തിരുവനന്തപുരം: തോമസ് മാത്യുവിന്‍റെ 'രത്തന്‍ ടാറ്റ: എ ലൈഫ് ' എന്ന പുസ്തക ചര്‍ച്ച ഗൊയ്ഥെ-സെന്‍ട്രവും കേരള ഇന്‍റര്‍നാഷണല്‍ സെന്‍ററും ചേര്‍ന്ന് ഫെബ്രുവരി 22 ന് സംഘടിപ്പിക്കുന്നു. പ്രമുഖ വ്യവസായി ആയിരുന്ന അന്തരിച്ച രത്തന്‍ ടാറ്റയെ കുറിച്ചുള്ള ആധികാരിക ജീവചരിത്രമാണിത്.
പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടികെഎ നായര്‍, എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ അനിത പ്രതാപ്, കേരള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍, മുന്‍ എംഎല്‍എ കെ എസ് ശബരിനാഥന്‍, മുന്‍ ഡിജിപി ബി സന്ധ്യ, സിഇടി സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ. ജിഷ ഗോപി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വൈകിട്ട് 6 മണിക്ക് ഗൊയ്ഥെ-സെന്‍ട്രം ഓഡിറ്റോറിയത്തിലാണ് 2025 ലെ ആമസോണ്‍ പോപ്പുലര്‍ ചോയ്സ് ബുക്ക് അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഈ പുസ്തകത്തെ സംബന്ധിച്ച ചര്‍ച്ച നടക്കുന്നത്.
മുംബൈ, പൂനെ, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലെ ടാറ്റ ആര്‍ക്കൈവ്സില്‍ നടത്തിയ വിശദമായ ഗവേഷണങ്ങളാണ് പുസ്തകത്തിന് ആധാരം. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി രചയിതാവ് നടത്തിയ അഭിമുഖങ്ങളും രത്തന്‍ ടാറ്റയുമായി നടത്തിയിട്ടുള്ള വ്യക്തിഗത ഇടപെടലുകളും ഗ്രന്ഥത്തിന് അടിസ്ഥാനമാണ്.
1868 ല്‍ സ്ഥാപിതമായ ടാറ്റ ഗ്രൂപ്പിനെ ആഗോളതലത്തില്‍ ഉന്നതിയിലേയ്ക്ക് എത്തിച്ച, ബിസിനസില്‍ അങ്ങേയറ്റം മാന്യത കാത്തുസൂക്ഷിച്ച മഹാനായ വ്യവസായിയുടെ സ്മരണാര്‍ത്ഥമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. നന്മയും സഹാനുഭൂതിയും വ്യവസായ ജീവിതത്തിന്‍റെ മുഖമുദ്രയായി സ്വീകരിച്ച വ്യക്തിത്വമായിരുന്നു രത്തന്‍ ടാറ്റയുടേത്.
എഴുത്തുകാരനും കോര്‍പ്പറേറ്റ് തന്ത്രജ്ഞനും പ്രതിരോധ വിദഗ്ധനും ഫോട്ടോഗ്രാഫറുമായ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. തോമസ് മാത്യു ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ ഡോക്ടറേറ്റും ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്.
യുഎസ് ഡിപാര്‍ട്മെന്‍റ് ഓഫ് ഡിഫന്‍സ്, സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ സുപ്രാധാന ഫോറങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും നിരവധി അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തു.
ബ്യൂറോക്രാറ്റ് എന്ന നിലയില്‍ ധനകാര്യ, പ്രതിരോധ, വ്യവസായ മന്ത്രാലയങ്ങളില്‍ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇന്‍ സെര്‍ച്ച് ഓഫ് കണ്‍ഗ്രൂയന്‍സ്: ഇന്ത്യ-യുഎസ് റിലേഷന്‍സ് അണ്ടര്‍ ദ ഒബാമ അഡ്മിനിസ്ട്രേഷന്‍ , ദ വിങ്ഡ് വണ്ടേഴ്സ് ഓഫ് രാഷ്ട്രപതി ഭവന്‍, അബോഡ് അണ്ടര്‍ ദ ഡോം തുടങ്ങി നിരവധി കൃതികള്‍ തോമസ് മാത്യു രചിച്ചിട്ടുണ്ട്. ഡോ. പ്രണബ് മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന കാലയളവില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍, യുകെ പ്രധാന മന്ത്രി തെരേസ മേയ്, ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളന്ദ് തുടങ്ങിയ ലോക നേതാക്കള്‍ക്ക് ഈ പുസ്തകങ്ങള്‍ സമ്മാനിച്ചിരുന്നു.
രാഷ്ട്രപതി ഭവനിലെ അശോക ഹാളിലെ ചിത്രങ്ങളുടെ ഫോട്ടോകള്‍ ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കാര്യങ്ങള്‍, കോര്‍പ്പറേറ്റ് തന്ത്രങ്ങള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് പ്രമുഖ ദിനപ്പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.