കപ്പലണ്ടി വിറ്റുനടന്നവർ പാർട്ടി നേതൃത്വത്തിലേക്ക് എത്തിയതോടെ കോടീശ്വരൻമാരായി മാറി. സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ശബ്ദരേഖാ വിവാദത്തിൽ വീണ്ടും അച്ചടക്ക നടപടി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിനെതിരായ നടപടി സസ്പെൻഷനിൽ ഒതുക്കി. ശരത് പ്രസാദിനെതിരെ നടപടി കടുപ്പിച്ചാൽ പല വെളിപ്പെടുത്തലുകളും പ്രതിരോധിക്കേണ്ടിവരും എന്ന ഭയം സിപിഎമ്മിനെ അലട്ടുന്നു

കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൻെറ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന നേതാക്കളാകെ സംശയ നിഴലിലിയിരിക്കുമ്പോൾ പുറത്തുവന്ന ശബ്ദരേഖ സി.പി.എമ്മിനെ മൊത്തത്തിൽ വലിയ പ്രതിരോധത്തിലാക്കി.

New Update
tsrdyfi

തൃശൂർ:ജില്ലയിലെ സി.പി.എമ്മിനെ പിടിച്ചുകുലുക്കിയ ശബ്ദരേഖാ വിവാദത്തിൽ വീണ്ടും അച്ചടക്ക നടപടി. ശബ്ദരേഖാ വിവാദത്തിൽ ഉൾപ്പെട്ട പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ ശരത് പ്രസാദിനെ സി.പി.എം സസ്പെന്റ് ചെയ്തു.

Advertisment

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ അതിൽ ഉൾപ്പെട്ട നടത്തറ  ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെ സി.പി.എം പുറത്താക്കിയിരുന്നു.


നിബിനെ പുറത്താക്കിയതിന് പിന്നാലെ ജില്ലാ കമ്മിറ്റി അംഗമായ ശരത് പ്രസാദിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.


ശരത് പ്രസാദിൻെറ വിശദീകരണം തളളിക്കളഞ്ഞ ജില്ലാ സെക്രട്ടേറിയേറ്റ് യോഗം സസ്പെന്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു.

ഒരു വർഷ കാലത്തേക്കാണ് സസ്പെൻഷൻ.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.കെ.ബിജുവാണ് നടപടി തീരുമാനം ജില്ലാ സെക്രട്ടേറിയേറ്റിനെയറിയിച്ചത്. 


ജില്ലാ കമ്മിറ്റി അംഗത്തിന് എതിരായ നടപടിക്ക് ഉപരിഘടകമായ സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം വേണം. ശരത് പ്രസാദിനെ സസ്പെന്റ് ചെയ്യാനുളള തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിടും.


സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചശേഷമേ നടപടി പ്രാബല്യത്തിൽ വരികയുളളു.ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ശരത് പ്രസാദ് ഇപ്പോൾ തന്നെ നടപടി അംഗീകരിച്ച മട്ടിലാണ്.

നേതാക്കളുടെ അനധികൃത രീതിയിലുളള സ്വത്ത് സമ്പാദനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശബ്ദരേഖ പുറത്ത് വന്നത് തൃശൂരിലെ സി.പി.എമ്മിൽ വലിയ കോളിളക്കം ഉണ്ടാക്കിയിരുന്നു. 


കപ്പലണ്ടി വിറ്റുനടന്നവർ പാർട്ടി നേതൃത്വത്തിലേക്ക് എത്തിയതോടെ കോടീശ്വരൻമാരായി മാറിയെന്നായിരുന്നു ശബ്ദരേഖയുടെ ഒരു ഭാഗം.


പ്രായപരിധി മാനദണ്ഡത്തിൽ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായ കേരളാ ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ.കണ്ണനെപ്പറ്റിയായിരുന്നു ഈ പരാമർശം.

മുൻ മന്ത്രിയും പാ‌ർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ എ.സി.മൊയ്തീൻ,നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ വർഗീസ് എന്നിവർക്കെതിരെയും പുറത്തുവന്ന ശബ്ദരേഖയിൽ പരാമർശമുണ്ടായിരുന്നു. 


കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേടിൻെറ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന നേതാക്കളാകെ സംശയ നിഴലിലിയിരിക്കുമ്പോൾ പുറത്തുവന്ന ശബ്ദരേഖ സി.പി.എമ്മിനെ മൊത്തത്തിൽ വലിയ പ്രതിരോധത്തിലാക്കി.


നടപടി എടുക്കാതെ പിടിച്ചുനിൽക്കാനാകില്ലെന്ന് വന്നതോടെയാണ് ഫോൺ സംഭാഷണത്തിൻെറ ഒരു തലയ്ക്കലുളള സി.പി.എം നടത്തറ ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെ ഉടൻ തന്നെ പുറത്താക്കിയത്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പദവിയിലിരിക്കുന്ന ശരത് പ്രസാദാണ് സംഭാഷണത്തിൻെറ മറുതലയ്ക്കൽ എന്ന് തിരിച്ചറിഞ്ഞതോടെ വിഷയത്തിൻെറ ഗൗരവം വർദ്ധിച്ചു.


പാർട്ടിയുടെ യുവജന നേതാക്കൾക്ക് മുതിർന്ന നേതാക്കളെകുറിച്ചുളള കാഴ്ചപ്പാടിതാണെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ശരത് പ്രസാദിനെയും പുറത്താക്കണം എന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപടി സസ്പെൻഷനിൽ ഒതുക്കുകയായിരുന്നു.


പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശരത് പ്രസാദിൽ നിന്ന് കൂടുതൽ വെളിപ്പെടുത്തൽ വരുമോയെന്ന ആശങ്കയിലാണ് പുറത്താക്കൽ ഒഴിവാക്കിയതെന്ന് ആക്ഷേപമുണ്ട്.

വാണിജ്യ -വ്യവസായ നഗരമായ തൃശൂരിലെ സി.പി.എമ്മിൻെറ നേതാക്കളുടെ അതിവേഗത്തിലുളള സാമ്പത്തിക വളർച്ചയെ കുറിച്ചുളള കൃത്യമായ വിവരങ്ങളാണ് ശബ്ദരേഖയിലൂടെ പുറത്തുവന്നത്.


നേതാക്കളുടെ സ്വത്ത് സമ്പാദത്തെപ്പറ്റി സി.പി.എം ജില്ലാ കമ്മിറ്റി അംഗം തന്നെ നടത്തിയ പരാമർശങ്ങൾ പ്രതിപക്ഷവും ആയുധമാക്കിയിരുന്നു.


നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായി അനിൽ അക്കര പരാതിയും നൽകിയിരുന്നു.

5 വർഷം മുൻപുളള ഫോൺ സംഭാഷണമാണ് പുറത്തുവന്നതെന്നായിരുന്നു ശരത് പ്രസാദിൻെറ ആദ്യ പ്രതികരണം.എന്നാൽ സംഭവം വിവാദമായതോടെ മലക്കം മറിഞ്ഞു.

താൻ ആരുമായും  ഇത്തരത്തിൽ  സംസാരിച്ചിട്ടില്ലെന്നായിരുന്നു മലക്കം മറിച്ചിൽ. എന്നാൽ ശരത് പ്രസാദുമായാണ് താൻ സംസാരിച്ചതെന്ന് നിബിൻ ശ്രീനിവാസൻ വ്യക്തമാക്കിയതോടെ കളളി വെളിച്ചത്തായി.

Advertisment