തൊടുപുഴ: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്ന് തൊഴില്‍ തട്ടിപ്പിന് ഇരയായി കുവൈത്തില്‍ കുടുങ്ങിയ യുവതി നാട്ടില്‍ തിരിച്ചെത്തി.
ഇടുക്കി രാമക്കല്‍മേട് സ്വദേശിനിയായ പടിഞ്ഞാറ്റേതില്‍ ജാസ്മിന്‍ മീരാന്‍ റാവുത്തറാണു കുവൈത്തിലെ വീട്ടുതടങ്കലില്‍നിന്നു രക്ഷപ്പെട്ടത്.
സുഹൃത്തായ നെടുങ്കണ്ടം സ്വദേശി നല്‍കിയ പരാതിയാണു മോചനത്തിനിടയാക്കിയത്.
നാലുമാസം മുന്‍പാണ് ജാസ്മിന്‍ കണ്ണൂര്‍ സ്വദേശിയായ ഏജന്റ് വഴി കുവൈറ്റിലെത്തിയത്.
ജോലിക്ക് നിന്ന വീട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ ജോലിയില്‍ നിന്ന് മാറണമെന്ന് പലതവണ അപേക്ഷിച്ചിട്ടും ജാസ്മിനെ ഏജന്‍സിക്കാര്‍ കയ്യൊഴിഞ്ഞു. പിന്നീട് നിര്‍ബന്ധം പിടിച്ചതോടെ ജാസ്മിന്‍ ഏജന്‍സിയുടെ തടവിലായി.
പിന്നീട് നാമ മാത്ര ആഹാരവും വെള്ളവുമില്ലാതെ ദിവസങ്ങള്‍ തള്ളി നീക്കേണ്ടി വന്നതായി ജാസ്മിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുഹൃത്തായ നെടുംകണ്ടം സ്വദേശിനി ലിസയോട്, ദുരിതങ്ങള്‍ വിവരിയ്ക്കാന്‍ സാധിച്ചതാണ് ജാസ്മിന്റെ മോചനത്തിലേയ്ക് വഴിതെളിച്ചത്.
വിവരം ലിസ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. സമാനമായ തട്ടിപ്പിനിരയായി നിരവധിപേര്‍ വിദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് ജാസ്മിന്‍ പറയുന്നു.
കണ്ണൂരിലെ ഏജന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജാസ്മിനും കുടുംബവും വ്യക്തമാക്കി