/sathyam/media/media_files/2025/10/18/m-a-baby-2025-10-18-21-04-34.jpg)
തൃശൂര്‍: ലോകത്തെ ഒന്നാമത്തെ കുറ്റവാളി രാഷ്ട്രമാണ് അമേരിക്കയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി . തൃശൂരില്‍ വി അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം പ്രഭാത് പട്നായിക്കിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെനസ്വേലയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഐഎ യെ കയറൂരിവിട്ടിരിക്കയാണ് ട്രംപ്. പണ്ട് ചിലിയിലും പട്ടാള അട്ടിമറി നടത്തിയ ചരിത്രം നമുക്കറിയാം.
അലന്‍ഡെ യെ അട്ടിമറിക്കാന്‍ ലാറ്റിനമേരിക്കയിലെ മുഴുവന്‍ രാജ്യങ്ങളിലെയും പട്ടാളമേധാവികളെ അമേരിക്കയില്‍വിളിച്ചുവരുത്തി പരിശീലിപ്പിച്ചതാണ്.
ഈ നീക്കത്തിന് വഴങ്ങാതിരുന്ന ചിലിയിലെ സൈനിക മേധാവിയെ നിരവധി പരിശ്രമങ്ങള്‍ക്കൊടുവില്‍ വധിക്കുകയായിരുന്നു. സ്വതന്ത്ര രാഷ്ട്രങ്ങളെ അട്ടിമറിച്ച ചരിത്രമാണ് അമേരിക്കക്കുള്ളത്.
സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്നതുതന്നെ ഇന്ന് ചോദ്യചിഹ്നമായി മാറിയിരിക്കുന്നു. മറ്റ് രാഷ്ട്രങ്ങളെയെല്ലാം തങ്ങളുടെ സംസ്ഥാനമാക്കി മാറ്റാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. പനാമ കനാല്‍ ഏറ്റെടുക്കുമെന്ന് പറയുന്നു. കാനഡ അമേരിക്കയുടെ ഭാഗമാണ് എന്ന് വാദിക്കുന്നു.
സമകാലിക പഠനങ്ങളിലൂടെ മുതലാളിത്ത സാമ്പത്തിക നയത്തിന്റെ മനുഷ്യത്വ വിരുദ്ധ മുഖം നിരന്തരം തുറന്നുകാട്ടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് പ്രഭാത് പട്നായിക്.
സാമ്പത്തിക മാന്ദ്യത്തിന്റെ ഘട്ടത്തില്‍ അത് മറികടക്കുന്നതിരുള്ള ആശയം രൂപീകരിക്കാന്‍ യുഎന്‍ ക്ഷണിച്ച ലോകത്തെ നാല് സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളാണ് അദ്ദേഹം.
ആസൂത്രണ ബോര്‍ഡ് അംഗമായിരിക്കെ കേരളത്തിന്റെ വികസനത്തിന് മൗലിക സംഭാവന നല്‍കിയ വ്യക്തിയാണദ്ദേഹം. പുതിയ തലമുറയിലെ രാഷ്ട്രീയ പ്രവര്‍ത്തകരെ ആശയ തലത്തിലും സമരസമഘടനാ തലത്തിലും ഏറെ സ്വാധീനിച്ച പണ്ഡിതനായിരുന്നു വി അരവിന്ദാക്ഷനെന്നും ബേബി പറഞ്ഞു.