/sathyam/media/media_files/xLbBqCvUB4pVEqqDvBKD.jpg)
തൃശൂര്‍: ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനുമായി അടിയന്തിര കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ കൗതുകമായി.
തൃശൂര്‍ പൂരം കലക്കല്‍ ഉള്‍പ്പെടെ സര്‍ക്കാരിനെയും ഇടതുമുന്നണിയേയും പ്രതിരോധത്തിലാക്കിയ വിവാദങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കത്തികയറുന്നതിനിടെയാണ് തൃശൂര്‍ രാമനിലയത്തില്‍ സിബിസിഐ അധ്യക്ഷനും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൃശൂര്‍ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടാതിരുന്ന കൂടിക്കാഴ്ച തിങ്കളാഴ്ച മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം തീരുമാനിക്കുകയും മുഖ്യമന്ത്രിയും ബിഷപ്പുമാരും ജോസ് കെ മാണിയും രാമനിലയത്തിലേയ്ക്കെത്തി കൂടിക്കാഴ്ച നടത്തുകയുമായിരുന്നു.
ഇഎസ്ഐ വിജ്ഞാപനത്തില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കണമെന്ന സഭയുടെയും ഇന്‍ഫാമിന്‍റെയും മറ്റ് സഭാ സംഘടനകളുടെയും ആവശ്യം മുഖ്യമന്ത്രിയെ അറിയിക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിശദീകരണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം കല്പിക്കപ്പെടുന്നുണ്ട്.
മാര്‍ റെമിജിയോസ് ഇഞ്ചനാനിയാണ് കെസിബിസി സംഘടനയായ ഇന്‍ഫാമിന്‍റെ രക്ഷാധികാരി. കാര്‍ഷിക പ്രശ്നങ്ങളില്‍ ശക്തമായ നിലപാടാണ് അദ്ദേഹത്തിനുള്ളത്. അതേസമയം മാര്‍ ആന്‍ഡ്രൂസ് താഴത്തിന് സഭയില്‍ അത്തരം ചുമതലകളൊന്നുമില്ല. മാത്രമല്ല, അദ്ദേഹം സിബിസിഐ അധ്യക്ഷനുമാണ്.
ബിഷപ്പുമാരും ജോസ് കെ മാണി എംപിയും ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. അര മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കു ശേഷം ഇവര്‍ ഒന്നിച്ചാണ് മടങ്ങിയതും.