തൃശൂർ: പാലക്കാട് എലപ്പുള്ളിയിൽ വിവാദ ബ്രൂവറിയുടെ നിർമ്മാണ ചുമതലയുള്ള ഒയാസിസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മദ്യ കമ്പനി പ്രദേശത്ത് വാങ്ങിക്കൂട്ടിയ ഭൂമികളുടെ ഇടപെടൽ വ്യാപക ക്രമക്കേടാണ് നടന്നിരിക്കുന്നതെന്ന് മുൻ എം.എൽ.എ. അനിൽ അക്കര ആരോപിച്ചു,
ഈ വിഷയത്തിൽ കമ്പനി വാങ്ങിക്കൂട്ടിയ ഭൂമികളുടെ മുൻ ആധാരങ്ങൾ, പട്ടയങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടപ്പോൾ ഈ രേഖകൾ എലപ്പുള്ളി വില്ലേജിലില്ലെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.
ഭൂമി ഇടപാട് സംബന്ധിച്ച് അടിസ്ഥാന രേഖകൾ സൂക്ഷിച്ചില്ലെന്ന മറുപടിയിൽ ദുരൂഹതയുണ്ട്.
വില്ലേജ് ഓഫീസുകളിൽ അടിസ്ഥാന രേഖകൾ കാണാത്തതിലും ഭൂനിയമങ്ങൾ അട്ടിമറിക്കപ്പെട്ടതിലും നിയമസഭ കമ്മിറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
കേരള ഭൂപരിഷ്‌കരണനിയമം, കേരള ഭൂപതിവ് ചട്ട നിയമം , കേരള തണ്ണീർത്തട - നെൽവയൽ സംരക്ഷണ നിയമം ഉൾപ്പെടെയുള്ള സമ്പൂർണ്ണമായി ലംഘിച്ചിരിക്കുകയാണ്.
കമ്പനിക്കെതി മിച്ചഭൂമി കേസെടുക്കണമെന്ന് സ്റ്റേറ്റ് ലാൻഡ് ബോർഡ് ശുപാർശ ചെയ്ത സാഹചര്യത്തിൽ ജനുവരി 16 ന് കമ്പനിക്ക് മദ്യ കമ്പനി ആരംഭിക്കുന്നതിന് നൽകിയ പ്രാരംഭ അനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നൽകിയതായും അനിൽ അക്കര പറഞ്ഞു.