/sathyam/media/media_files/tJzMbXrRYdzxgFMLpCsc.webp)
തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ മൊഴിയെടുപ്പ് പൂർത്തിയാക്കി ക്രൈം ബ്രാഞ്ച്.
പരാതി നൽകിയ മുഴുവൻ പേരിൽ നിന്നും അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.പരാതികളുമായി മുന്നോട്ട് വരാത്ത ഇരകളെ കണ്ടെത്തി മൊഴിയെടുക്കാനുള്ള നടപടിയും ക്രൈം ബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.
പത്തിലേറെ പരാതികളാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകൾ ലഭിച്ചത്.
പരാതി നൽകിയ മുഴുവൻ പേരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.എന്നാൽ ഈ പരാതിക്കാരിൽ ആരും ഇരകൾ ഇല്ല.
രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് ലൈംഗിക ചൂഷണമോ പീഡനമോ നേരിട്ട അതിജീവിതകളെ കൂടി കണ്ടെത്തി മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം.
നിർബന്ധിത ഗർഭഛിദ്രം നടത്തിയെന്ന ആരോപണം ഓഡിയോ ക്ളിപ്പിൻെറ രൂപത്തിൽ ടെലിവിഷൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തെങ്കിലും ആ ശബ്ദത്തിന് പിന്നിലെ സ്ത്രീശബ്ദം ഇപ്പോഴും അജ്ഞാതയായി നിൽക്കുകയാണ്.
രണ്ട് ഓഡിയോ ക്ളിപ്പുകളിലായി നേരിട്ട പീഡനത്തിൻെറയും ഭീഷണിയുടെയും വ്യാപ്തി വെളിപ്പെട്ടെങ്കിലും ഇതിനെല്ലാം ഇരയായ യുവതി ഇതുവരെ പരാതി നൽകാനോ സ്വമേധയാ മൊഴി നൽകാനോ മുന്നോട്ട് വന്നിട്ടില്ല.
ന്യൂസ് മലയാളം ചാനലിലെ വനിതാ മാധ്യമ പ്രവർത്തകയായ ലക്ഷ്മി പദ്മയോട് നേരിട്ട ലൈംഗിക ചൂഷണം യുവതി സ്ഥിരീകരിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് തെറിപ്പിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതിന് ശേഷം യുവതിയുടെ ഭാഗത്ത് നിന്നുണ്ടായ ഏക പ്രതികരണം ലക്ഷ്മി പദ്മയോട് ആയിരുന്നു.
ഗർഭിണിയായതും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതും എല്ലാം ശരിയാണെന്ന് സ്ഥിരീകരിച്ച യുവതി പരാതിയുമായി പൊലീസിനെ സമീപീക്കാത്തത് കൊണ്ടുതന്നെ അവരിൽ നിന്ന് മൊഴിയെടുക്കുന്ന നടപടിയിലേക്ക് നീങ്ങാൻ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല.
ഇരയാരാണെന്നതിനെ കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തതയുണ്ടെങ്കിലും നേരിട്ടുള്ള പരാതിയില്ലാത്തതിനാൽ കേസെടുക്കാൻ ക്രൈംബ്രാഞ്ചിന് കഴിയില്ല എന്നതാണ് വസ്തുത.
രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് ചൂഷണം നേരിട്ട യുവതികളുമായി അടുപ്പമുള്ള മൂന്ന് മാധ്യമ പ്രവർത്തകരിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിട്ടുണ്ട്.
ഇത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ബലം പകരുമെങ്കിലും നേരിട്ട് ദുരനുഭവം ഉണ്ടായ ഒരാൾ പോലും പരാതിയുമായി മുന്നോട്ട് വരാത്തത് ക്രൈംബ്രാഞ്ചിനെ കുഴക്കുകയാണ്.
നിയമസഭ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് ഇരകളായ പെൺകുട്ടികളെ കണ്ടു മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ക്രൈം ബ്രാഞ്ച്.
സെപ്റ്റംബർ 15ന് ആണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.നിയമ നിർമ്മാണ അജണ്ടകൾക്കായി ചേരുന്ന സഭാ സമ്മേളനത്തെ പിടിച്ച് കുലുക്കാൻ പോകുന്നത് രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗികാരോപണങ്ങളായിരിക്കും.
കോൺഗ്രസിൽ നിന്ന് സസ്പെൻറ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ സഭാ സമ്മേളനത്തിൽ പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല.
രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്ത വിവരം കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഇതുവരെ സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
സസ്പെന്റ് ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചാൽ മാത്രമേ രാഹുലിനെ പ്രതിപക്ഷ ബ്ളോക്കിൽ നിന്ന് മാറ്റി ഇരുത്താനാവു.
സസ്പെന്റ് ചെയ്യപ്പെട്ട വിവരം സ്പീക്കറെ അറിയിക്കുന്നത് സഭാ സമ്മേളനത്തിന് തൊട്ടുമുൻപുളള ദിവസങ്ങളിൽ മാത്രം മതിയെന്നാണ് കോൺഗ്രസ് നേതൃത്വത്തിലെ ധാരണ.
സസ്പെൻഷന് ശേഷവും രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് പ്രതികരണങ്ങൾ വരുന്നതിനെ സി.പി.എം വിമർശിച്ചു.
രാഹുലിന് കേൺഗ്രസ് സംരക്ഷണം നൽകുകയാണെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.കോൺഗ്രസിൻെറ സ്ത്രീവിരുദ്ധ നിലപാടിനെതിരായി കേരളം ശക്തമായി പ്രതികരിക്കും.
രാഹുലിന്റെ സസ്പെൻഷനിലൂടെ കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.