്ന് എ ജി കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, സർക്കാരും ചാൻസലറും തമ്മിലുളള തർക്കത്തിൽ അനുഭവിക്കുന്നത് വിദ്യാർത്ഥികളാണെന്നും യൂണിവേഴ്സിറ്റി കാര്യങ്ങളിൽ രാഷ്ട്രീയം പാടില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർ നിയമനത്തിനായി സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമെന്നാണ് ഗവർണർ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയത്.
സർവകലാശാലയിലെ പ്രോവൈസ്ചാൻസലർ, സമീപത്തെ സർവകലാശാലയിലെ വി.സി, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് യൂണിവേഴ്സിറ്റി ആക്ട് പ്രകാരം താത്കാലിക നിയമനത്തിന് പരിഗണിക്കേണ്ടത്.
എന്നാൽ സർക്കാർ നൽകിയ പാനൽ ഇതുപ്രകാരമല്ല. അതിനാൽ സർക്കാർ ശുപാർശ നിയമവിരുദ്ധമെന്നാണ് ഗവർണർ അപ്പീലിൽ ചൂണ്ടിക്കാട്ടിയത്.
സ്ഥിരം വി.സിമാരെ നിയമിക്കും വരെ ഡിജിറ്റൽ, ടെക്നിക്കൽ യൂണിവേഴ്സിറ്റികളിലെ താത്കാലിക വി.സിമാർക്ക് തുടരാമെന്ന സുപ്രീംകോടതി ഉത്തരവും സർക്കാരിന് കനത്ത തിരിച്ചടിയാണ്.
വിദ്യാർത്ഥികളുടെയും സർവകലാശാലയുടെയും ഉത്തമതാത്‌പര്യം കണക്കിലെടുത്ത് ഗവർണറും സർക്കാരും വി.സിമാരുടെ സ്ഥിരം നിയമനത്തിനായി താമസം കൂടാതെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻബഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു.
ഇത് സർക്കാരും ഗവർണറും വകവച്ചില്ല. സുപ്രീംകോടതി ഉത്തരവിട്ടതോടെ ഇനി സ്ഥിരം വി.സി നിയമനം നടത്തിയേ മതിയാവൂ.
ആഗസ്റ്റിൽ കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടികൾ കോടതിയെ അറിയിക്കേണ്ടതുണ്ട്. സെർച്ച്കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണർക്കാണ് വി.സിയെ നിയമിക്കാൻ അധികാരം.
യു.ജി.സി, ചാൻസലർ, സിൻഡിക്കേറ്റ്, സെനറ്റ് പ്രതിനിധികളാണ് കമ്മിറ്റിയിലുണ്ടാവേണ്ടത്. നിയമനത്തിനായി സർവകലാശാലയുടെ പ്രതിനിധികളെ നൽകുന്നത് സർക്കാർ തടഞ്ഞിരിക്കുകയാണ്.
സർവകലാശാലാ പ്രതിനിധികളില്ലാതെ ഗവർണർ രൂപീകരിച്ച സെർച്ച്കമ്മിറ്റികൾ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ഗവർണറുടെ പ്രതിനിധിയില്ലാതെ സർക്കാർ രൂപീകരിച്ച സെർച്ച്കമ്മിറ്റികളും നിലനിന്നില്ല.
സെനറ്റ് കമ്മിറ്റിയിൽ ഭൂരിപക്ഷമുള്ളതിനാൽ ഗവർണർ തനിക്കിഷ്ടമുള്ളവരെ വി.സിയാക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക. ഗവർണറുടെ ഭൂരിപക്ഷമൊഴിവാക്കാൻ അഞ്ചംഗസെർച്ച് കമ്മിറ്റിയുണ്ടാക്കാനും ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനും നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതി തള്ളിയിരുന്നു.