തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍.
കുന്നംകുളത്തുവച്ചാണ് ദേവദാസിനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ മുക്കം പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലിലെ ജീവനക്കാരിയായിരുന്ന പെൺകുട്ടിക്ക് നേരെയാണ് പീഡനശ്രമം നടന്നത്.
കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്.
ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവും പരാതിക്കാരി പൊലീസിന് കൈമാറി.
അതിനിടെ കെട്ടിടത്തില്‍ നിന്നും താഴെ വീണ തന്നെ വീണ്ടും വലിച്ചിഴച്ചു കൊണ്ടു പോയതായി പെണ്‍കുട്ടി പറഞ്ഞു.
എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ളപ്പോള്‍ പ്രതികള്‍ വീടിനകത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. എന്നാല്‍ ഉച്ചത്തില്‍ നിലവിളിച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെടാന്‍ സാധിച്ചത്.
മുകളില്‍ ഫോണ്‍ ചെയ്തുകൊണ്ടിരുന്ന പെണ്‍കുട്ടി കാല്‍വഴുതി താഴെ വീഴുകയായിരുന്നുവെന്ന് പ്രതികള്‍ അയല്‍വാസികളോട് പറയുകയായിരുന്നു.
വാരിയെല്ലിനും നട്ടെല്ലിനും ഗുരുതര പരുക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.