/sathyam/media/media_files/2026/01/07/thiruvizha-2026-01-07-18-29-42.jpg)
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാദസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മകരവിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് മന്ത്രി വിഎന്‍ വാസവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന നാദസ്വര വിദഗ്ദ്ധരില്‍ ഒരാളായ തിരുവിഴ ജയശങ്കര്‍, അയ്യപ്പ ഭക്തിഗാനങ്ങള്‍ ഉപകരണ സംഗീത രൂപത്തില്‍ പുറത്തിറക്കിയ ആല്‍ബങ്ങളില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രശസ്തമായ അയ്യപ്പ കീര്‍ത്തനങ്ങളുടെയും, ശരണമന്ത്രങ്ങളുടെയും നാദസ്വരത്തിലുള്ള ആവിഷ്‌കാരം അദ്ദേഹം നല്‍കി. അയ്യപ്പ ഭക്തിഗാനങ്ങളില്‍, ക്ഷേത്രോത്സവത്തിന്റെയോ, ശബരിമല യാത്രയുടെയോ അന്തരീക്ഷം നല്‍കാന്‍ അദ്ദേഹത്തിന്റെ നാദസ്വര വാദനം വളരെയധികം സഹായിച്ചിട്ടുണ്ട്.
'ഹരിവരാസനം', 'പമ്പാനദിയുടെ തീരം' തുടങ്ങിയ പ്രശസ്ത ഗാനങ്ങള്‍ക്ക് ഉപകരണ സംഗീതത്തില്‍ ഒരു ദിവ്യമായ ഭാവം അദ്ദേഹം നല്‍കി.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയ്ക്കടുത്ത് തിരുവിഴ ഗ്രാമത്തിലാണ് ജയശങ്കറിന്റെ ജനനം. കുട്ടിക്കാലം മുതല്‍ നാദസ്വരക്കച്ചേരികള്‍ കേട്ടാണ് വളര്‍ന്നത്.
മുത്തച്ഛന് കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തില്‍ നാദസ്വരവിദ്വാനായി ജോലി ലഭിച്ചതോടെ കുടുംബം കോട്ടയത്തേക്ക് താമസംമാറി. ഇപ്പോള്‍ താമസം കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലാണ്.
പിതാവ് നാദസ്വര വിദ്വാന്‍ തിരുവിഴ രാഘവപ്പണിക്കരുടെയും, മുത്തച്ഛനായ തിരുവിഴ ശിവശങ്കു പണിക്കരുടെയും കീഴില്‍ ഗുരുകുല സമ്പ്രദായത്തിലാണ് നാദസ്വരം അഭ്യസിച്ചത്.
പതിനാറാം വയസില്‍ കായംകുളത്തിനടുത്ത പത്തിയൂര്‍ ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.
1990 -ല്‍ തമിഴ്നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു.
തമിഴ് മന്‍ട്രത്തിന്റെ ഇശൈപേരറിഞ്ഞര്‍ പുരസ്‌കാരം, കേന്ദ്ര, കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂര്‍ പുരസ്‌കാരം, സംഗീത സമ്പൂര്‍ണ്ണ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.
2021 -ല്‍ ചെമ്പൈ സ്മാരക പുരസ്‌കാരവും ലഭിച്ചു. കഴിഞ്ഞ തവണ ഗാനരചയിതാവ് കൈതപ്രം ദാമേദരന്‍ നമ്പൂതിരിക്കായിരുന്നു പുരസ്‌കാരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us