/sathyam/media/media_files/2024/12/14/EVbK8XD2IB7D4BNAZKhT.webp)
കോട്ടയം : എല്ലാ പാർട്ടി നേതാക്കൾക്കും ഒരോ ഇന്നോവ ക്രിസ്റ്റ കാർ എന്ന പദ്ധതിയിൽ ഒരു നേതാവ് കൂടി രക്ഷപ്പെട്ടു ! വേറെ ആരുമല്ല സംസ്ഥാനത്തെ മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്കാണ് എല്ലാ നേതാക്കൾക്കും ഇന്നോവ ക്രിസ്റ്റ എന്ന പദ്ധതിയുടെ ഏറ്റവും പുതിയ ഗുണഭോക്താവ്.
കേരളത്തിലെ യുവതീ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിനും തൊഴിൽ ലഭിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമായി രൂപീകരിച്ച കേരള നോളജ് മിഷൻെറ ഉപദേശകനായാണ് തോമസ് ഐസക്കിൻെറ നിയമനം. ഈ സർക്കാരിൻെറ കാലാവധി തീരുന്നത് വരെയാണ് നിയമനം നൽകിയിരിക്കുന്നത്.
ഉപദേശത്തിന് ശമ്പളമായി ഒന്നും വാങ്ങില്ലെങ്കിലും സ്വന്തം ഇന്നോവ സർക്കാർ കാറായി ഓടിക്കാം. പെട്രോളോ ഡീസലോ എന്തായാലും പണം നോളജ് മിഷൻ കൊടുക്കും. ഒരു മാസം 70000 രൂപയുടെ ഇന്ധനം അടിക്കാൻ അനുമതി ഉണ്ടെന്നാണ് നിയമന ഉത്തരവിൽ പറയുന്നത്.
വണ്ടി ഓടിക്കാൻ ഡ്രൈവറെയും വെയ്ക്കാം, ശമ്പളം നോളജ് മിഷൻ നൽകും. വാഹനത്തിൽ നിയോഗിക്കപ്പെടുന്ന ഡ്രൈവർക്ക് സംസ്ഥാന സർക്കാരിൽ കരാർ വ്യവസ്ഥയിൽ നിയമിതനാകുന്ന ഡ്രൈവർക്ക് നിശ്ചയിച്ചിട്ടുളള നിരക്കിൽ വേതനവും ദിനബത്തയും ലഭിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഔദ്യോഗിക ആവശ്യത്തിന് മറ്റ് യാത്രാമാർഗങ്ങൾ അവലംബിക്കുന്ന സാഹചര്യത്തിൽ സർക്കാർ സർവീസിലെ ക്ളാസ് 1 വിഭാഗം ഓഫീസർമാരുടെ നിരക്കിലുളള യാത്രാസൗകര്യവും താമസ സൗകര്യവും ലഭിക്കും.
ചുരുക്കത്തിൽ മന്ത്രിസ്ഥാനവും എം.എൽ.എ സ്ഥാനവും ഒഴിഞ്ഞശേഷം പാർട്ടി ചുമതലകൾ മാത്രം വഹിച്ച് പോരുന്ന തോമസ് ഐസക്കിന് സർക്കാർ ചെലവിൽ സഞ്ചരിക്കാൻ സൗകര്യം ലഭിച്ചുവെന്ന് വേണം കരുതാൻ.
സംസ്ഥാനത്ത് എല്ലാവർക്കും വീട് എന്ന മുദ്രാവാക്യവുമായി ഒന്നാം പിണറായി സർക്കാരിൻെറ തുടങ്ങിയ ലൈഫ് ഭവന പദ്ധതി എട്ടര വർഷം പിന്നിട്ടിട്ടും ലക്ഷ്യം കണ്ടില്ലെങ്കിലും എല്ലാ നേതാക്കൾക്കും ഇന്നോവ ക്രിസ്റ്റ എന്ന ലക്ഷ്യം പൂർത്തിയായെന്ന് ആശ്വസിക്കാം.
കുട്ടി നേതാക്കളുടെ പോലും ആഗ്രഹം സർക്കാർ ചെലവിൽ ഒരു ഇന്നോവ ക്രിസ്റ്റയാണ്. അധികാരത്തിൻെറ അടയാളമായി ഇന്നോവ മാറിയപ്പോൾ പ്രായഭേദമന്യേ എല്ലാ നേതാക്കളുടെയും താൽപര്യം ആവഴിക്കായി.
തോമസ് ഐസക്കിൻെറ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിച്ച മൈഗ്രേഷൻ കോൺക്ളേവിൽ നോളജ് ഇക്കണോമി മിഷൻ പദ്ധതിയെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചും പൊതുജനങ്ങളുമായി സഹകരിച്ചും കൂടുതൽ ജനകീയമാക്കുന്നതിനുളള മാതൃക അവതരിപ്പിച്ചിരുന്നു.ഇതാണ് തോമസ് ഐസക്കിന് പുതിയ നിയമനം ലഭിക്കാൻ വഴിയോരുക്കിയത്.
തിരുവല്ലയിലെ കോൺക്ളേവിൻെറ ചുവട് പിടിച്ച് നോളജ് മിഷൻെറ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി സെപ്റ്റംബർ 7ന് യോഗം ചേരുകയും ചെയ്തു.
യോഗത്തിൽ പത്തനംതിട്ടയിലെ പദ്ധതി ഫലപ്രദമെന്ന് വിലയിരുത്തുകയും വിജ്ഞാന കേരളം എന്ന പേരിൽ നോളജ് മിഷൻെറ പ്രവർത്തനം സംസ്ഥാനമാകെ വ്യാപിപ്പിക്കാനും തീരുമാനിച്ചു. വിജ്ഞാന കേരളം പദ്ധതിയുടെ ഉപദേശകനായിട്ടാണ് തോമസ് ഐസക്കിൻെറ നിയമനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us