/sathyam/media/media_files/z8oWNUkkwnKqbQvFhp7v.jpg)
കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒളിപ്പോര് നടത്തുന്നവരുടെ എണ്ണം കൂടുകയാണെന്നു തുറന്നടിച്ചു കെ.പി.സി.സി അച്ചടക്കസമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ. ഇത് കോണ്‍ഗ്രസിന്റെ ഭാവിക്ക് ഗുണകരമല്ല.
എല്ലാ പാര്‍ട്ടികളിലും ഈ പ്രവണതയുണ്ട്. കോണ്‍ഗ്രസില്‍ കുറച്ചു കൂടതലാണ്. സൈബര്‍ ആക്രമണം കോണ്‍ഗ്രസിന് ഗുണകരമല്ല.
സ്വന്തം വ്യക്തിത്വം സ്ഥാപിച്ചു മുന്നോട്ടുപോകാന്‍ കഴിവില്ലാത്തവര്‍ രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍ സൈബര്‍ ആക്രമണം ആയുധമാക്കുകയാണെന്നു തിരുവഞ്ചൂര്‍ പറഞ്ഞു.
ഇഷ്ടമുള്ളവരെ കുറേ പുകഴ്ത്തുകയും ബാക്കിയുള്ളവരെ അവഹേളിക്കുകയും ചെയ്യുന്നതു മനുഷ്യത്വഹീനമാണ്. ഇതൊന്നും രാഷ്ട്രീയപ്രവര്‍ത്തനമല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വ്യാപക സൈബര്‍ ആക്രമണം നടന്നിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുള്ള ഓണസദ്യ ആയുധമാക്കിയാണ് സതീശനെതിരെ സൈബര്‍ ആക്രമണം ശക്തമായത്.
സതീശന്റെ ഫെയ്‌സ്ബുക് പോസ്റ്റുകള്‍ക്കു താഴെയും പാര്‍ട്ടി പ്രൊഫൈലുകളില്‍നിന്നും അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇതു പാര്‍ട്ടിക്കും അവമതിപ്പുണ്ടാക്കിയിരുന്നു.
ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്നു തോന്നിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ വഴിയാണ് സൈബര്‍ ആക്രമണം നടന്നത്. പല അക്കൗണ്ടുകളും കോണ്‍ഗ്രസിനെ സൈബര്‍ ടീമിന്റെ കീഴിലുള്ളതാണെന്നു കണ്ടെത്തിയിരുന്നു.
ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നടത്തുന്ന മൗനത്തിനെതിരെ കടുത്ത വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് ഈ പ്രവണത ശരിയല്ലെന്നു തിരുവഞ്ചൂര്‍ തുറന്നടിച്ചത്.