/sathyam/media/media_files/2025/09/05/photos179-2025-09-05-18-00-40.jpg)
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച നാലുപൊലീസുകാരും കാക്കി ധരിച്ച് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ഇതുവരെ കാണാത്ത സമരം കേരളം കാണും. സര്‍ക്കാരിന്റെ നടപടി കാത്തിരിക്കുന്നുവെന്നും സമരത്തിന്റെ ഫ്രെയിം കോണ്‍ഗ്രസ് മാറ്റുമെന്നും സതീശന്‍ പറഞ്ഞു. കുന്നംകുളത്ത് കസ്റ്റഡി ആക്രമണത്തിന് ഇരയായ സുജിത്തിനെ സന്ദര്‍ശിച്ച ശേഷമാണ് പ്രതികരണം.
ഈ കാക്കി വസ്ത്രം ധരിച്ച് അവര്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങി പൊലീസില്‍ ജോലി ചെയ്യാമെന്ന് കരുതേണ്ട. ഒരു കാരണവശാലും അത് നടക്കില്ല. ഞാനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ പോയാലും അവര്‍ കാക്കി വസ്ത്രം ധരിച്ച് ജോലി ചെയ്യില്ല.
കോണ്‍ഗ്രസ് പാര്‍ട്ടി കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത രീതിയില്‍ ഇതിനെതിരെ പ്രതികരിക്കും. നിലവിലുള്ള ഫ്രെയിം കോണ്‍ഗ്രസ് ഉപേക്ഷിക്കും. മര്‍ദിച്ചവര്‍ക്കെതിരെ സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കണം.
കേരളത്തിലും ഒരു ചെറുപ്പക്കാരനും ഇത്തരം അനുഭവം ഉണ്ടാകരുത്. സഹിക്കാന്‍ പറ്റുന്നതിനപ്പുറമാണ് പൊലീസില്‍ നിന്നുണ്ടായത്' സതീശന്‍ പറഞ്ഞു.
ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വിഎസ് സുജിത്തിനെ കുന്നംകുളം പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ക്രിമിനലുകളായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ് സാധാരണ സ്വീകരിക്കാത്ത നടപടികളിലേക്ക് പോകുമെന്നും സതീശന്‍ പറഞ്ഞു.