തൊടുപുഴ: ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ വച്ച് സീത എന്ന ആദിവാസി സ്ത്രീ മരണമടഞ്ഞത് കാട്ടാന ആക്രമണത്തില്‍ തന്നെയെന്ന് ജില്ലാ പൊലീസ് മേധാവി ടികെ വിഷ്ണു പ്രദീപ് ഐപിഎസ്.
കാട്ടാന അക്രമണത്തില്‍ പരിക്കേറ്റതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രഥമ വിവരങ്ങള്‍ അനുസരിച്ച് സീതയുടെ ഭര്‍ത്താവിനെയും, കുട്ടികളെയും വിശദമായി ചോദ്യം ചെയ്തിരുന്നു എന്നും മരണം കാട്ടാന ആക്രമണത്തിലെന്ന് സ്ഥിരീകരിക്കാമെന്നും എസ്പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതൊരു കൊലപാതകമാണെന്ന് ഫോറന്‍സിക് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയതാണ് സംശയങ്ങള്‍ക്ക് കാരണമായത്.
മൃതദേഹത്തിലുണ്ടായ പരിക്കുകളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാട്ടാനയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചത്. അടുത്തയാഴ്ച തന്നെ പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.
തോട്ടാപ്പുര സ്വദേശി സീത 42 ജൂണ്‍ 13-നാണ് മരിച്ചത്. ശബരിമല വനമേഖലയുടെ ഭാഗമായ മീന്‍മുട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിനുവും മക്കളും പൊലീസില്‍ മൊഴി നല്‍കിയിരുന്നു. വനവിഭവം ശേഖരിക്കാന്‍ പോയതായിരുന്നു ഇവര്‍.