തൊടുപുഴ: പെരുംതേനീച്ച കൂടുകൾ മൂലം ഭീതിയിൽ കഴിഞ്ഞ ഇടുക്കി കജനാപ്പാറ രാജകുമാരി എസ്റ്റേറ്റ് കോളനിയിലെ 40 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ശക്തമായ കാറ്റ് വീശിയാൽ തേനീച്ചകളുടെ കടുത്ത ആക്രമണം ഉണ്ടാകുന്ന സാഹചര്യം ആയിരുന്നു.
കൂടുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചതോടെ പ്രദേശ വാസികളെ ഇവിടെ നിന്നു പൂർണമായും മാറ്റി പാർപ്പിച്ചു. രാജകുമാരി കമ്മ്യൂണിറ്റി ഹാളിലേയ്ക്കാണ് ഇവരെ മാറ്റിയിരിയ്ക്കുന്നത്.
വനം, അഗ്നിശമന സേനാ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഉദ്യമം നടപ്പിലാക്കുക. തേൻ എടുക്കാൻ വിദഗ്ധരായ മന്നാൻ സമുദായത്തിൽ പെട്ടവരുടെ സഹായത്തോടെ മുഴുവൻ തേനും ശേഖരിയ്ക്കും. തുടർന്ന് മരകൊമ്പുകൾ മുറിച്ചു മാറ്റും.
കൂടുകൾ പൂർണമായും നീക്കുന്നത് വരെ പ്രദേശവാസികൾ ക്യാമ്പിൽ തുടരും. തേനീച്ച കൂടുകൾ നീക്കം ചെയ്യണമെന്ന് വർഷങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യത്തിനാണ് ഒടുവിൽ പരിഹാരം ആകുന്നത്.