/sathyam/media/media_files/2025/09/30/photos75-2025-09-30-20-38-04.png)
തൃശൂർ: രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പൊലീസിൽ കീഴടങ്ങി. തൃശൂർ പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് ബിജെപി വക്താവ് പ്രിന്റു മഹാദേവ് കീഴടങ്ങിയത്.
പാർട്ടി പ്രവർത്തകർക്ക് ഒപ്പമായിരുന്നു ഇയാൾ കീഴടങ്ങാൻ എത്തിയത്. സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പ്രിന്റു മഹാദേവ് ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.
തുടർന്ന് പ്രിന്റുവിനെതിരെ നിയമനടപടിയാവശ്യപ്പെട്ട് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.
കെപിസിസി സെക്രട്ടറി അഡ്വ. പി.ആർ പ്രാണകുമാർ സംസ്ഥാന പൊലീസ് മേധാവിക്കും കോൺഗ്രസ് നേതാവ് ശ്രീകുമാർ തൃശൂർ പേരാമംഗലം പൊലീസിനുമാണ് പരാതി നൽകിയത്.
തുടർന്ന് കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം എന്നീ കുറ്റങ്ങൾ ചുമത്തി പേരാമം​ഗലം പൊലീസ് കേസെടുക്കുകയായിരുന്നു.
ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറഞ്ഞത്. പ്രിന്റുവിനെ കണ്ടെത്താൻ പൊലീസ് ബിജെപി നേതാക്കളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
ബിജെപി നേതാവ് സുരേന്ദ്രൻ അയനിക്കുന്നത്തിന്റേയും സഹോദരൻ ഗോപിയുടേയും വീട്ടിലാണ് പരിശോധന നടത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി രം​ഗത്തെത്തിയ ബിജെപി നേതാക്കൾ പൊലീസിനെതിരെ ഭീഷണിയും മുഴക്കിയിരുന്നു.
രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റു മഹാദേവിന്റെ ഭീഷണി പരാമർശം. സംഭവത്തിൽ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തയച്ചിരുന്നു. പ്രിന്റു മഹാദേവിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ് പ്രിന്റുവിന്റേതെന്നും ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.