/sathyam/media/media_files/2024/11/27/Nxs4ly69IYO0Zj9k0u0m.jpg)
തൃശൂർ നാട്ടികയില്‍ തടിലോറി കയറിയിറങ്ങിയുണ്ടായ അപകടത്തിൽപ്പെട്ട മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. പാലക്കാട് ഗോവിന്ദാപുരം സ്വദേശികളായ ജാൻസി,ദേവേന്ദ്രൻ, ചിത്ര തുടങ്ങിയവരാണ് തൃശൂർ മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലുള്ളത്.
അപകടമുണ്ടാക്കിയ ലോറി ഡ്രൈവർ ജോസിനെയും ക്ലീനർ അലക്സിനെയും വലപ്പാട് പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും ഗതാഗത കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു.
ഇന്നലെ പുലർച്ചയുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച അഞ്ചു പേർക്കൊപ്പം ആണ് പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ള ജാൻസിയുടെ നില അതീവ ഗുരുതരമാണെന്നും ദേവേന്ദ്രന്‍റെയും ചിത്രയുടെയും അവസ്ഥ ഗുരുതരമാണെന്നുമാണ് തൃശൂർ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിവരം.
ശരീരത്തിലൂടെ ലോറി കയറിയിറങ്ങിയ ജാൻസിയുടെ ശസ്ത്രക്രിയ പൂർത്തിയാക്കി. അപകടത്തിൽപ്പെട്ട് കൂടുതൽ സമയം ചോര വാർന്നതും നിരവധി മുറിവുകൾ ഉണ്ടായതുമാണ് ഇവരുടെ പരുക്കുകൾ ഗുരുതരമാക്കിയത്.
ദേവേന്ദ്രന്റെയും ചിത്രയുടെയും പരുക്കുകൾ ഗുരുതരം ആണെങ്കിലും ആരോഗ്യ അവസ്ഥയിൽ നേരിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ആശുപത്രി അധികൃതർ പറയുന്നു. ആറു വയസ്സുകാരി ശിവാനി , രമേശ് , വിജയ് എന്നിവരും ചികിത്സയിൽ തുടരുന്നുണ്ട്.
അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ കണ്ണൂർ ആലങ്ങോട് സ്വദേശി ജോസ് , ക്ലീനർ അലക്സ് എന്നിവരെ ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കോടതിയിൽ ഹാജരാക്കിയത്. മനപ്പൂർവമായ നരഹത്യ , മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ പ്രതികളെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. വേഗത്തിൽ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സംഭവത്തിൽ വിശദമായ അന്വേഷണം തുടരാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.