/sathyam/media/media_files/hSaY58Wagwx3pIPCIRSt.jpg)
കോട്ടയം: ആകാശപാതയില്‍ അഴിമതി ആരോപിക്കുന്ന സി.പി.എമ്മിനെ വെട്ടിലാക്കാന്‍ തിരുവഞ്ചൂര്‍. വികസനത്തിനു വഴിമുടക്കുന്ന സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ എം.എല്‍.എ. ഉപവാസ സമരം നടത്തും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമരം നടത്തി വികസനത്തിനു മുടക്കം വരുത്തുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് പുറത്തു കൊണ്ടുവരാനുള്ള നീക്കത്തിന് തുടക്കം കുറിക്കാനും ഡി.സി.സി. ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട തിരുവഞ്ചൂര്‍, ആകാശപാതയ്ക്കു തടസം നില്‍ക്കുന്നതു സി.പി.എമ്മിലെ ചിലരുടെ സങ്കുചിത നിലപാടാണെന്നു ആരോപിച്ചു. പലതും മറച്ചുവെച്ചാണു സി.പി.എം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയാണു ആകാശപാതയുടെ നിര്‍മാണം ഏജന്‍സിക്കു നല്‍കിയത്. 1.90 കോടി രൂപയോളം രൂപ ഇതിനോടകം നിര്‍മാണത്തിനായി ചെലവഴിച്ചു. അവശേഷിക്കുന്ന 3.20 കോടി സര്‍ക്കാരിന്റെ ഖജനാവില്‍ ഉണ്ട്. കോട്ടയത്തെ മാതൃക കണ്ടു കൊല്ലത്തും തൃശൂരും ആരംഭിച്ച പദ്ധതി നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. അപ്പോഴും കോട്ടയത്തെ നിര്‍മാണത്തിനു തടസം സൃഷ്ടിക്കുകയാണ്.
പദ്ധതി നിര്‍ത്തിയതില്‍ സി.പി.എമ്മിനെ കുറ്റപ്പെടുത്തി പറയുന്നത് എന്തിനെന്നു ചോദിക്കുമ്പോഴും സി.പി.എമ്മാണ് ആകാശപാത പറ്റില്ലെന്ന നിലപാടുമായി രംഗത്തു വന്നത്. എന്ത് അടിസ്ഥാനത്തിലാണു സി.പി.എം ഇത്തരമൊരു വാദം ഉന്നയിട്ടുന്നത് എന്നു മനസിലാകുന്നില്ല. സങ്കുചിതമായ നിലപാടോടുകൂടി സി.പി.എമ്മിലെ ചിലരുടെ വാശിയാണ് പദ്ധതി നടത്തിക്കില്ലെന്നത്. പദ്ധതി കോട്ടയം ജനതയുടെ അഭിമാനവും പ്രതീക്ഷയുമാണ്. തെറ്റിദ്ധാരണമൂലം മാറി നില്‍ക്കുന്നവര്‍ കൂടി പദ്ധതി നടപ്പാക്കാന്‍ പ്രയത്‌നിക്കണമെന്നും അഭിമാന പ്രശ്‌നമായി ആരും എടുക്കാതെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിക്കുകയാണു വേണ്ടതെന്നും തിരുവഞ്ചൂര്‍ പറയുന്നു.
ഭൂമി ഏറ്റെടുക്കേണ്ടതു സംബന്ധിച്ചാണു നിലവിലെ തെറ്റിദ്ധാരണകള്‍. എന്നാല്‍, ലിഫ്റ്റ് സ്ഥാപിക്കുന്നത് അധിക ഭൂമി ഏറ്റെടുക്കാതെ തന്നെ സാധിക്കുമെന്ന് ഫയലില്‍ തന്നെ ഉണ്ട്. പക്ഷേ, ഇക്കാര്യം ആരും പറയുന്നില്ല. ഇപ്പോള്‍ പറയുന്നതു കാലതാമസം വന്നതിലൂടെയുള്ള അധിക ചെലവിനെക്കുറിച്ചാണ്. ഇതിനു കാരണക്കാര്‍ ആരെന്നു മാത്രം പറയുന്നില്ല.
നിര്‍മ്മാണത്തിന് 5.18 കോടി എന്നതു സര്‍ക്കാര്‍ തന്ന കണക്കാണ്. കഴിഞ്ഞ ആറുമാസം കൊണ്ട് എന്ത് പ്രശ്‌നമാണ് ഉണ്ടായതെന്ന് അറിയില്ല. മുടക്കാന്‍ വേണ്ടി പറയുന്നതു പോലെയാണ് മന്ത്രി ഗണേഷ് കുമാറിന്റെ വാക്കുകള്‍. അവിടെ ബിനാലെ ശില്‍പമാണെന്നു കരുതിയെന്നു മന്ത്രി പറഞ്ഞതു ജനങ്ങളെ ആക്ഷേപിക്കുന്നതിനു തുല്യമാണ്.
ആകാശപാത പൊളിക്കണമെങ്കില്‍ എന്ത് ബഥല്‍ പദ്ധതിയാണ് ഇവിടെ നടക്കാന്‍ പോകുന്നതെന്നു സര്‍ക്കാര്‍ പറയേണ്ടി വരുമെന്നും തിരുവഞ്ചൂര്‍ പറയുന്നു. ഗണേഷ് കുമാറിന്റെ ബിനാലെ പരാമര്‍ശം ആ സമയത്തുണ്ടായ വികാരത്തിന്റെ പുറത്തു പറഞ്ഞതാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നിലവില്‍ ജൂലൈ ആറിന് ആകാശപാതയ്ക്കു ചുവട്ടില്‍ രാവിലെ ഉപവാസം സംഘടിപ്പിക്കാനാണു കോണ്‍ഗ്രസിന്റെ തീരുമാനം. രാവിലെ പത്തു മുതല്‍ വൈകിട്ട് 5 വരെ തിരുവഞ്ചൂര്‍ ഇവിടെ ഉപവസിക്കും. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പങ്കെടുപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണു നിലവില്‍ നടക്കുന്നത്.