തൃശൂര്‍: പ്രചരണം അവസാന ലാപ്പിൽ എത്തി നിൽക്കെ പാലക്കാടും ചേലക്കരയിലും വയനാട് ലോകസഭ മണ്ഡലത്തിലും കോൺഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചേലക്കരയിലടക്കം എഡിഎം നവീൻ ബാബുവിന്‍റെ മരണവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന സിപിഎം ജില്ല കമ്മിറ്റി അംഗം പി.പി ദിവ്യയുടെ ജയില്‍വാസവും തിരിച്ചടിയാവുമോ എന്ന ഭയത്തിലാണ് സിപിഎം.
പാലക്കാട് വലിയ മുന്നേറ്റം പ്രതീക്ഷിച്ച് പ്രചരണം തുടങ്ങിയ ബിജെപി പക്ഷെ സന്ദീപ് വാര്യർ ഉയർത്തിയ വിവാദം സൃഷ്ടിച്ച അങ്കലാപ്പില്‍ കിതയ്ക്കുകയാണ്.
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണം വോട്ടർമാർക്കിടയില്‍ സജീവ ചർച്ചയാണെന്ന റിപ്പോർട്ടാണു പാലക്കാട്, ചേലക്കര പാർട്ടി മണ്ഡലം കമ്മിറ്റികള്‍ സിപിഎം ജില്ലാ നേതൃത്വങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
/sathyam/media/media_files/Ds2Ulp8G01uQFt8LUKZn.jpg)
ആരോപണം വന്നയുടൻ ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തുനിന്നു മാറ്റിയ പാർട്ടി നടപടി വോട്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്ന നിർദ്ദേശം പാർട്ടി സംസ്ഥാന നേതൃത്വം നൽകിയെങ്കിലും അതൊന്നും പ്രചാരണത്തിൽ ഫലിച്ചില്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
മറിച്ച്, പി.പി ദിവ്യയെ അറസ്റ്റ് ചെയ്യാതെ സിപിഎം സംരക്ഷിച്ചുവെന്ന പ്രചാരണം പ്രതിപക്ഷം ശക്തമാക്കുകയും ചെയ്തു. ദിവ്യക്ക് ഒളിത്താവളമൊരുക്കിയതു സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്ന വിമർശനം ഉയർത്തുകയാണ് കോണ്‍ഗ്രസും ബിജെപിയും.
പ്രചരണത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുന്നതും അതുതന്നെ. ഭരണവിരുദ്ധവികാരമില്ലെന്നു ഇടതുനേതാക്കള്‍ പറയുന്നുണ്ടെങ്കിലും സർക്കാരുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്നുതന്നെയാണു സിപിഎം വിലയിരുത്തല്‍.
/sathyam/media/media_files/2024/10/18/LFYwfqedynvhHz68eHgL.jpg)
രണ്ടു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം വിപരീതമായാല്‍ അതു സിപിഎമ്മില്‍ വലിയ ചർച്ചകള്‍ക്കു കാരണമാകുമെന്നത് ഉറപ്പാണ്. പ്രത്യേകിച്ചു പാർട്ടി സമ്മേളനങ്ങള്‍ ചേരുന്ന കാലഘട്ടത്തില്‍.
രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് പാലക്കാട് പ്രചരണം തുടങ്ങിയ ബിജെപി പക്ഷേ അവസാനഘട്ടത്തിൽ സന്ദീപ് വാര്യർ ഉയർത്തിയ വിവാദത്തിൽ ഉലയുകയാണ്.
/sathyam/media/media_files/2024/10/31/4SSZBYdKpLXj43yeC8JJ.jpg)
സന്ദീപ് വാര്യർ വിഷയത്തിൽ പ്രതികരിച്ച് പ്രശ്നം കൂടുതൽ വഷളാക്കേണ്ടെന്ന നിലപാടാണ് പാർട്ടി സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത്. സന്ദീപ് വാരിയർ വിഷയം അത്ര വലുതല്ല എന്ന പ്രകാശ് ജാവേദ്ക്കറുടെ മറുപടി തന്നെ ഇതിനു ഉദാഹരണം.
അതേസമയം, കോൺഗ്രസ് ആകട്ടെ തുടക്കത്തിൽ ഉയർന്ന വെല്ലുവിളികളെ സംഘടനാ പാടവം കൊണ്ട് അതിജീവിച്ച പ്രചരണത്തിൽ മുന്നേറുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും വിലയിരുത്തിയാണ് പ്രചരണം മുന്നേറുന്നത്.
/sathyam/media/media_files/AYHmLClkgiRbmJpk7EVP.jpg)
വയനാട്ടിലെ കോൺഗ്രസ് തരംഗം പാലക്കാട് ചേലക്കരയിലും എത്തിക്കാൻ രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇനി മണ്ഡലത്തിൽ എത്തുമ്പോൾ കോൺഗ്രസിന് ആത്മവിശ്വാസം ഏറും.