സിപിഎം 'പണി' കൊടുത്തത് തൃശ്ശൂരിൽ പൂരം കലക്കി സിപിഐക്കിട്ട് മാത്രമല്ല തുഷാറിനെ മത്സരത്തിനിറക്കി കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിനും ? ബിജെപി നിർദേശിച്ച ആലപ്പുഴയും കൊല്ലവും മത്സരിക്കാതെ തുഷാർ കോട്ടയത്തെത്തിയത് സിപിഎമ്മിനെതിരെ നേർക്കുനേർ മത്സരം ഒഴിവാക്കാൻ. തുഷാറിന്റെ വരവിൽ ഈഴവ വോട്ടുകൾ ചോർന്നപ്പോൾ നായർ വോട്ടുകൾ യുഡിഎഫിനും പോയി. ഒടുവിൽ ചാഴികാടൻ തോറ്റ വഴി ഇങ്ങനെ

പൂരം കലക്കിയതോടെ തൃശൂരില്‍ ജനവികാരം, പ്രത്യേകിച്ച് ഹൈന്ദവ വികാരം സര്‍ക്കാരിന് എതിരാവുകയും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് കളം ഒരുങ്ങുകയുമായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vs sunil kumar thushar vellappally thomas chazhikadan
Listen to this article
0.75x1x1.5x
00:00/ 00:00

തൃശൂര്‍: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൂരം കലക്കി ബിജെപിയുമായി ചേര്‍ന്ന് സിപിഐ സ്ഥാനാര്‍ഥിക്കിട്ട് 'പണി' കൊടുത്തെന്ന് ആരോപണം നേരിടുന്ന സിപിഎം സമാന രീതിയില്‍ ബിഡിജെഎസുമായി ചേര്‍ന്ന് കേരള കോണ്‍ഗ്രസ് - എമ്മിനിട്ടും 'പണി' കൊടുത്തെന്ന വിമര്‍ശനം ശക്തം.


Advertisment

ഇതോടെ ചില മണ്ഡലങ്ങളില്‍ ബിജെപിയുമായും മറ്റ് ചിലയിടത്ത് ബിഡിജെഎസുമായും സിപിഎം ധാരണ ഉണ്ടായിരുന്നു എന്നാണ് ആരോപണം.


പൂരം കലക്കിയതോടെ തൃശൂരില്‍ ജനവികാരം, പ്രത്യേകിച്ച് ഹൈന്ദവ വികാരം സര്‍ക്കാരിന് എതിരാവുകയും ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ വന്‍ വിജയത്തിന് കളം ഒരുങ്ങുകയുമായിരുന്നു.

തുഷാറിന്‍റെ സിപിഎം പ്രതിബദ്ധത !

ബിഡിജെഎസ് - സിപിഎം ധാരണകളില്‍ പ്രധാന ആരോപണം ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കാന്‍ തെരഞ്ഞെടുത്ത മണ്ഡലം തന്നെ ആയിരുന്നു.

thushar vellappally


തുഷാറിനോട് ആലപ്പുഴയില്‍ മല്‍സരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം സമ്മതിച്ചില്ല. അന്നു മുതല്‍ തന്നെ തുഷാര്‍ സിപിഎം മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ ഒരുക്കമല്ലെന്ന വാര്‍ത്തകള്‍ പരന്നിരുന്നു.


പകരം തുഷാര്‍ മല്‍സരിച്ചത് കോട്ടയത്താണ്. ബിഡിജെഎസിന് താരതമ്യേന ശക്തിയുള്ള ഇടുക്കി പാര്‍ട്ടിക്ക് അനുവദിച്ച സീറ്റായിട്ടും അവിടെ മറ്റൊരാളെ നിയോഗിച്ച് പാര്‍ട്ടിക്ക് ശക്തി കുറവുള്ള കോട്ടയം തുഷാര്‍ തെരഞ്ഞെടുക്കുകയായിരുന്നു. കാരണം, ഇടുക്കിയില്‍ സിപിഎം സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജാണ് മല്‍സരിച്ചിരുന്നത്.

ചാഴികാടനെ വെള്ളത്തിലാക്കി തുഷാര്‍

കോട്ടയത്ത് കേരള കോണ്‍ഗ്രസ് - എമ്മിന്‍റെ തോമസ് ചാഴികാടനായിരുന്നു സ്ഥാനാര്‍ഥി. തുഷാര്‍ സ്ഥാനാര്‍ഥി ആയി എത്തിയതോടെ കേരള കോണ്‍ഗ്രസ് പരാജയം മണത്തിരുന്നു.

അതിനാല്‍ തന്നെ തുഷാറിന്‍റെ വരവ് തടയാന്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ഇതൊന്നുമറിയാതെ ചില സിപിഎം നേതാക്കളുടെ സഹായവും തേടിയിരുന്നു.


ഇതുപ്രകാരം തുഷാറിനോട് കോട്ടയം തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെടാന്‍ അദ്ദേഹത്തെ നേരില്‍ കണ്ട സിപിഎം ഉന്നതന്‍ അവര്‍ക്കിടയിലെ 'അന്തര്‍ധാര' അരക്കിട്ടുറപ്പിച്ച് തുഷാറിനോട് കോട്ടയത്തു തന്നെ മല്‍സരിക്കണമെന്നും സിപിഎം മല്‍സരിക്കുന്ന മണ്ഡലങ്ങളിലേയ്ക്ക് എത്തരുതെന്നും ആവശ്യപ്പെടുകയായിരുന്നു ചെയ്തതത്രെ ?


ഇതോടെ കോട്ടയത്ത് സിപിഎമ്മിന്‍റെ ഈഴവ വോട്ടുകളില്‍ വന്‍ ചോര്‍ച്ചയാണ് സംഭവിച്ചത്. വിഎന്‍ വാസവന്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച ഏറ്റുമാനൂരില്‍ പോലും ചാഴികാടന്‍ പതിനായിരത്തോളം വോട്ടിന് പിന്നിലായി.

ഈഴവ വോട്ടുകള്‍ ചിതറി, നായര്‍ വോട്ടുകള്‍ മറുകണ്ടം ചാടി

കേരള കോണ്‍ഗ്രസ് - എമ്മിന് വലിയ തോതില്‍ വോട്ട് വിഹിതം വര്‍ധിച്ചിരുന്ന പാലായിലും കടുത്തുരുത്തിയിലും പോലും ഈഴവ വോട്ടുകള്‍ ചോര്‍ന്നതോടെ ചാഴികാടന്‍ പിന്നിലായി.


തുഷാറിന്‍റെ വരവില്‍ ഈഴവ വോട്ടുകള്‍ ചോര്‍ന്നതു മാത്രമായിരുന്നില്ല പ്രശ്നം. എന്‍ഡിഎയ്ക്ക് കിട്ടേണ്ടിയിരുന്ന നായര്‍ വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിനും പോയി. അത് ചാഴികാടനെ സംബന്ധിച്ച് ഇരട്ട പ്രഹരമായി. 


thomas chazhikadan mp-3

തുഷാര്‍ എന്ന അന്തര്‍ധാര

യുഡിഎഫിന് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലങ്ങളില്‍ പോലും ഒന്നരയും രണ്ട് ലക്ഷവും ഭൂരിപക്ഷം ലഭിച്ചപ്പോഴും യുഡിഎഫ് കോട്ടയായ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ഭൂരിപക്ഷം 85000 -ല്‍ ഒതുങ്ങി.


ഈഴവ വോട്ട് ചോര്‍ച്ചയും നായര്‍ വോട്ട് യുഡിഎഫിന് പോയതും ഒഴിവാക്കിയിരുന്നെങ്കില്‍ കോട്ടയത്ത് ചാഴികാടന്‍റെ വിജയം ഉറപ്പായിരുന്നെന്നാണ് കേരള കോണ്‍ഗ്രസ് - എം ഇപ്പോഴും വിശ്വസിക്കുന്നത്.


ഇതിനു രണ്ടിനും കാരണം തുഷാറിന്‍റെ സ്ഥാനാര്‍ഥിത്വമായിരുന്നു. അതിനു വഴിവച്ചത് തുഷാറും സിപിഎമ്മും തമ്മിലുണ്ടായിരുന്ന അന്തര്‍ധാരയും.

പക്ഷേ രാഷ്ട്രീയത്തില്‍ സ്വതവേ മാന്യത പുലര്‍ത്തുന്ന കേരള കോണ്‍ഗ്രസ് - എം ഇത് പരസ്യമായി ഉന്നയിക്കാനോ തര്‍ക്കത്തിനോ തയ്യാറാവുകയില്ലെങ്കിലും അണികളില്‍ ഇക്കാര്യത്തില്‍ കടുത്ത നിരാശയും അതൃപ്തിയുമുണ്ട്. അവര്‍ക്ക് കാര്യങ്ങളും അതിനു ചുക്കാന്‍ പിടിച്ചവരേയും മനസിലായിട്ടുണ്ട് എന്നതാണ് സത്യം.

Advertisment