തിരുവനന്തപുരം: ഇടുക്കി പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാര്‍ പാലം പൈതൃക നിര്‍മ്മിതിയായും കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.
വാഴൂർ സോമൻ എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
വണ്ടിപ്പെരിയാർ പാലത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും തിരക്കേറിയ വാഹന സഞ്ചാരമുള്ള പാലമായതിനാൽ 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിത സ്മാരകമാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
അതിനാൽ ഇടുക്കി ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായി വണ്ടിപ്പെരിയാർ പാലത്തെ ഉയർത്തിക്കൊണ്ടുവരാനുള്ള നടപടികളാണ് സംസ്ഥാന സർക്കാർ ആരംഭിക്കാനൊരുങ്ങുന്നത്.
പാലത്തെ പൈതൃക നിർമ്മിതിയായി പ്രഖ്യാപിച്ച് സംസ്ഥാന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ് നിർദേശിച്ചിട്ടുള്ളത്.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഇടുക്കി ജില്ലാ കളക്ടർക്ക് പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിലേക്ക് ആവശ്യമായ റവന്യൂ വിവരങ്ങള്‍ ലഭ്യമാക്കിയതില്‍ ഈ വസ്തുവിന്റെ അതിരുകള്‍ വ്യക്തമല്ല എന്ന് അറിയിപ്പുണ്ട്.
പീരുമേട് വില്ലേജിലെ റീസര്‍വേ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിലേക്ക് ആവശ്യമായ വ്യക്തമായ റവന്യൂ വിശദവിവരം ലഭ്യമാക്കുന്നതിലേക്ക് ജില്ലാ കളക്ടര്‍ക്ക് പുരാവസ്തു വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.