ആഗോള അയ്യപ്പ സംഗമം ; തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടുളള തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ രംഗപ്രവേശം വിവാദത്തിന് ശമനം ഉണ്ടാക്കാനുളള ആസൂത്രിതമായ ഇടപെടൽ. ഏറ്റുപറച്ചിലിനു പിന്നിൽ സർക്കാരും രാഷ്ട്രീയ നേതൃത്വവും. കെ.ജയകുമാർ ഐ.എ.എസിന് ഉളള വിശ്വാസ്യത മുതലെടുത്ത് വിവാദത്തിൽ നിന്ന് കരകയറാമെന്നുമുളള രാഷ്ട്രീയത്തിൻെറ തന്ത്രമാണ് ദേവസ്വം ബോർഡിനെ രംഗത്ത് ഇറക്കി കൊണ്ട് അരങ്ങേറിയത്

സെക്രട്ടേറിയേറ്റിൽ ഇരുന്ന സങ്കീർണമായ ഭരണപ്രശ്നങ്ങളുടെയും വിവാദങ്ങളുടെയും കുരുക്കഴിച്ച് പരിചയമുളള കെ.ജയകുമാറിൻെറ സമർത്ഥമായ ഇടപെടലിലൂടെ വിവാദത്തീയ്ക്ക്  മേൽ വെളളം ഒഴിക്കാമെന്നാണ് സർക്കാരും സിപിഎമ്മിൻെറയും സർക്കാരിൻെറയും കണക്കുകൂട്ടൽ. 

New Update
ayyappasangamam

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൻെറ വരവ് ചെലവ്  സംബന്ധിച്ച കണക്കിൽ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ടുളള തിരുവിതാംകൂർ ദേവസ്വം ബോർഡിൻെറ രംഗപ്രവേശം വിവാദത്തിന് ശമനം ഉണ്ടാക്കാനുളള ആസൂത്രിതമായ ഇടപെടൽ. സർക്കാരും രാഷ്ട്രീയ നേതൃത്വവും നിർദ്ദേശിച്ചത് പ്രകാരമാണ് സ്വയം കുറ്റം ഏറ്റുപറഞ്ഞ് കൊണ്ട് ദേവസ്വം ബോർഡ് രംഗത്ത് വന്നതെന്ന് ഉറപ്പാണ്.

Advertisment

സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിയെന്ന നിലയിലും മുതിർന്ന ഉദ്യോഗസ്ഥൻ എന്ന നിലയിലും കെ.ജയകുമാർ ഐ.എ.എസിന് ഉളള വിശ്വാസ്യത കൂടി ഉപയോഗപ്പെടുത്തി വിവാദത്തിൽ നിന്ന് കരകയറാമെന്നുമുളള രാഷ്ട്രീയത്തിൻെറ തന്ത്രമാണ് ദേവസ്വം ബോർഡിനെ രംഗത്ത് ഇറക്കി കൊണ്ട് അരങ്ങേറ്റിയത്. 


നേരത്തെ ഓഡിറ്ററെയും കണക്കുകൾ സമർപ്പിച്ച ഊരാളുങ്കലിൻെറ ഉപകമ്പനിയേയും പഴിചാരിക്കൊണ്ട് ദേവസ്വം ബോർഡ് പത്രക്കുറിപ്പ് ഇറക്കിയപ്പോഴേ അണിയറയിൽ ഒരുങ്ങുന്ന രക്ഷാപ്രവർത്തന നാടകത്തെ കുറിച്ച് സൂചന ലഭിച്ചിരുന്നു.


അത് ശരിവെക്കുന്ന പ്രകടനമാണ് ഇന്നത്തെ ബോർഡ് യോഗത്തിന് ശേഷം ദേവസ്വം പ്രസിഡൻറ് കെ.ജയകുമാർ നടത്തിയത്.വിവാദത്തിൻെറ ഉത്തരവാദിത്തമെല്ലാം ബോർഡ് തന്നെ ഏറ്റെടുക്കുകയും കണക്കുകൾ ശരിപ്പെടുത്താൻ ടാസ്ക് ഫോഴ്സ് രൂപീകരണം പോലുളള പ്രഖ്യാപനവുമാണ് കെ.ജയകുമാറിൽ നിന്നുണ്ടായത്.

സെക്രട്ടേറിയേറ്റിൽ ഇരുന്ന സങ്കീർണമായ ഭരണപ്രശ്നങ്ങളുടെയും വിവാദങ്ങളുടെയും കുരുക്കഴിച്ച് പരിചയമുളള കെ.ജയകുമാറിൻെറ സമർത്ഥമായ ഇടപെടലിലൂടെ വിവാദത്തീയ്ക്ക്  മേൽ വെളളം ഒഴിക്കാമെന്നാണ് സർക്കാരും സിപിഎമ്മിൻെറയും സർക്കാരിൻെറയും കണക്കുകൂട്ടൽ. 


ആഗോള അയ്യപ്പ സംഗമത്തിന്റെ വരവു ചെലവ് കണക്കുകള്‍ സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലെ പ്രശ്‌നങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിനുണ്ടായ വീഴ്ചയെന്നാണ്  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ തുറന്ന് സമ്മിതിച്ചിരിക്കുന്നത്. 


ഓഡിറ്ററുടെ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ മറുപടി നല്‍കാതിരുന്നതാണ് പിഴവുകള്‍ക്കു കാരണമായതെന്നും, ഓഡിറ്ററുമായുള്ള ആശയവിനിമയത്തില്‍ വീഴ്ച സംഭവിച്ചുവെന്നും പ്രസിഡൻറ് കെ.ജയകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റുപറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പു കരാർ ഏറ്റെടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനായിരുന്നു.

പരിപാടിയുടെ നടത്തിപ്പിനായി എട്ടു കോടി രൂപയുടെ ധാരണാപത്രമാണ് ഒപ്പിട്ടതെന്നും കമ്പനി നല്‍കിയത് 7.04 കോടിയുടെ ബില്ലാണെന്നും കെ.ജയകുമാർ വിശദീകരിച്ചു. 7 കോടിയിൽപ്പരം രൂപയുടെ ബില്ല് തന്നെങ്കിലും ദേവസ്വം ബോര്‍ഡ് 4.99 കോടി രൂപ മാത്രമേ നല്‍കൂവന്ന് സ്ഥാപനത്തെ അറിയിച്ചുവെന്നും ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ കെ.ജയകുമാർ വ്യക്തമാക്കി.


10 ദിവസത്തിനകം റിപ്പോര്‍ട്ടില്‍ കൃത്യത വരുത്തുമെന്നതാണ് ബോർഡ് പ്രസിഡൻറിൻെറ മറ്റൊരു പ്രഖ്യാപനം.ഈമാസം 26 ന് പുതുക്കിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. 


ഇതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. മീഡിയാ പബ്ലിസിറ്റിക്ക് മൂന്നുകോടിയിലേറെ രൂപ ചെലവിട്ടെന്നാണ്  ഊരാളുങ്കല്‍ അവകാശപ്പെട്ടത്. ഇതായിരുന്നു ദേവസ്വം ബോര്‍ഡിനെ സംശയിക്കാൻ പ്രേരിപ്പിച്ചത് . 

തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ, സ്പെഷൽ കമ്മിഷണർ വഴി കഴിഞ്ഞ   നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച വരവ് ചെലവ് കണക്ക് പ്രകാരം ആഗോള അയ്യപ്പസംഗമത്തിന് ചെലവായത് നാലരക്കോടി രൂപ മാത്രമായിരുന്നു. ഇതിൽ മൂന്നുകോടി രൂപ കൈമാറിക്കഴിഞ്ഞു. 

കണക്കുകൾ ഓഡിറ്റ് ചെയ്ത ഏജൻസി ബില്ലുകളുടെ പൊരുത്തക്കേടിൽ വ്യക്തത വരുത്താൻ പലതവണ ആവശ്യപ്പെട്ടെങ്കിലും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായി.പൊരുത്തക്കേടുകൾ  സംബന്ധിച്ച് ഊരാളുങ്കലിന്‍റെ ഭാഗവും ബോര്‍ഡ് കേള്‍ക്കുന്നുണ്ട്. അതേസമയം  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. 


ദേവസ്വം ബോർഡിന്റേയോ സർക്കാരിന്റേയോ പണം അയ്യപ്പ സംഗമത്തിന് ഉപയോഗിക്കില്ല എന്നായിരുന്നു ഹൈക്കോടതിക്ക് നല്‍കിയ ഉറപ്പ്.


ശബരിമലയുടെ ഭരണത്തിലും ദേവസ്വം ബോർഡിൻെറ പൊതുഭരണത്തിലും അഴിമതിയുടെ അയ്യരുകളിയാണെന്ന വിവരമാണ് സ്വർണക്കൊളളക്ക് പിന്നാലെ പുറത്ത് വന്ന ആഗോള അയ്യപ്പ സംഗമത്തിൻെറ വരവ് ചെലവ് കണക്കും വ്യക്തമാക്കുന്നത്.

ആടിയശിഷ്ടം നെയ്യിൻെറ വിൽപ്പനയിലും വലിയ വെട്ടിപ്പാണ് നടക്കുന്നതെന്ന വിവരവും പുറത്തുവന്നതും അഴിമതിയുടെ ഉദാഹരണമായിട്ടുണ്ട്. ഇതുകൂടാതെ നിലയ്ക്കൽ ബേസ് ക്യാമ്പിലെ അന്നദാനത്തിൻെറ മറവിലും ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായി വ്യക്തമായിട്ടുണ്ട്.


വെട്ടിപ്പ് പിടിച്ചതിന് പിന്നാലെ അസിസ്റ്റൻറ് കമ്മീഷണറെ ഇന്ന് സസ്പെൻറ് ചെയ്തു.ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ തൃക്കാരിയൂർ ഗ്രൂപ്പ്‌ അസിസ്റ്റന്റ് കമ്മീഷണറർ ജെ. ജയപ്രകാശിനെയാണ് ദേവസ്വം ബോർഡ്‌ സസ്പെൻഡ്‌ ചെയ്തത്. 


ഇന്ന് ചേർന്ന ദേവസ്വം ബോർഡ്‌ യോഗമാണ് നടപടി സ്വീകരിച്ചത്. ജയപ്രകാശിനെതിരെ ഇ.ഡി പ്രോസക്യുഷൻ അനുമതി തേടിയിരുന്നു. ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. 

വിശ്വാസ കേന്ദ്രത്തിൽ നടക്കുന്ന അഴിമതിയുടെയും കൊളളയുടെയും കഥകൾ ഓരോന്നായി പുറത്തുവരുമ്പോൾ ഇതൊന്നുമല്ല ഇതിലും ഭീകരമായ വെട്ടിപ്പാണ് നടക്കുന്നതെന്നാണ് സത്യസന്ധരായ ഉദ്യോഗസ്ഥർ പറയുന്നത്.

Advertisment