തൃശൂർ: തൊഴിലിനും കൂലിക്കും വേണ്ടി പൊരുതിയ ചെത്ത് തൊഴിലാളികളുടെ സമരഭൂമിയായ അന്തിക്കാട്ടും ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ലീഡ്.ജില്ലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻെറ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന അന്തിക്കാട് 400-ൽപരം വോട്ടിനാണ് ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി ലീഡ് ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാറിൻെറ ജന്മദേശവും അദ്ദേഹവും കുടുംബവും ജീവിക്കുന്ന സ്ഥലവുമാണ് അന്തിക്കാട്.
ചെത്ത് തൊഴിലാളികളുടെ ഐതിഹാസികമായ സമരപോരാട്ടം കൊണ്ട് ചുവന്ന് തുടത്ത് കമ്മ്യൂണിസ്റ്റ് ഗ്രാമമായി മാറിയ അന്തിക്കാട്ടും ബി.ജെ.പിയുടെ സംഘരാഷ്ട്രീയത്തിന് മേൽക്കെ ലഭിച്ചത് ജില്ലയിലെ രാഷ്ട്രീയ നേതാക്കളെയാകെ ഞെട്ടിച്ചിരിക്കുന്നത്. ബി.ജെ.പിയിലേക്ക് പോകുന്ന വോട്ടെല്ലാം കോൺഗ്രസിൻേറതാണെന്ന് ഇടതുപക്ഷം വാദിക്കുമ്പോഴാണ് അന്തിക്കാടെന്ന കമ്മ്യൂണിസ്റ്റ് ഗ്രാമത്തിൽ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിച്ചത്.
തൊഴിലിനും കൂലിക്കും വേണ്ടി ഭരണകൂടത്തിന് എതിരെ ഒരു നാടൊന്നാകെ സമരത്തിന് ഇറങ്ങിയതാണ് അന്തിക്കാടിൻെറ രാഷ്ട്രീയ ഭൂതകാലം. സമരാനന്തരം ചെങ്കൊടി പാറിയ നാട്ടിലാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വേരറ്റ് പോകുന്നത് എന്നതാണ് രാഷ്ട്രീയ ഭേദമന്യേ വേദനിപ്പിക്കുന്ന കാര്യം. അന്തിക്കാട്ടെ തിരിച്ചടിയിൽ വേദനിക്കുമ്പോൾ തന്നെ ഈ നാട്ടിലെ പുതിയ നേതൃത്വം ബി.ജെ.പിയെ പ്രതിരോധിക്കാൻ എന്തുചെയ്തുവെന്ന ചോദ്യവും പ്രസക്തമാണ്.സുരേഷ് ഗോപിയോട് എതിരിട്ട വി.എസ്.സുനിൽകുമാർ മാത്രമല്ല അന്തിക്കാട്ടെ പുതിയ നേതൃത്വം.റവന്യു മന്ത്രി കെ.രാജനും അന്തിക്കാട്ടുകാരനാണ്. രാജനിൽ ഒതുങ്ങുന്നില്ല സി.പി.ഐ നേതാക്കളുടെ പട്ടിക. തൃശൂർ എം.എൽ.എ പി.ബാലചന്ദ്രൻ, നാട്ടിക എം.എൽ.എ സി.സി മുകുന്ദൻ, എ.ഐ.ടി.യു ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ എന്നിവരും അന്തിക്കാട്ടുകാരാണ്.
അന്തിക്കാടിൻെറ സമര പൈതൃകത്തെ വർത്തമാന കാലവുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് മുൻ മന്ത്രി കൂടിയായ കെ.പി. രാജേന്ദ്രൻ. രാജേന്ദ്രൻെറ പിതാവ് കെ.പി.പ്രഭാകരൻ അന്തിക്കാട് സമരത്തിൻെറ നേതൃനിരയിൽ പ്രവർത്തിച്ച നേതാവാണ്. ഇത്രയും സമ്പന്നമായ നേതൃനിര ഉളളിടത്താണ് സുരേഷ് ഗോപിക്കും ബി.ജെ.പിക്കും 400ൽപരം വോട്ടിൻെറ ലീഡ് ലഭിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
സി.പി.ഐക്ക് മാത്രമല്ല അന്തിക്കാട് ഇപ്പോൾ നേതാക്കളുളളത്.ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജോസ് വളളൂരും അന്തിക്കാടുകാരനാണ്. എന്നാൽ അന്തിക്കാട്ടു നിന്ന് വോട്ടുനേടി കോൺഗ്രസിന് കരുത്തേകുന്നതിൽ ജോസ് വളളൂർ ദയനീയമായി പരാജയപ്പെട്ടു. അന്തിക്കാട് പഞ്ചായത്തിൽ മൂന്നാം സ്ഥാനത്താണ് യു.ഡി.എഫ്.തീർന്നില്ല അന്തിക്കാട്ടെ കോൺഗ്രസ് നേതാക്കളുടെ പട്ടിക.കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തികാടും ഇതേ നാട്ടുകാരനാണ്.
സുനിലും സ്വന്തം പഞ്ചായത്തിലെ ബി.ജെ.പി തേരോട്ടത്തെ പ്രതിരോധിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. നാടിൻെറ സമരചരിത്രവും പോരാട്ടവീര്യവും പുതിയ തലമുറയിലേക്ക് പകർന്ന് കൊടുക്കുന്നതിൽ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഒരുപോലെ പരാജയപ്പെട്ടതാണ് ബി.ജെ.പി കടന്നുകയറ്റത്തിൻെറ യഥാർത്ഥ കാരണം.