കോട്ടയം: "ധനുമാസത്തിൽ തിരുവാതിര. പരമശിവൻ്റെ തിരുനാളല്ലോ.! പാർവ്വതിക്കന്നു തിരുനോയമ്പല്ലോ.!"
"വീരവിരാടകുമാരവിഭോ.!" എന്ന് തുടങ്ങി തിരുവാതിര കളിയ്ക്ക് മാത്രം ഉപയോഗിയ്ക്കുന്ന ശീലുകൾ ഈണത്തിലും താളത്തിലും മുത്തശ്ശിമാർ പാടി ചുവട് വെച്ചിരുന്ന പഴയ തിരുവാതിരക്കാലത്തേയ്ക്ക് ഒരു ഗ്രാമത്തെ തിരിച്ച് നടത്തുകയാണ് ആനിക്കാട് ശ്രീശങ്കരനാരായണ മൂർത്തി ക്ഷേത്രത്തിലെ മാതൃസമിതി.
ഈ വർഷം മുതൽ ധനുമാസത്തിലെ രേവതി മുതൽ തിരുവാതിര വരെയുള്ള ഏഴ് ദിവസം ക്ഷേത്രാങ്കണത്തിൽ മാതൃസമിതിയുടെ മേൽനോട്ടത്തിൽ, വിവിധ സമിതികൾ തിരുവാതിരകളി നടത്തും
തിരുവാതിര
ശ്രീപരമേശ്വരൻ്റെ പിറന്നാളാണ് ധനുമാസത്തിലെ തിരുവാതിരയെന്നും തൻ്റെ നെടുമാംഗല്യത്തിനായി അന്ന് പാർവ്വതിദേവി വ്രതം നോറ്റിരുന്നു എന്നുമാണ് തിരുവാതിരയുടെ ഐതിഹ്യം.
അരനൂറ്റാണ്ട് മുമ്പ് വരെ ഓണവും വിഷുവും പോലെ അതീവ പ്രാധാന്യമുണ്ടായിരുന്നു തിരുവാതിര ആഘോഷത്തിന്.
രേവതി മുതൽ തിരുവാതിര വരെയുള്ള ഏഴു ദിവസം നോയമ്പും തിരുവാതിരകളിയും ആയി ആചരിക്കുകയും ആഘോഷിയ്ക്കുകയും ചെയ്തിരുന്ന പുരാവൃത്തവും തിരുവാതിരയ്ക്ക് ഉണ്ടായിരുന്നു.
പിന്നീട് അത് രോഹിണി, മകയിരം, തിരുവാതിര എന്ന മൂന്ന് നാളുകളിലായി ചുരുങ്ങി.
ഇപ്പോഴാകട്ടെ, മകയിരം, തിരുവാതിര എന്ന രണ്ട് നാളുകളിലേക്ക് മാത്രമായിട്ടുണ്ട്. മകയിരം നാളിൽ ആണ് വളരെ പ്രധാനമായ എട്ടങ്ങാടി നിവേദ്യം നടക്കുന്നത്.
വൈകുന്നേരം, ക്ഷേത്രങ്ങളുടെയോ, ഭവനങ്ങളുടെയോ കിഴക്കുഭാഗത്ത് തറ ചാണകം മെഴുകി, കനല്‍കൂട്ടി എട്ടുതരം കിഴങ്ങുകള്‍ (ചേന, ചേമ്പ്, കാച്ചില്‍, കാട്ടുചേമ്പ്,നനകിഴങ്ങ്, കൂര്‍ക്ക, നേന്ത്രക്കായ്, പഴം) കനലില്‍ ചുട്ടെടുത്ത് ചെറുപയര്‍ വറുത്തതും കരിമ്പും കൂടി ശര്‍ക്കര പാവുകാച്ചി, അതിലിട്ട് ഇളക്കിയെടുക്കുന്നതാണ് എട്ടങ്ങാടി
ഈ വിഭവം, പാര്‍വ്വതീദേവീയെ സങ്കല്‍പിച്ച്, മുല്ലമാലയിട്ട് അലങ്കരിച്ച നിലവിളക്കിന്റെ മുന്നില്‍ വെച്ച് നേദിയ്ക്കുന്നു.
തിരുവാതിര നോയമ്പ് കുടുംബസൗഖ്യത്തിനും നെടുമംഗല്യത്തിനും വേണ്ടിയുള്ളതാണ്. സുമംഗലികളായ സ്ത്രീകളാണ് നോയമ്പ് അനുഷ്ഠിക്കുന്നത്.
കന്യകമാർ സദ്ഗുണസമ്പന്നനായ ഭർത്താവിനെ ലഭിക്കാനും വ്രതം അനുഷ്ഠിക്കാറുണ്ട്. അന്നത്തെ ദിവസം അരി ആഹാരം വർജ്ജ്യമാണ്. ചെറുധാന്യങ്ങൾ, പഴങ്ങൾ,പാൽ, കൂവപ്പൊടി കുറക്കിയത് എന്നിവ കഴിയ്ക്കാം.
തിരുവാതിരനാള്‍ തുടങ്ങുന്നതോടെ 108 വെറ്റില മുറുക്ക് ആരംഭിക്കും. അന്നു രാത്രി ഗണപതിക്ക് കരിക്ക്, വെറ്റില എന്നിവ നേദിച്ച് കൈകൊട്ടികളി തുടങ്ങും. അന്നത്തെ ദിവസം സ്വയംവരം ഇതിവൃത്തമായി വരുന്ന ഗാനങ്ങൾക്ക് പ്രാധാന്യം കൊടുത്താണ് കളികൾ
പാര്‍വ്വതീ സ്വയംവരം, പാഞ്ചാലീ സ്വയംവരം, സുഭദ്രാഹരണം, ലക്ഷ്മീ സ്വയംവരം തുടങ്ങിയവ പാടി കളിയ്ക്കാറുണ്ട്.
ഓരോ സ്ത്രീയും സ്വയം പാർവ്വതീദേവിയായി മാറി, തിരുവാതിര കളിയെ ഭക്തിമയമാക്കുന്നു. അപൂർവ്വസുന്ദരമായ ലാസ്യ ലയ ഭാവം ഓരോ സ്ത്രീയുടെ മുഖത്തും ആതിരപ്പൂക്കൾ വിരിയിയ്ക്കുന്ന ആതിരരാവിനെ വരവേൽക്കാൻ ശ്രീശങ്കരനാരായണ മൂർത്തി തിരുമുറ്റം ഉറക്കമൊഴിച്ച് കാത്തിരിക്കുന്നു.
തിരുവാതിരനക്ഷത്രം ഉച്ചിയില്‍ എത്തുന്നതിനു മുമ്പായി ഏകദേശം അര്‍ദ്ധരാത്രിയോടെ പാതിരാപൂവ് കൊണ്ടുവരാനുളള പുറപ്പാടായി. അഷ്ടമംഗല്യവും ചങ്ങലവട്ടയും ആര്‍പ്പും കുരവയുമായി "ഒന്നാനാം മതിലകത്ത്.." എന്നു തുടങ്ങുന്ന പാട്ടു പാടിയാണ് പൂവിന് പോകുന്നത്.
ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയുമായിരുന്നു പതിവ്. ദശപുഷ്പം നേരത്തെ തന്നെ തയ്യാറാക്കി പാലക്കമ്പു നാട്ടി അതിന് ചുവട്ടിൽ വച്ചിട്ടുണ്ടാകും.
പാലയ്ക്ക് നീര് കൊടുത്ത് കന്യക ദശപുഷ്പവുമായി തിരിച്ചെത്തും. പൂവുമായി തിരിച്ചുവരുമ്പോഴും പാട്ടുകൾ ഉണ്ടാകും. സാധാരണയായി വഞ്ചിപ്പാട്ടാണ് ഈ ഘട്ടത്തിൽ പാടുന്നത്. ഇതില്‍ വ്യാസോല്‍പ്പത്തി പ്രധാനമാണ്
തപ്പ് പാട്ട് പാടി ദശപുഷ്പത്തെ ഇനം തിരിച്ച് കെട്ടി എല്ലാവരും തലയിൽ ചൂടും. ശേഷം മംഗലാതിര തുടങ്ങി കൃഷ്ണ കീർത്തനം പാടി തിരുവാതിര കളിക്കും. മംഗലാതിര പാടിയതിനുശേഷം ലക്ഷ്മീസ്വയംവരവും പാടുന്നു. ഇതിനുശേഷമാണ് തമാശപ്പാട്ടുകളും കളികളും.
ഉറക്കം വരാതിരിയ്ക്കത്തക്കവണ്ണമുളള പാട്ടുകളാണ് പാടുന്നത്. വെളുപ്പിനു നാലുമണിയാകുമ്പോഴേക്കും മംഗളം പാടി കളി അവസാനിപ്പിച്ച് ജലാശയത്തിൽ പോയി തുടിച്ച് കുളിച്ച് വന്ന് വ്രത്രം സമർപ്പിയ്ക്കും.
ഉദിക്കുന്നതിനു മുൻപ് തിരുവാതിര നാളുള്ളപ്പോഴാണ് ആര്‍ദ്രാദര്‍ശനം ചെയ്യുന്നത്. പുണര്‍തം നക്ഷത്രത്തിന്റെ കാല്‍നാഴികയും കൂടി നൊയമ്പാചരിച്ചാൽ തിരുവാതിരയുടെ പരിസമാപ്തിയായി.
ഹൈന്ദവാചാര പ്രകാരമുള്ള എല്ലാ ആഘോഷങ്ങളും പൗരാണിക കാലം മുതല്‍ക്കേ സാമൂഹികമായി ആചരിച്ചുവരുന്നവയാണ്.
ഈ ആഘോഷങ്ങളെല്ലാം തന്നെ കുടുംബ ബന്ധങ്ങളെ സുദൃഢമാക്കുന്നതായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഈ ആഘോഷങ്ങളൊക്കെയും എന്തിനുവേണ്ടിയാണെന്നു മനസ്സിലാക്കാതെ വെറും അനുഷ്ഠാനങ്ങൾ മാത്രമായി ശോഷിച്ചിരിക്കുന്നു
ക്ഷേത്രോത്സവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നാടിന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രോജ്ജ്വലിപ്പിച്ച് നിർത്തിയിരുന്നു.
ആചാരങ്ങൾ അനുഷ്ഠിക്കുവാനുള്ളതാണെന്നുള്ളതിന്റെ പ്രാധാന്യം ഉൾക്കൊള്ളേണ്ടിയിരിയ്ക്കുന്ന കാലമാണ് ഇത്. അതുവഴി കുടുംബ ബന്ധങ്ങളും സൂഹൃത്, സാമൂഹ്യ ബന്ധങ്ങളും സുദൃഢമാക്കാൻ വഴിയൊരുക്കുമെന്നതില്‍ രണ്ട് പക്ഷമില്ല.