തിരുവനന്തപുരം: പിവി അന്‍വറിനും പൊലീസിന്റെ അവസ്ഥ വരുമോ എന്ന് കണ്ടറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്‍വര്‍ ഉന്നയിച്ച ആരോപണം കോടതി പോലും തള്ളിയ ആരോപണങ്ങളാണ്.
ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും കുടുക്കാന്‍ ഇടത് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചതാണ്. സോളാര്‍ കേസ് അട്ടിമറിച്ചത് എംആര്‍ അജിത് കുമാര്‍ ആണെന്നും കേസ് അട്ടിമറിച്ചതിലൂടെ കേരള ജനതയെ വഞ്ചിച്ചുവെന്നും പി വി അന്‍വര്‍ പറഞ്ഞിരുന്നു. പരാതിക്കാരിയുടെ ആരോപണമൊക്കെ ജനം മനസ്സിലാക്കുന്നുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
ഈയാം പാറ്റകളെ തീപ്പന്തം ആകര്‍ഷിക്കുന്ന പോലെ ചില കാര്യങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുകയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
കാര്യം കഴിഞ്ഞാല്‍ അവരെ തള്ളിക്കളയുന്ന രീതിയാണിത്. യൂസ് ആന്‍ഡ് ത്രോ ആണ് പൊലീസില്‍ നടക്കുന്നത്. ഇത് മനസ്സിലാക്കാതെ പലപ്പോഴും ഉദ്യോഗസ്ഥരും ആ വലയില്‍ വീഴുന്നു.
എംആര്‍ അജിത് കുമാറിനും സുജിത്ത് ദാസനും സംഭവിച്ചതും ഇതാണ്. കാര്യങ്ങളൊക്കെ നടന്ന സ്ഥിതിക്ക് ഇനി ഇവരെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. ഇവര്‍ സേനയില്‍ നിന്ന് പുറത്തു പോയാലും അതിശയപ്പെടാനില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.