/sathyam/media/media_files/2025/03/01/iSx13fOm9MWEwgDH8nHi.jpeg)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ കാപ്പ നിയമപ്രകാരം അറസ്റ്റിലായി. മാരായമുട്ടം പൊലീസ് പിടികൂടിയ മാരായമുട്ടം, ചുള്ളിയൂര്‍, തെങ്ങുവിളക്കുഴി കടവന്‍കോട് കോളനിയില്‍ താമസിക്കുന്ന സുജിത്ത്(36), ബാലരാമപുരം പൊലീസ് പിടികൂടിയ വെങ്ങാനൂര്‍, ഇടുവ, മേലെപൊന്നറത്തല ആനന്ദ് ഭവനില്‍ അപ്പു എന്ന ആദിത്യന്‍ (21) എന്നിവരെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ത്തടങ്കലിലാക്കിയത്.
42 കേസുകളിലെ പ്രതിയായ സുജിത് കാപ്പ നിയമപ്രകാരം ആറുമാസം കരുതല്‍ തടങ്കല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം വീണ്ടും അടിപിടി, അക്രമം, ലഹരികടത്തല്‍, സ്‌ഫോടകവസ്തുക്കള്‍ കൈവശംവെക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും കളക്ടര്‍ പ്രതിക്കെതിരേ കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുജിത്തിനെ സാഹസികമായി പൊലീസ് സംഘം കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.
ഇനി ഒരുവര്‍ഷം കരുതല്‍ത്തടങ്കലില്‍ കഴിയേണ്ടിവരും. ബാലരാമപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പിടിച്ചുപറി, അടിപിടി കേസുകളിലും ഒമ്പത് മോഷണ കേസുകളിലും പ്രതിയാണ് ആദിത്യന്‍.
കാപ്പ നിയമപ്രകാരം ജില്ലയില്‍ കടക്കുന്നത് വിലക്കി കളക്ടറുടെ ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ച് ആറ്റുകാല്‍ പൊങ്കാല സമയത്ത് നഗരത്തിലെത്തി പിടിച്ചുപറി നടത്തിയതിനാണ് പൂന്തുറയില്‍നിന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. രണ്ട് പ്രതികളെയും കരുതല്‍ തടങ്കലിലാക്കി.