തൊടുപുഴ: കൊട്ടാരക്കര-ഡിണ്ടിഗല്‍ ദേശീയപാതയില്‍ പുല്ലുപാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. 34 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വിനോദയാത്രാ സംഘത്തിന്റെ മടക്കയാത്രയിലാണ് ബസ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയില്‍ കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയില്‍ പുല്ലുപാറയ്ക്ക് സമീപമാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ട വിവരം ഡ്രൈവര്‍ പറഞ്ഞ ഉടന്‍ ബസ് മറിയുകയായിരുന്നുവെന്നും യാത്രക്കാര്‍ പറയുന്നു.
എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
പീരുമേടിൽനിന്നും മുണ്ടക്കയത്തുനിന്നുമാണ് ഫയർ ഫോഴ്സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിയത്. ഹൈവേ പൊലീസ് സംഘവും മോട്ടോർ വാഹന വകുപ്പ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.