തൊടുപുഴ: മൂലമറ്റത്ത് തേക്കിന്‍ തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം ഇടുക്കി മേലുകാവ് സ്വദേശി സാജന്‍ സാമുവലിന്റേതെന്ന് പൊലീസ്.
മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലുള്ളതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിനായി ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.
അതേസമയം, സാജന്റെ മരണം കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം. എട്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സൂചിപ്പിച്ചു.
ഇതില്‍ ആറു പേര്‍ പിടിയിലായതായാണ് സൂചന. ഇന്നലെയാണ് മൂലമറ്റം തേക്കുംകൂപ്പിൽ മൃതദേഹം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്.
കഴിഞ്ഞ 30 നാണ് സാജന്‍ സാമുവലിനെ കാണാതാകുന്നത്. എട്ടുപേരടങ്ങുന്ന സംഘമാണ് സാജനെ കൊലപ്പെടുത്തിയത്. മൂലമറ്റത്തെ മറ്റൊരിടത്തുവെച്ചാണ് കൃത്യം നടന്നത്.
ഉറങ്ങിക്കിടന്ന സാജനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. കാപ്പ ഉള്‍പ്പെടെ ചുമത്തപ്പെട്ടിട്ടുള്ള, ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയാണ് സാജന്‍ സാമുവല്‍. 30 ഓളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സൂചിപ്പിച്ചു.