/sathyam/media/media_files/2026/03/03/kn-unnikrishnan-k-babu-2026-03-03-18-18-27.jpg)
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ ചർച്ചയാവുന്ന പോരാട്ടമാണ് തൃപ്പൂണിത്തുറയിലേത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം.സ്വരാജിന് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ വിജയമായിരുന്നു തൃപ്പൂണിത്തുറയിലേത്.
കെ.ബാബു എന്ന ജനകീയനൊപ്പമായിരുന്നു ജനങ്ങളേറെയും. കഴിഞ്ഞ തവണ ഫോട്ടോഫിനിഷിലേക്ക് നീണ്ട മത്സരത്തിൽ 992 വോട്ടുകൾക്കായിരുന്നു കെ.ബാബുവിന്റെ ജയം. ബാബുവിന്റെ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ നോട്ടയ്ക്കായിരുന്നു - 1099.
ഇത്തവണ കെ.ബാബുവും എം.സ്വരാജും കളത്തിലില്ല. വൈപ്പിൻ എം.എൽ.എയായ കെ.എൻ. ഉണ്ണികൃഷ്ണനെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ പരിഗണിക്കുന്നത്.
എം.ലിജു അടക്കം അരഡസനിലേറെ പേരുകൾ യു.ഡി.എഫ് പാളയത്തിൽ നിന്ന് ഉയർന്നു കേൾക്കുന്നുണ്ട്. കഴിഞ്ഞ ഏഴു തിരഞ്ഞെടുപ്പുകളിൽ ആറിലും വിജയിച്ച കെ.ബാബു ഇത്തവണ രംഗത്തിറങ്ങാത്തത് യു.ഡി.എഫിനെ ആശങ്കയിലാക്കുന്നതാണ്. ബാബുവിനെ വീണ്ടും രംഗത്തിറക്കി മണ്ഡലം സംരക്ഷിക്കാനുള്ള ശ്രമങ്ങളും യുഡിഎഫിൽ സജീവമാണ്.
എറണാകുളം ജില്ലയിലെ ‘സ്റ്റാർ മണ്ഡലം’ ഇത്തവണ കടുത്ത പോരിനാവും സാക്ഷിയാവുക. രണ്ടു നഗരസഭകളും രണ്ടു പഞ്ചായത്തുകളും കൊച്ചി കോർപറേഷന്റെ 9 വാർഡുകളും ചേർന്നതാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തി. മരട് മുൻസിപ്പാലിറ്റി യുഡിഎഫ് ആണ് ഭരിക്കുന്നത്. നിയോജകമണ്ഡലത്തിന്റെ ഭാഗമായ കുമ്പളം, ഉദയംപേരൂർ പഞ്ചായത്തുകളിലും യുഡിഎഫ് ഭരണത്തിലാണ്.
കൊച്ചി കോർപറേഷനിലെ കടേഭാഗം, പള്ളുരുത്തി ഈസ്റ്റ്, തഴുപ്പ്, ഇടക്കൊച്ചി നോർത്ത്, പെരുമ്പടപ്പ്, കോണം, പള്ളുരുത്തി–കച്ചേരിപ്പടി, നമ്പ്യാപുരം എന്നീ ഡിവിഷനുകൾ എൽഡിഎഫ് വിജയിച്ചപ്പോൾ ഇടക്കൊച്ചി സൗത്ത് യുഡിഎഫിനൊപ്പം നിന്നു.
ശാക്തിക ബലാബലത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ് തൃപ്പൂണിത്തുറയിൽ. നഗരസഭ ബിജെപി പിടിച്ചത് അവിടെ ബിജെപിയുടെ ശക്തിയാണ് തെളിയിക്കുന്നത്.
ഭൂരിപക്ഷ സമുദായങ്ങൾക്ക് മേൽക്കൈയുള്ള, ഈഴവവോട്ടുബാങ്ക് ഗതിനിർണയിക്കുന്ന മണ്ഡലത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ശക്തമായ അടിത്തറയുണ്ട്.
എന്നാൽ ബിജെപിയുടെ അതിശക്തമായ മുന്നേറ്റം ഇരുമുന്നണികളെയും ആശങ്കയിലാക്കുന്നതാണ്. കെ.പി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ, രാഷ്ട്രീയകാര്യ സമിതിയംഗം അജയ് തറയിൽ, കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം, കെ. ബാബുവിന്റെ വിശ്വസ്തൻ പി.എസ്. ബാബുറാം, മരട് നഗരസഭ മുൻ ചെയർമാൻ ആന്റണി ആശാംപറമ്പിൽ എന്നിങ്ങനെ പേരുകൾ പലതും ഉയർന്നുകേൾക്കുന്നുണ്ട്.
2016ൽ എം.സ്വരാജ് തിരിച്ചുപിടിച്ച മണ്ഡലം കഴിഞ്ഞ തവണ കെ.ബാബുവിലൂടെ യുഡിഎഫ് തിരിച്ചെടുത്തിരുന്നു. കെ.ബാബു തയാറാണെങ്കിൽ അദ്ദേഹം തന്നെയാകും സ്ഥാനാർത്ഥി.
യു.ഡി.എഫിനും കോൺഗ്രസിനും അത്രയേറെ നിർണായകമാണ് തൃപ്പൂണിത്തുറ സീറ്റ് എന്നതു തന്നെയാണ് കാരണം. മണ്ഡലത്തിൽ ശക്തമായ ഈഴവ വോട്ടുകൾ ബാബുവിലൂടെ സമാഹരിക്കാൻ കഴിയുമെന്നും അതിലടെ ജയം ഉറപ്പാക്കാമെന്നുമാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വിജയിച്ച സ്ഥാനാർത്ഥിയുടെ പകുതിയിൽ താഴെ വോട്ടുകൾ മാത്രമാണ് എൻ.ഡി.എയ്ക്ക് കിട്ടിയത്. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ താമര വിരിഞ്ഞതിനാൽ ഇത്തവണ സുവർണാവസരമാണ്.
2021ൽ മത്സരിച്ച ഡോ. കെ.എസ്. രാധാകൃഷ്ണൻ ഇത്തവണ ആലപ്പുഴയിൽ മത്സരിക്കാനാണ് സാദ്ധ്യത. പി.ആർ.ശിവശങ്കരന്റെ പേരും സജീവപരിഗണനയിലുണ്ട്.
1965 – 2021 കാലത്തെ 14 പോരുകളിൽ യുഡിഎഫിന് എട്ടിലും ജയം. അവിടെ നിന്ന് ജയിച്ചവരിൽ എം. സ്വരാജ് ഒഴികെയെല്ലാവരും മന്ത്രിമാരായി. ടി.കെ. രാമകൃഷ്ണനും വി. വിശ്വനാഥ മേനോനും കെ. ബാബുവും കെ.ജി.ആർ. കർത്തായും പോൾ പി. മാണിയുമാണു മന്ത്രിയായവർ.
5 തുടർ വിജയങ്ങളുടെ തിളക്കത്തിൽ നിന്ന ബാബുവിനെ 2016 ൽ അട്ടിമറിച്ചത് അന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജായിരുന്നു.
2021ൽ ബാബു ആ കണക്ക് തീർക്കുകയും ചെയ്തു. ഇത്തവണ ആരൊക്കെയാവും പോരാളികൾ എന്നതിനെ ആശ്രയിച്ചിരിക്കും തൃപ്പൂണിത്തുറ അങ്കത്തിന്റെ വീറും വാശിയും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us