കൂറുമാറാന്‍ ലീഗ് സ്വതന്ത്രന് 50 ലക്ഷം സിപിഎം വാഗ്ദാനം ചെയ്‌തെന്ന് ശബ്ദരേഖ. വിജിലന്‍സ് അന്വേഷണം. അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം

ലീഗ് സ്വതന്ത്രനായ ജാഫര്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്.

New Update
nilambur cpm

തൃശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന് സിപിഎം കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. 

Advertisment

മുന്‍ എംഎല്‍എ അനില്‍ അക്കര ഡിജിപിക്കും വിജിലന്‍സിനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കൂറു മാറി വോട്ടു ചെയ്യാന്‍ ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫറിന് 50 ലക്ഷം രൂപ സിപിഎം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു എന്ന ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു. 

ലീഗ് സ്വതന്ത്രനായ ജാഫര്‍ കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയോട് നടത്തിയ വെളിപ്പെടുത്തലാണ് പുറത്തായത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേന്നായിരുന്നു ഈ സംഭാഷണം. 

'രണ്ട് ഓപ്ഷനാണ് സിപിഎം വച്ചിട്ടുള്ളത്. ഒന്നുകില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം, അല്ലെങ്കില്‍ 50 ലക്ഷം രൂപ സ്വീകരിച്ച് എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കാം. 

50 ലക്ഷം വാങ്ങി ലൈഫ് സെറ്റില്‍ ചെയ്യാനാണ് എന്റെ തീരുമാനം'. ഫോണ്‍ സംഭാഷണത്തില്‍ ജാഫര്‍ പറയുന്നു.

''നിങ്ങടെ കൂടെ നിന്നാല്‍ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയില്‍ കയറി ഇരുന്നാല്‍ മതി'' എന്ന് ജാഫര്‍ പറയുന്നതും ശബ്ദരേഖയിലുണ്ട്. 

എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതം അംഗങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. ജാഫര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. 

തൊട്ടടുത്ത ദിവസം ജാഫര്‍ അംഗത്വം രാജിവെക്കുകയും ചെയ്തു. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്നാണ് ജാഫര്‍ ലീഗ് സ്വതന്ത്രനായി വിജയിച്ചിരുന്നത്.

Advertisment