/sathyam/media/media_files/2026/01/11/4106d5bf-a8fc-4001-a52b-3c26060b9dd4-2026-01-11-18-53-44.jpg)
കോട്ടയം: സ്വാമി തിന്തകത്തോം അയ്യപ്പ തിന്തകത്തോം.. ശരണമന്ത്രങ്ങളോടെ ചുവട് വെച്ച് എരുമേലി പേട്ടതുള്ളല്‍. ശബരിമല തീര്‍ഥാടനത്തിലെ പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് എരുമേലി പേട്ടതുള്ളല്‍. അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിക്കാനൊരുങ്ങിയുള്ള പുറപ്പാടിനെ അനുസ്മരിച്ചാണു പേട്ടകെട്ടല്‍.
മഹിഷിയെ നിഗ്രഹിച്ചതിന്റെ വിജയഘോഷയാത്രയാണ് പേട്ടതുള്ളല്‍ ചടങ്ങു നടത്തുന്നത്. എരുമേലി ശരണ മന്ത്രങ്ങളാല്‍ മുഖരിതമായിരുന്നു. പുലര്‍ച്ചെ മുതല്‍ തന്നെ എരുമേലിയും പരിസരവുമെല്ലാം ഭക്തജങ്ങളാല്‍ തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു.
അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളാണ് പേട്ട തുള്ളല്‍ നടത്തുന്നത്. ഇന്നു രാവിലെ 11ന് പേട്ടപ്പണം വയ്ക്കല്‍ ചടങ്ങോടെ പേട്ടകെട്ടിനു തുടക്കമായി. ഉച്ചയ്ക്ക് 12ന് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്ന് ആരംഭിച്ചു. പേട്ടതുള്ളാന്‍ അമ്പലപ്പുഴ സംഘത്തില്‍ 500 പേരുണ്ടായിരുന്നു. എരുമേലയില്‍ ഉണ്ടായിരുന്ന ഭക്ത സഹസ്രങ്ങളും അമ്പലപ്പുഴ സംഘത്തിനൊപ്പം ചേര്‍ന്നു.
/filters:format(webp)/sathyam/media/media_files/2026/01/11/60b3b635-703a-41eb-8266-9d1344d675a4-2026-01-11-18-54-28.jpg)
ഭഗവാന്റെ സാന്നിധ്യമായി ആകാശത്ത് വട്ടമിട്ട് പറക്കുന്ന ശ്രീകൃഷ്ണ പരുന്തിനെ ദര്‍ശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്. അമ്പലപ്പുഴ സംഘം വാവര് പള്ളിയില്‍ ദര്‍ശനം നടത്തി. പള്ളി ഭാരവാഹികള്‍ സംഘത്തെ സ്വീകരിക്കും തുടര്‍ന്നു വാവരുടെ പ്രതിനിധിയും അമ്പലപ്പുഴ പേട്ടതുള്ളല്‍ സംഘത്തിനൊപ്പം വലിയമ്പലത്തിലേക്കു പുറപ്പെട്ടു.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ആകാശത്ത് നക്ഷത്രം ദര്‍ശിക്കുന്നതോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്. ആലങ്ങാട്ട് സംഘം വാവര് പള്ളിയില്‍ കയറാതെ വലിയമ്പലത്തിലേക്കു പോകും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ട വൈകിട്ട് 6ന് ആണ് ക്ഷേത്രത്തില്‍ പ്രവേശിക്കുക.
അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘം സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് എരുമേലി പേട്ടതുള്ളല്‍. അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നാണു സംഘം യാത്ര തിരിച്ചത്. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് പ്രത്യേകം തയാറാക്കിയ അലങ്കരിച്ച രഥത്തില്‍ സ്ഥാപിച്ചു രഥഘോഷയാത്രയായി യാത്രയിലൂടനീളമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് എരുമേലിയിലെത്തിയത്.
/filters:format(webp)/sathyam/media/media_files/2026/01/11/erumeli-2026-01-11-18-57-48.jpg)
ആലങ്ങാട്ടു യോഗത്തിന്റെ പേട്ട പുറപ്പാട് മണല്‍പ്പുറം മഹാദേവ ക്ഷേത്രത്തില്‍ നിന്നായിരുന്നു. പേട്ടക്ക് എഴുന്നള്ളിക്കുന്ന അയ്യപ്പഗോളക പൂജിച്ച് യോഗം പെരിയോന്‍ എ.കെ. വിജയകുമാറിന്റെയും യോഗം പ്രതിനിധി പുറയാറ്റികളരി രാജേഷിന്റെയും നേതൃത്വത്തിലായിരുന്നു എരുമേലിയിലേക്കുള്ള യാത്ര. വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനവും പാനക പൂജയും നടത്തിയാണ് ആലങ്ങാട്ട് സംഘം എരുമേലിയിലെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us