/sathyam/media/media_files/2025/09/28/photos387-2025-09-28-21-29-44.jpg)
തൃശൂര്‍: മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവന്‍ 7 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച പൂജാരി പിടിയില്‍.
കോഴിക്കോട് അഴീക്കോട് സ്വദേശി തേനായി വീട്ടില്‍ അശ്വന്ത് (34) ആണ് അറസ്റ്റിലായത്. 2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തില്‍ ശാന്തിക്കാരനായി ജോലിക്ക് കയറിയത്.
അന്ന് മുതല്‍ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള സ്വര്‍ണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമതല നല്‍കിയിരുന്നത്.
കമ്മിറ്റി അംഗങ്ങള്‍ക്ക് ശ്രീകോവിലില്‍ ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഇല്ലെന്ന് സംശയം തോന്നിയതിനെത്തുടര്‍ന്ന് അശ്വന്തിനോട് തിരുവാഭരണങ്ങള്‍ കാണിച്ച് തരാന്‍ ആവശ്യപ്പെട്ടു. എല്ലാ കമ്മറ്റി അംഗങ്ങളും വന്നാല്‍ മാത്രമേ കാണിക്കാനാകൂ എന്നായിരുന്നു മറുപടി.
എല്ലാവരും ചേര്‍ന്ന് ആവശ്യപ്പെട്ടപ്പോള്‍ കുറച്ച് സ്വര്‍ണാഭരണങ്ങള്‍ ചാലക്കുടിയിലെ ബാങ്കില്‍ പണയം വെച്ചതായി അശ്വന്ത് പറഞ്ഞു.
തുടര്‍ന്ന് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചേര്‍ന്ന് പരിശോധിച്ചപ്പോഴാണ് പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണത്തിന്റെ മണിമാല, സ്വര്‍ണത്തിന്റെ രണ്ട് കണ്ണുകള്‍, സ്വര്‍ണത്തിന്റെ നാല് പൊട്ടുകള്‍ എന്നിവ ശ്രീകോവിലില്‍ നിന്ന് നഷ്ടപ്പെട്ടതായി മനസിലാക്കിയത്.